
തിരുവനന്തപുരം: യുഡിഎഫിന്റെ അന്ത്യശാസനം തള്ളി ജോസ് വിഭാഗത്തിലെ രണ്ട് എംഎൽമാർ നിയമസഭാ നടപടികളിൽ നിന്ന് വിട്ടുനിന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജോസ് വിഭാഗം കാണിച്ചത് ജനാധിപത്യവിരുദ്ധ നടപടിയാണെന്നും അത് ജനങ്ങൾ വിലയിരുത്തുമെന്നും ചെന്നിത്തല വിമര്‍ശിച്ചു. വിപ്പ് ലംഘിച്ച ജോസ് വിഭാഗത്തിന്റെത് പാർട്ടി വിരുദ്ധ നടപടി എന്ന് ജോസഫ് വിഭാഗവും ആരോപിച്ചു. ഇരുവരും നടത്തിയത് അച്ചടക്കലംഘനമാണെന്നും നടപടി സ്വീകരിക്കണമെന്നും ജോസഫ് വിഭാഗം ആവശ്യപ്പെട്ടു. ഇരു എംഎൽഎമാരും യുഡിഎഫിനോട് കാണിച്ചത് വലിയ വഞ്ചനയാണെന്നും ജോസഫ് വിഭാഗം വിമര്‍ശിച്ചു.
അവിശ്യാസപ്രമേയത്തിൽ പങ്കെടുത്തില്ലെങ്കിൽ കടുത്ത നടപടിയെന്ന് നേരത്ത പ്രഖ്യാപിച്ചിരിന്ന യുഡിഎഫ് നേതൃത്വം ഇന്ന് രാവിലെ അൽപ്പം അയഞ്ഞെങ്കിലും ജോസ് വിഭാഗം വിട്ടുവീഴ്ചക്ക് തയ്യാറായില്ല. നിയമസഭാ സമ്മേളനത്തിന് തിരുവനന്തപുരത്ത് എത്തിയ റോഷി അഗസ്റ്റിനും എൻ ജയരാജും നിയസഭയിലേക്ക് പോകാതെ എംഎൽഎ ഹോസ്റ്റലിൽ തുടരുകയായിരുന്നു. അവിശ്വാസപ്രമേയത്തിലും രാജ്യസഭാതെരഞ്ഞെടുപ്പിലും പങ്കെടുത്തില്ല. പങ്കെടുക്കരുതെന്ന പാർട്ടി വിപ്പ് അംഗീകരിച്ചാണ് നിയമസഭയിലേക്ക് പോകാത്തതെന്നാണ് ഇരു എംഎൽഎമാരുടെയും വിശദീകരണം. എന്നാൽ വിപ്പ് ലംഘിച്ചതോടെ തുടർനടപടി ആലോചിക്കുകയാണ് യുഡിഎഫ്.
Also Read: കേരളത്തിൽ കൊള്ള സംഘത്തിന്‍റെ ഭരണം: ജനങ്ങൾക്ക് മുന്നിൽ അവിശ്വാസം ജയിച്ചെന്ന് ചെന്നിത്തല
യുഡിഎഫ് വിപ്പ് ലംഘിച്ചതിനാൽ കടുത്ത നടപടി വേണമെന്നാണ് പി ജെ ജോസഫിന്റെ ആവശ്യം. എന്നാൽ, തിരക്കിട്ട് നടപടി വേണ്ടെന്നാണ് യുഡിഎഫിലെ ഒരു വിഭാഗത്തിന്റെ വാദം. ഇതിനിടെ ജോസ് വിഭാഗത്തിന്റെ നീക്കങ്ങൾ ഇടതുമുന്നണി സസൂക്ഷമം നിരീക്ഷിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam