ഷീല സണ്ണിയുടെ മരുമകളുടെ അനുജത്തിയാണ് ഹർജി നൽകിയത്. ലഹരിമരുന്ന് കേസിൽ തന്നെ പ്രതിയാക്കി അറസ്റ്റ് ചെയ്യാൻ നീക്കമുണ്ടെന്ന് കാട്ടിയാണ് യുവതി ഹർജി നൽകിയിരിക്കുന്നത്.
കൊച്ചി: ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടക്കിയ സംഭവത്തിൽ മുൻകൂർ ജാമ്യ ഹർജിയുമായി ബന്ധുവായ യുവതി ഹൈക്കോടതിയിൽ. ഷീല സണ്ണിയുടെ മരുമകളുടെ അനുജത്തിയാണ് ഹർജി നൽകിയത്. ലഹരിമരുന്ന് കേസിൽ തന്നെ പ്രതിയാക്കി അറസ്റ്റ് ചെയ്യാൻ നീക്കമുണ്ടെന്ന് കാട്ടിയാണ് യുവതി മുൻകൂർ ജാമ്യ ഹർജി നൽകിയിരിക്കുന്നത്.
അന്വേഷണ സംഘം രണ്ട് വട്ടം ചോദ്യം ചെയ്തെന്നും കേസിൽ പ്രതിയാക്കി ജയിലിലടക്കുമെന്ന് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്നും ഹർജിയിൽ ആരോപിക്കുന്നുണ്ട്. കേസിൽ പ്രതിയാക്കുമെന്ന് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തുന്നുവെന്നും ഹർജിയില്‍ യുവതി ആരോപിക്കുന്നു. എക്സൈസ് ക്രൈംബ്രാഞ്ച് അന്വേഷണം നിഷ്പക്ഷമല്ലെന്നും തന്നെ ബലിയാടാക്കാൻ എക്സൈസ് ശ്രമിക്കുന്നുവെന്നും യുവതി ആരോപിച്ചു. ഷീല സണ്ണിയ്ക്ക് തന്‍റെ കുടുംബത്തോട് വ്യക്തിവിരോധമുണ്ട്. ഷീല സണ്ണിയും മകനും തന്‍റെ രക്ഷിതാക്കളോട് കടബാധ്യത തീർക്കാൻ 10 ലക്ഷം ആവശ്യപ്പെട്ടിരുന്നു. സഹോദരിയുടെ പേരിൽ ഭൂമി നൽകാനും നിർബന്ധിച്ചു. ഇതിന് തടസ്സം നിന്നതിൽ തന്നോട് വിരോധമുണ്ടെന്നും തനിക്കെതിരെ വ്യാജ ആരോപണം ഉന്നയിക്കുന്നുവെന്നും യുവതി ആരോപിക്കുന്നു.
ഫെബ്രുവരി 27 നായിരുന്നു ഷീലാ സണ്ണിയുടെ ജീവിതത്തെ കീഴ്മേൽ മറിച്ച ആ സംഭവം നടന്നത്. ഷീലയുടെ ചാലക്കുടിയിലെ ബ്യൂട്ടി പാർലറിലേക്ക് എക്സൈസ് സംഘം ഇരച്ചെത്തുന്നതും എല്‍എസ്ഡി സ്റ്റാമ്പുകൾ കണ്ടെത്തി എന്നാരോപിച്ച് അറസ്റ്റ് ചെയ്യുന്നതും. എന്നാല്‍, കണ്ടെടുത്ത 12 എല്‍എസ്ഡി സ്റ്റാമ്പുകളുമായി തനിക്ക് യാതൊരു മനസറിവുമില്ലെന്ന് കരഞ്ഞ് പറഞ്ഞിട്ടും ഫലമുണ്ടായില്ല. പിന്നീട് കേസിൽ ഷീല സണ്ണി നിരപരാധിയാണെന്ന് കണ്ടെത്തി കേസ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെയാണ് 72 ദിവസത്തിന് ശേഷം ഷീല ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. അപ്പോഴേക്കും ബ്യൂട്ടി പാർലർ പൂട്ടേണ്ടി വന്നിരുന്നു.
