ആറന്മുളയിൽ വെള്ളം കയറിയപ്പോ ആറന്മുളക്കാരെ രക്ഷിക്കാൻ ആറന്മുളയിലെ ചെറുപ്പക്കാർ വണ്ടിയുമായി വന്നിട്ടുണ്ടെങ്കിൽ അവരെ സംരക്ഷിക്കാൻ ആറന്മുളയുടെ ജനപ്രതിനിധിയായ ഞാൻ ഉണ്ടാകും. അതിനി സാമൂഹ്യ മാധ്യമങ്ങളിൽ ഏതവൻ വിമർശിച്ചാലുമെന്ന് അബിൻ വർക്കി വ്യക്തമാക്കി.

പത്തനംതിട്ട: അടൂരില്‍ പ്രളയരക്ഷാപ്രവര്‍ത്തനത്തിന് പോയ ഓഫ് റോഡ് വാഹനത്തിന് മോഡിഫിക്കേഷന്റെ പേരില്‍ എംവിഡി പിഴയിട്ടതുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിലപാട് വ്യക്തമാക്കി ആറന്മുള എംഎല്‍എ അബിന്‍ വര്‍ക്കി. നേരത്തെ ജീപ്പിന് പിഴയിട്ടതിനെതിരെ എംഎല്‍എ രംഗത്തുവരികയും, പിന്നാലെ വാഹനത്തിന് പിഴയിട്ട എംവിഡി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുമെടുത്തിരുന്നു. എന്നാല്‍, ഹൈക്കോടതി വാഹനത്തിന് കൂടുതല്‍ പിഴയിടാന്‍ ഉത്തരവിട്ടതോടെ അബിന്‍ വര്‍ക്കിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ആറന്മുളയിൽ വെള്ളം കയറിയപ്പോ ആറന്മുളക്കാരെ രക്ഷിക്കാൻ ആറന്മുളയിലെ ചെറുപ്പക്കാർ വണ്ടിയുമായി വന്നിട്ടുണ്ടെങ്കിൽ അവരെ സംരക്ഷിക്കാൻ ആറന്മുളയുടെ ജനപ്രതിനിധിയായ ഞാൻ ഉണ്ടാകും. അതിനി സാമൂഹ്യ മാധ്യമങ്ങളിൽ ഏതവൻ വിമർശിച്ചാലുമെന്ന് അബിൻ വർക്കി വ്യക്തമാക്കി.

ആറന്മുള കഴുത്തറ്റം വെള്ളത്തില്‍ മുങ്ങി സാധാരണക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ കുടുങ്ങി കിടന്നപ്പോള്‍ ജനങ്ങളെ രക്ഷിക്കാന്‍ സ്വയം സന്നദ്ധരായി ഇറങ്ങിയവരാണ് വാഹന ഉടമയായ അമലും ഭാര്യ ആര്‍ദ്രയും എന്ന് എംഎല്‍എ പറഞ്ഞു. അവരുടെ കയ്യില്‍ ഉണ്ടായിരുന്ന ജീപ്പില്‍ ഒട്ടേറെ ആളുകളെ ആറന്മുള ക്ഷേത്ര പരിസരത്തു നിന്ന് രക്ഷിച്ചു. ജില്ലയില്‍ വെള്ളം കയറാത്ത, ജനങ്ങള്‍ക്ക് എത്തി ചേരാന്‍ പറ്റുന്ന ഒരേയൊരു ടൗണ്‍ അടൂര്‍ ആയിരുന്നു. അമലും ആര്‍ദ്രയും അവിടെ സാധനങ്ങള്‍ മേടിക്കാന്‍ വേണ്ടി പോയപ്പോള്‍ എംവിഡി അയാളുടെ വണ്ടി ചെക്ക് ചെയ്യുന്നു. പ്രളയ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ ആറന്‍മുളക്കാരന്‍ ആയ ഒരാള്‍ക്ക് പ്രശ്‌നമുണ്ടായാല്‍ അത് നോക്കേണ്ടത് ആറന്മുളയുടെ ജനപ്രതിനിധിയുടെ കടമയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നുവെന്നും അബിൻ വർക്കി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം

