
കോഴിക്കോട്: നിപ സംശയം ഉയര്‍ന്ന സാഹചര്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒരുക്കിയ സജ്ജീകരണങ്ങള്‍ വിലയിരുത്തി മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളേജില്‍ 75 ബെഡുകളുള്ള ഐസലേഷന്‍ റൂമുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. കുട്ടികള്‍ക്ക് പ്രത്യേകമായും ഐസലേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഐ.സി.യു, വെന്റിലേറ്റര്‍ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ടെന്ന് വീണാ ജോര്‍ജ് പറഞ്ഞു.
രോഗം എന്താണെന്ന് അന്തിമ സ്ഥിരീകരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ ജാഗ്രതയോടെയുള്ള മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. രാവിലെ പത്തരയ്ക്ക് കളക്ട്രേറ്റില്‍ സമഗ്ര യോഗം ചേര്‍ന്നു. ചീഫ് സെക്രട്ടറി, പ്രിന്‍സിപ്പല്‍ സെക്രട്ടറി, ജില്ലാ കളക്ടര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 16 ടീമുകളെ നിശ്ചയിച്ചു. യോഗത്തിന് ശേഷം ഡോക്ടര്‍മാരുടെ പ്രത്യേക യോഗവും വിളിച്ചു ചേര്‍ത്തു. സമ്പര്‍ക്ക പട്ടികയും കേസ് സ്റ്റഡിയും വിശദമായി നടത്തുന്നതിന് നിര്‍ദേശം നല്‍കി. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കണ്‍ട്രോള്‍ റൂമും സജ്ജമാക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പിന് കീഴിലെ ദിശയിലെ 104, 1056, 0471 2552056, 2551056 ഈ നമ്പറുകളില്‍ വിളിക്കാമെന്നും വീണാ ജോര്‍ജ് അറിയിച്ചു.
മന്ത്രി മുഹമ്മദ് റിയാസും യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. റിസള്‍ട്ട് പോസറ്റീവ് ആയാലും നെഗറ്റീവ് ആയാലും എന്തൊക്കെ നടപടികള്‍ വേണമെന്ന് നിശ്ചയിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. നിപ ലക്ഷണങ്ങളോടെ ഒരു രോഗി മരിച്ച മരുതോങ്കരയില്‍ ആശങ്കക്ക് വകയില്ല. ഇവിടെ 90 വീടുകളില്‍ പരിശോധന നടത്തിയെന്നും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും റിയാസ് വിവരിച്ചു. ആയഞ്ചേരിയില്‍ വാര്‍ഡ് 13ലാണ് മറ്റൊരു രോഗി മരിച്ചത്. ഇവിടെയും നിലവില്‍ ആശങ്കക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മരുതോങ്കര, ആയഞ്ചേരി പഞ്ചായത്തുകളുടെ സമീപ പ്രദേശങ്ങളിലും പഞ്ചായത്തുകളിലും ആര്‍ക്കെങ്കിലും പനി ഉണ്ടായാല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. അമിത ആശങ്ക വേണ്ടെങ്കിലും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം.
രോഗികളെ സന്ദര്‍ശിക്കുന്നതില്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണം. നിലവില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടില്ല. എല്ലാവരും മാസ്‌ക് ധരിക്കുന്നതാണ് നല്ലത്. പനി മരണം സംഭവിച്ച സ്ഥലങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ പോകുന്ന സാഹചര്യം ഒഴിവാക്കണം. അവിടത്തെ ആളുകളുടെ പ്രതികരണം എടുക്കുന്നതും മാധ്യമങ്ങള്‍ ഒഴിവാക്കണമെന്നും മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.
'തന്നെ ബലിയാടാക്കാൻ എക്സൈസ് ശ്രമിക്കുന്നു'; വ്യാജ ലഹരി കേസിൽ മുൻകൂർ ജാമ്യ ഹർജിയുമായി യുവതി