
തിരുവനന്തപുരം: നടക്കുന്നത് തെറ്റായ പ്രചരണമെന്നും ഇത് മാധ്യമ ധാർമികതയ്ക്ക് നിരക്കുന്നതല്ലെന്നും എം സ്വരാജ്. ഏത് വാർത്ത നൽകണമെന്ന് പത്രത്തിന് തീരുമാനിക്കാമെന്നും അത് തീരുമാനിക്കാൻ ദേശാഭിമാനിക്ക് സംവിധാനമുണ്ടെന്നും സ്വരാജ് പറഞ്ഞു. നാടക കലാകാരനെ കുറിച്ചുള്ള ലേഖനം മുന്നിലേയുണ്ടായിരുന്നില്ല. വാരാന്തപ്പതിപ്പ് എഡിറ്റർക്കെതിരെ നടപടിയെടുത്തിട്ടില്ലെന്നും എം സ്വരാജ് വ്യക്തമാക്കി. വാരാന്തപ്പതിപ്പ് നൽകാത്തത് സാങ്കേതിക കാരണങ്ങളാലാണ് എന്നാണ് സ്വരാജിന്റെ വിശദീകരണം.
അച്ചടിച്ച പത്രം വിതരണം ചെയ്തില്ല എന്ന് പ്രചരിപ്പിച്ചു. ഒറ്റ മണിക്കൂറിൽ തന്നെ എത്ര വാർത്തകളാണ് മാറി മാറി വന്നത്? അച്ചടിച്ചത് വിതരണം ചെയ്തില്ല എന്ന് പിന്നീട് സൂചിപ്പിച്ചു. എല്ലാ വാർത്തകളും തെറ്റാണെന്നും സ്വരാജ് പറഞ്ഞു. എല്ലാ വാർത്തകളും തെറ്റാണ്. വി.എസ് അനുസ്മരണം ഒഴിവാക്കി എന്നത് തെറ്റാണ്. ലേഖനം അച്ചടിക്കാൻ തീരുമാനിച്ചു എന്നതും തെറ്റ്. സാങ്കേതിക കാരണങ്ങളാലാണ് പത്രം അച്ചടിക്കാൻ വൈകിയത്.
ദേശാഭിമാനിയിൽ ഇങ്ങനെ ഒരു ലേഖനം ഇല്ലെന്നാണ് സ്വരാജ് വ്യക്തമാക്കുന്നത്. വാരാന്തപ്പതിപ്പിലേക്ക് നൂറുകണക്കിന് സൃഷ്ടികൾ വരും. ചിലത് പ്രസിദ്ധീകരിക്കും, ചിലത് മാറ്റിവയ്ക്കും. അത് മാധ്യമങ്ങളോട് വിശദീകരിക്കേണ്ട കാര്യമില്ല. ഓരോ മാധ്യമങ്ങളുടെയും ഡെസ്കിൽ നടക്കുന്ന കാര്യങ്ങൾ ഇങ്ങനെ ഉണ്ടായിട്ടില്ലേ? ദേശാഭിമാനിയിൽ എന്തു കൊടുക്കണം എന്ത് കൊടുക്കേണ്ട എന്ന് നിങ്ങളല്ല തീരുമാനിക്കുന്നത്. കെ.ആർ അജയനെതിരെ നടപടിയെടുത്തുവെന്ന് നിങ്ങളോട് ആരാണ് പറഞ്ഞതെന്നും സ്വരാജ് ചോദിച്ചു.
അങ്ങനെയൊരു നടപടി സ്വീകരിച്ചിട്ടില്ല. ഇനി അഥവാ സ്വീകരിച്ചാൽ മറ്റ് സ്ഥാപനങ്ങൾക്ക് എന്താണ് കാര്യം? നിങ്ങളുടെ ചാനലിൽ നിന്ന് നാടകീയമായ കാര്യങ്ങൾ ഉണ്ടായിട്ടില്ലേ? സ്ഥാപനത്തിൻ്റെ അച്ചടക്കം സംബന്ധിച്ച് നടപടിയെടുക്കേണ്ട സാഹചര്യമുണ്ടായാൽ അതുണ്ടാകും. ഇല്ലെങ്കിൽ അതുണ്ടാവുകയുമില്ല. നിങ്ങൾക്കും ദേശാഭിമാനിലേക്ക് അയക്കാം. പക്ഷെ അത് പ്രസിദ്ദീകരിക്കേണ്ടതാണ് എന്ന് ദേശാഭിമാനി തീരുമാനിക്കും. ദേശാഭിമാനിയുടെ വാരാന്തപതിപ്പിന്റെ ഇപ്പോഴത്തെ ചുമതല ആർക്കാണ് എന്ന് ചോദ്യത്തിന് അത് ദേശാഭിമാനിയുടെ ആഭ്യന്തര കാര്യമെന്നും സ്വരാജ് മറുപടി നൽകി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam