സിപിഐ നേതാക്കള്‍ക്കെതിരായ ലാത്തിച്ചാർജ്; പൊലീസുകാര്‍ക്കെതിരെ നടപടി വേണ്ടെന്ന് ഡിജിപി

By Web TeamFirst Published Aug 17, 2019, 10:18 AM IST
Highlights

കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പൊലീസുകാരുടെ പിഴവുകള്‍ എടുത്തുപറയാത്തതിനാല്‍ നടപടിയെടുക്കാന്‍ ആവില്ലെന്ന് ആഭ്യന്തരസെക്രട്ടറിയെ ഡിജിപി അറിയിച്ചു. 
 

കൊച്ചി: സിപിഐയുടെ എറണാകുളം ഐജി ഓഫീസ് മാര്‍ച്ചില്‍ എല്‍ദോ എബ്രഹാം എംഎല്‍എയ്ക്കും പാര്‍ട്ടി നേതാക്കള്‍ക്കും എതിരെ  ലാത്തിചാര്‍ജ് നടത്തിയ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാനാവില്ലെന്ന് ഡിജിപി. കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പൊലീസുകാരുടെ പിഴവുകള്‍ എടുത്തുപറയാത്തതിനാല്‍ നടപടിയെടുക്കാന്‍ ആവില്ലെന്ന് ആഭ്യന്തരസെക്രട്ടറിയെ ഡിജിപി അറിയിച്ചു. 

ഞാറയ്ക്കൽ സർക്കിൾ ഇൻസ്പെക്ടറെ സസ്പെന്‍റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഐജി ഓഫീസിലേക്ക് സിപിഐ നടത്തിയ മാര്‍ച്ചിന് നേരെയാണ് ലാത്തിചാര്‍ജ് ഉണ്ടായത്. പി രാജു, എല്‍ദോ എബ്രഹാം എംഎല്‍എ തുടങ്ങിയവര്‍ക്ക് നേരെ ലാത്തിയടിയേറ്റിരുന്നു. എംഎല്‍എയെയും പാര്‍ട്ടി നേതാക്കളെയും തല്ലിയ പൊലീസുകാര്‍ക്കെതിരെ നടപടിവേണമെന്നായിരുന്നു മന്ത്രിസഭായോഗത്തില്‍ സിപിഐ മന്ത്രിമാരുടെ ആവശ്യം.

ഇതേതുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം എറണാകുളം ജില്ലാ കളക്ടര്‍ അന്വേഷണം നടത്തി. പതിനെട്ട് സെക്കന്‍റ് മാത്രമാണ് പൊലീസ് നടപടിയുണ്ടായതെന്നാണ് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. കാര്യമായ ബലപ്രയോഗം ഉണ്ടായതായി  റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല. ഈ റിപ്പോര്‍ട്ട് പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയിരുന്നു. 

ഡിജിപിയോടും സര്‍ക്കാര്‍ റിപ്പോര്‍ട്ടിന്മേലുള്ള അഭിപ്രായം ചോദിച്ചിരുന്നു. ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടില്‍ പൊലീസുകാര്‍ക്കെതിരെ വലിയ പിഴവുകളൊന്നും എടുത്തുപറയുന്നില്ലെന്നാണ് ഡിജിപിയുടെ മറുപടി. കൊച്ചി അസിസ്റ്റന്‍റ് കമ്മീഷണര്‍ ലാല്‍ ജി, എസ്ഐ വിപിന്‍ ദാസ് എന്നിവര്‍ക്കെതിരെയാണ് പാര്‍ട്ടി നടപടി ആവശ്യപ്പെട്ടിരുന്നത്.

click me!