ഓഫ്‌ റോഡ് വാഹനത്തിന് ഹൈക്കോടതി കൂടുതൽ പിഴ ചുമത്തിയതുമായി ബന്ധപ്പെട്ട് രണ്ട് ദിവസമായി എന്നെയും ആ വാഹന ഉടമയെയും വിമർശിച്ചു കൊണ്ടുള്ള പോസ്റ്റുകൾ കണ്ടു. ജൂലൈ 31 രാത്രിയാണ് പത്തനംതിട്ടയെ പ്രളയം മുക്കുന്നത്. ഞാൻ രാവിലെ ആറന്മുള ക്ഷേത്രത്തിന് അടുത്ത് എന്റെ വണ്ടിയിൽ ചെന്ന് നടന്നു പോയതാണ്. പക്ഷെ ഏതാനും മണിക്കൂർ കഴിഞ്ഞപ്പോൾ അവിടെയാകെ വെള്ളം പൊങ്ങി ഒഴുക്ക് കാരണം സാധാരണക്കാർ ഉൾപെടെയുള്ളവർ കുടുങ്ങി കിടക്കുകയായിരുന്നു. ഈ അവസരത്തിൽ ജനങ്ങളെ രക്ഷിക്കാൻ സ്വയം സന്നദ്ധരായി ഇറങ്ങിയ ആറന്മുള സ്വദേശികളായ കപ്പിൾസ് ആണ് അമലും ഭാര്യ ആർദ്രയും. അവരുടെ കയ്യിൽ ഉണ്ടായിരുന്ന ജീപ്പിൽ ഒട്ടേറെ ആളുകളെ ആറന്മുള ക്ഷേത്ര പരിസരത്തു നിന്ന് രക്ഷിച്ചു. തുടർന്നുള്ള 3 ദിവസവും ഈ പ്രവർത്തി അവർ തുടർന്നു.

പത്തനംതിട്ട ജില്ലയിലെ തിരുവല്ല, ആറന്മുള, റാന്നി എന്നിവിടങ്ങളിൽ ആകെ വെള്ളം കയറി കിടക്കുന്ന ദൃശ്യം ലോകം മുഴുവൻ കണ്ടതാണ്. ജില്ലയിൽ വെള്ളം കയറാത്ത, ജനങ്ങൾക്ക് എത്തി ചേരാൻ പറ്റുന്ന ഒരേയൊരു ടൗൺ അടൂർ ആയിരുന്നു. അമലും ആർദ്രയും അവിടെ സാധനങ്ങൾ മേടിക്കാൻ വേണ്ടി പോയപ്പോൾ എം.വി.ഡി അയാളുടെ വണ്ടി ചെക്ക് ചെയ്യുന്നു. അമൽ പറയുന്നു താൻ പ്രളയ രക്ഷാപ്രവർത്തനത്തിന് ഇടയിൽ സാധനങ്ങൾ മേടിക്കാൻ അടൂരിൽ വന്നതാണ് എന്ന്. " നിന്നോട് ആരെങ്കിലും നിർബന്ധിച്ചോ രക്ഷാപ്രവർത്തനത്തിന് പോകാൻ " ഇതായിരുന്നു എം.വി.ഡിയുടെ മറുപടി . പ്രളയ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ ആറൻമുളക്കാരൻ ആയ ഒരാൾക്ക് പ്രശ്നമുണ്ടായാൽ അത് നോക്കേണ്ടത് ആറന്മുളയുടെ ജനപ്രതിനിധിയുടെ കടമയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.

1. ആ വാഹനത്തിന് ചുമത്തിയ പിഴ തുകയായ 5250 രൂപ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി അടച്ചു.

2. വണ്ടിയിൽ ഉണ്ടായിരുന്ന എക്സ്ട്രാ ലൈറ്റുകൾ നീക്കം ചെയ്ത് അതിന്റെ വീഡിയോ എടുത്ത് എം.വി.ഡിക്ക് അയച്ചു കൊടുത്തു.

3. ഞാൻ ബഹു. ഗതാഗത വകുപ്പ് മന്ത്രി ശ്രീ സി പി ജോണുമായി സംസാരിച്ചു. അനൗചിത്യപരമായി പെരുമാറിയ ഉദ്യോഗസ്ഥർക്ക് എതിരെ നടപടികൾ ഉണ്ടായി. പക്ഷെ ഒരു മാസത്തിനു ശേഷം, ബഹു. ഹൈക്കോടതി 2024ൽ പരിഗണിക്കുന്ന മോഡിഫിക്കേഷൻ ആയി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞ സിറ്റിങ്ങിൽ ഇത് ഉൾപ്പെടെ അഞ്ചു വാഹനങ്ങളുടെ കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുന്നു. ഈ വാഹനത്തിന് ഇട്ട പിഴ തുക പോരാ എന്ന് ഓർഡർ എഴുതുന്നു. നിലവിൽ പിഴ ഒടുക്കി കേസ് അവസാനിപ്പിച്ച ഈ വാഹനത്തിന് കൂടുതൽ തുക അടയ്ക്കണം എന്ന് വിധി പ്രസ്താവം ചെയ്യുന്നു.

ബഹു.ഹൈക്കോടതി വിധിയെ ഞാൻ പൂർണ്ണമായി ബഹുമാനിക്കുന്നു. ഞാൻ ഉൾപ്പെടെയുള്ള ആളുകൾ നീതിക്കുവേണ്ടി അഭ്യർത്ഥിക്കുന്ന ഉയർന്ന നീതിപീഠത്തിൽ നിന്ന് എന്ത് വിധി പ്രസ്താവമുണ്ടായാലും അത് ബഹുമാനിക്കപ്പെടണം എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. പക്ഷെ ഒരു ജനപ്രതിനിധി എന്ന നിലയിൽ ഇത് കൂടി ഞാൻ കൂട്ടി ചേർക്കുന്നു, ഓഗസ്റ്റ് 1 ന് ഹൈക്കോടതി അഭിഭാഷകർ നടത്തിയ വള്ളസദ്യ കഴിഞ്ഞു തിരികെ പോകാൻ കഴുത്തറ്റം വെള്ളത്തിൽ നിന്ന ബഹുമാനപ്പെട്ട ഹൈക്കോടതിയിലെ ഉയർന്ന വ്യക്തിത്വങ്ങളുടെ കുടുംബങ്ങളെ ഉൾപെടയുള്ളവരെ ഇത് പോലെയുള്ള ഓഫ്‌ റോഡ് വണ്ടിയിൽ കയറ്റി വിടാൻ നേരത്ത് എന്റെ മുന്നിൽ ഉണ്ടായിരുന്നത് ലൈറ്റിന്റെ എണ്ണമോ നിയമത്തിന്റെ നൂലാമാലകളോ ആയിരുന്നില്ല മറിച്ച് പ്രളയം കണ്ട് ഭയന്ന് നിന്നവരും അവരെ രക്ഷിക്കാൻ തയ്യാറായി നിൽക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരും മാത്രം ആയിരുന്നു.

ഞാൻ അത് കൊണ്ട് അന്നും പറഞ്ഞു.. ഇന്നും പറയുന്നു.. എപ്പോഴും പറയും.. വെള്ളം കഴുത്തറ്റം മുങ്ങി ഒരു ജില്ലയുടെ ഭൂരിഭാഗം സ്ഥലവും പ്രളയത്തിൽ നിൽക്കുമ്പോ ആകെ വെള്ളം കയറാത്ത അടൂർ ടൗണിൽ ആ ദിവസം ചെക്കിങ് നടത്തുന്നത് അനൗചിത്യമാണ്, അനാവശ്യമാണ്. ആ നിലപാടിൽ ഞാൻ ഇപ്പോഴും ഉറച്ചു നിൽക്കുന്നു. അതും മാത്രം അല്ല. ആറന്മുളയിൽ വെള്ളം കയറിയപ്പോ ആറന്മുളക്കാരെ രക്ഷിക്കാൻ ആറന്മുളയിലെ ചെറുപ്പക്കാർ വണ്ടിയുമായി വന്നിട്ടുണ്ടെങ്കിൽ അവരെ സംരക്ഷിക്കാൻ ആറന്മുളയുടെ ജനപ്രതിനിധിയായ ഞാൻ ഉണ്ടാകും. അതിനി സാമൂഹ്യ മാധ്യമങ്ങളിൽ ഏതവൻ വിമർശിച്ചാലും. ഞാൻ നിരുപാധികം അമലിനും ആർദ്രയ്ക്കും ഒപ്പമാണ്.