ടാക്സി ഡ്രൈവറായ യുവാവിനെ കസ്റ്റഡിയിൽ ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിൽ കാലടി എസ്ഐ ഉൾപ്പെടെ നാല് പോലീസുകാർക്ക് സസ്പെൻഷൻ. ജില്ലാ പോലീസ് മേധാവിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് റേഞ്ച് ഡിഐജിയുടെ നടപടി

കൊച്ചി: കാലടി പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്ത ടാക്സി ഡ്രൈവറായ യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ എസ് ഐ ഉൾപ്പെടെ നാല് പോലീസുകാർക്ക് സസ്പെൻഷൻ. എസ് ഐ അജ്മൽ, പൊലീസുകാരായ ധനേഷ്, രജിത്, നിസാർ എന്നിവർക്കെതിരെയാണ് റേഞ്ച് ഡി ഐ ജി നടപടിയെടുത്തത്. ശ്രീമൂലനഗരത്ത് താമസിക്കുന്ന ടാക്സി ഡ്രൈവർ സുജിത് ജയന്റെ പരാതിയിലാണ് പോലീസുകാർക്കെതിരെ നടപടി. ജില്ലാ പോലീസ് മേധാവിയുടെ (എസ് പി) അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡി ഐ ജിയുടെ ഉത്തരവ്. അടിപിടിക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനെന്ന പേരിൽ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി മർദ്ദിച്ചെന്നാണ് സുജിതിന്റെ പരാതി. ക്യാമറയില്ലാത്ത മുറിയിൽ കൊണ്ടുപോയി ജനനേന്ദ്രിയത്തിൽ ഇടിക്കുകയും അസഭ്യം പറയുകയും ചെയ്തതായി സുജിത്തിന്‍റെ പരാതിയിലുണ്ട്. സംഭവം വിവാദമായതോടെ അന്വേഷണം നടത്തുകയും പോലീസുകാരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് കണ്ടെത്തുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് എസ് ഐ അടക്കമുള്ളവർക്കതിരെ നടപടിയുണ്ടായിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

YouTube video player