
തിരുവനന്തപുരം: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നിപ പരിശോധനാ സംവിധാനം ഇപ്പോഴും പാതിവഴിയിൽ. കോഴിക്കോട് മൈക്രോബയോളജി ലാബിലും തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിലും പ്രഖ്യാപിച്ച ലാബുകളിൽ പരിശോധനയ്ക്ക് ഇനിയും കാത്തിരിക്കണം. അത്യാധുനിക ബിഎസ്എൽ3 ലാബ് സംവിധാനമാണ് അപകടകാരിയായ നിപയെ പരിശോധിച്ച് തിരിച്ചറിയാൻ വേണ്ടത്. ലാബ് ഉടനെ സജ്ജമാക്കുമെന്ന് പലതവണ പ്രഖ്യാപിച്ചതാണ്. പക്ഷെ കോഴിക്കോട്ടെ പുതിയ നിപ കേസും സ്ഥിരീകരിച്ചത് പൂനെയിൽ നിന്ന്.
കോഴിക്കോട് മൈക്രോബയോളജി ലാബിൽ ഈ ലാബ് സജ്ജമാക്കുന്നത് കൊവിഡ് കാരണം വൈകിയെന്നാണ് വിശദീകരണം. കരാറെടുത്ത ദില്ലി കേന്ദ്രീകരിച്ചുള്ള വിദഗ്ദർ പണി തുടങ്ങിയതേ ഉള്ളു. കുറഞ്ഞത് ഒരു വർഷമെങ്കിലും ഇനിയുമെടുക്കും. പിസിആർ, ട്രൂനാറ്റ് പരിശോധനകൾക്ക് സംവിധാനമുണ്ടെങ്കിലും വൈറസ് കൾച്ചർ ചെയ്യാൻ സംവിധാനമില്ല. തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിൽ ആദ്യഘട്ട ഉദ്ഘാടനം കഴിഞ്ഞതേയുള്ളു. ബിഎസ്എൽ 3 ലാബില്ല. നിപ നിയന്ത്രണ വിധേയമായതോടെ ലാബ് സജ്ജമാക്കുന്നതിൽ മുമ്പുണ്ടായിരുന്ന താല്‍പ്പര്യം ആരോഗ്യവകുപ്പിന് കുറഞ്ഞു.
ആലപ്പുഴ എൻഐവി ലാബിനെ മാത്രമായി നിപ പരിശോധനാ ഫലങ്ങൾക്ക് ആശ്രയിക്കാനുമാകില്ല. പൂനൈ എൻഐവിയില്‍ അയച്ച് സ്ഥിരീകരിച്ച ശേഷമാണ് സംസ്ഥാനം കേസുകൾ സ്ഥിരീകരിക്കുന്നത്. അതേസമയം നിലവിലെ അടിയന്തര സാഹചര്യത്തിൽ നിപ സ്രവ പരിശോധന പിസിആർ, ട്രൂനാറ്റ് എന്നിവ കോഴിക്കോട്ടെ മൈക്രോബയോളജി ലാബിൽ ചെയ്യാനാകുമെന്ന് അധികൃതർ പറയുന്നു. എന്നാൽ ഇതിന് കേന്ദ്ര അനുമതി വേണം. അപകടകാരിയായ വൈറസെന്നതിനാൽ അനുമതികൾക്ക് കർശന മാനദണ്ഡമാണുള്ളത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam