കൊല്ലം യുഡിഎഫ് നേടും; സംസ്ഥാനമൊട്ടാകെ അനുകൂല വികാരം: എൻ കെ പ്രേമചന്ദ്രൻ

By Web TeamFirst Published Dec 8, 2020, 8:01 AM IST
Highlights

രാഷ്ട്രീയ കാര്യങ്ങൾ തെരഞ്ഞെടുപ്പിൽ നന്നായി പ്രതിഫലിച്ചിട്ടുണ്ട്, കേരളത്തിലധികാരത്തിലിരിക്കുന്ന സർക്കാരുമായി ബന്ധപ്പെട്ട ആരോപണങ്ങളും ആക്ഷേപങ്ങളും തെരഞ്ഞെടുപ്പിൽ ചർച്ചാ വിഷയമായിട്ടുണ്ടെന്നും പ്രേമചന്ദ്രൻ പറഞ്ഞു.

കൊല്ലം: കൊല്ലത്ത് യുഡിഎഫ് വൻ വിജയം നേടുമെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി. വികസനവും അഴിമതിയും ചർച്ചയാകുന്ന തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്നും എൻ കെ പ്രേമചന്ദ്രൻ അഭിപ്രായപ്പെട്ടു. കൊല്ലം കോർപ്പറേഷനിലും ജില്ലയിലാകെയും യുഡിഎഫ് വൻ മുന്നേറ്റമുണ്ടാക്കുമെന്നാണ് യുഡിഎഫ് എംപിയുടെ പ്രതീക്ഷ. 

കൊല്ലം ജില്ലയിൽ ഐക്യ ജനാധിപത്യ മുന്നണി ഇത് വരെ ഉണ്ടാക്കിയതിനേക്കാൾ മികച്ച മുന്നേറ്റം നടത്തുമെന്നാണ് പ്രേമചന്ദ്രൻ്റെ അവകാശവാദം. മുൻകാല അനുഭവങ്ങളും ചരിത്രവും പരിശോധിച്ചാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ യുഡിഎഫിന്റെ പ്രകടനം ആശാവഹമായിരുന്നില്ല. എന്നാൽ ഈ വർഷം വിസ്മയകരമായ മുന്നേറ്റം കൊല്ലത്ത് നടത്തും. സംസ്ഥാനത്തൊട്ടാകെ പ്രതിഫലിക്കുന്നതും ഈ വികാരമാണെന്ന് പ്രേമചന്ദ്രൻ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

രാഷ്ട്രീയ കാര്യങ്ങൾ തെരഞ്ഞെടുപ്പിൽ നന്നായി പ്രതിഫലിച്ചിട്ടുണ്ട്, കേരളത്തിലധികാരത്തിലിരിക്കുന്ന സർക്കാരുമായി ബന്ധപ്പെട്ട ആരോപണങ്ങളും ആക്ഷേപങ്ങളും തെരഞ്ഞെടുപ്പിൽ ചർച്ചാ വിഷയമായിട്ടുണ്ടെന്നും പ്രേമചന്ദ്രൻ പറഞ്ഞു. സംസ്ഥാന ചരിത്രത്തിൽ മറ്റൊരു സർക്കാരും നേരിടാത്ത തരത്തിലുള്ള ആരോപണങ്ങളാണ് എൽഡിഎഫ് നേരിടേണ്ടി വന്നതെന്നും ഇത് സ്വാധീനഘടകമായിട്ടുണ്ടെന്നും പ്രേമചന്ദ്രൻ പറയുന്നു. 

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളും സജീവമായി ചർച്ച ചെയ്യപ്പെട്ട തെരഞ്ഞെടുപ്പാണിതെന്ന് യുഡിഎഫ് എംപി പറഞ്ഞു. 

click me!