ദത്ത് വിവാദത്തിൽ കുറ്റക്കാർക്കെതിരെ നടപടിയില്ല! കുഞ്ഞിനെ അനുപമക്ക് തിരിച്ച് കൊടുത്ത് കൈകഴുകി സർക്കാർ

By Web TeamFirst Published Jul 16, 2022, 8:04 AM IST
Highlights

ശിശുക്ഷേമ സമിതിക്കും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയ്ക്കും ഗുരുതര വീഴ്ച പറ്റിയെന്ന് വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ റിപ്പോര്‍ട്ട് നല്‍കി ഏഴ്  മാസം കഴിഞ്ഞിട്ടും ഒന്നുമായില്ല. വീഴ്ച മറക്കാന്‍ കുഞ്ഞിനെ തിരിച്ച് കൊടുത്ത് കൈകഴുകിയ സര്‍ക്കാര്‍, കുറ്റക്കാരെ സംരക്ഷിക്കുകയാണിപ്പോഴും. 

തിരുവനന്തപുരം : അനുപമ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ഇനിയും ചെറുവിരലനക്കാതെ സര്‍ക്കാര്‍. ശിശുക്ഷേമ സമിതിക്കും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയ്ക്കും ഗുരുതര വീഴ്ച പറ്റിയെന്ന് വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ റിപ്പോര്‍ട്ട് നല്‍കി ഏഴ്  മാസം കഴിഞ്ഞിട്ടും ഒന്നുമായില്ല. വീഴ്ച മറക്കാന്‍ കുഞ്ഞിനെ തിരിച്ച് കൊടുത്ത് കൈകഴുകിയ സര്‍ക്കാര്‍, കുറ്റക്കാരെ സംരക്ഷിക്കുകയാണിപ്പോഴും. 

കുഞ്ഞിനെ അനുപമയില്‍ നിന്ന് മാറ്റി ചട്ടങ്ങളെല്ലാം ലംഘിച്ച് താല്‍ക്കാലിക ദത്ത് നല്‍കിയ വാര്‍ത്ത ഏഷ്യാനെറ്റ്ന്യൂസ് പുറത്തുകൊണ്ടുവന്നതോടെയാണ് ജനമനസുകളിലേക്കും അധികാരികളുടെ ശ്രദ്ധയിലേക്കുമെത്തിയത്. വിവാദം ദിവസങ്ങൾക്കുള്ളിൽ ആളിക്കത്തി. അനുപമ സെക്രട്ടറിയേറ്റിന് മുന്നിലേക്ക് സമരവുമായി എത്തിയതോടെ കുഞ്ഞിനെ അമ്മയ്ക്ക് കൊടുക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. അതിനിടയില്‍ തന്നെ വനിതാ ശിശുവികസന വകുപ്പിന്‍റെ അന്നത്തെ ഡയറക്ടര്‍ ടിവി അനുപമയെ സര്‍ക്കാര്‍ അന്വേഷിക്കാന്‍ ചുമതലപ്പെടുത്തി. അന്വേഷണം നടന്നു. സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ചയുണ്ടായെന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തൽ. റിപ്പോർട്ട് പരിശോധിക്കുമെന്നായിരുന്നു മന്ത്രി വീണാ ജോർജിന്റെ മറുപടി. റിപ്പോര്‍ട്ട് കിട്ടി മാസം ഏഴുകഴിഞ്ഞും പരിശോധിച്ചും പഠിച്ചും തീര്‍ന്നില്ലേയെന്നാണ് ചോദ്യം.  ആ അന്വേഷണ റിപ്പോര്‍ട്ടിനെക്കുറിച്ചോ സംഭവിച്ച വീഴ്ചയെക്കുറിച്ചോ നടപടിയെക്കുറിച്ചോ മന്ത്രി വീണോ ജോര്‍ജിന് ഒന്നും പറയാനില്ല. കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും ഒന്നും സംഭവിച്ചില്ല. 

ശിശുക്ഷേമ സമിതിക്കും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്കും പോലീസിനും ഗുരുതര വീഴ്ച പറ്റിയെന്ന് വ്യക്തമായതിനാലാണ് ദത്ത് കൊടുത്ത കുഞ്ഞിനെ അമ്മയ്ക്ക് തിരിച്ച് നൽകേണ്ടി വന്നത്. അന്വേഷണ റിപ്പോര്‍ട്ട് കിട്ടി ഏഴുമാസത്തിനിപ്പുറം വനിതാ ശിശുവികസന വകുപ്പ് കുറ്റക്കാർക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് ഏഷ്യാനെറ്റ് ന്യൂസ് വിവരാവകാശ അപേക്ഷ പ്രകാരം അന്വേഷിച്ചു. അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ വര്‍ഷം നവംബര്‍ 23 ന് ലഭിച്ചെന്നും നടപടി എടുക്കേണ്ടത് സര്‍ക്കാര്‍ ആണെന്നുമായിരുന്നു വനിതാ ശിശുവികസന വകുപ്പിന് കീഴിലെ സ്റ്റേറ്റ് അഡോപ്ഷന്‍ റിസോഴ്സ് ഏജന്‍സി നൽകിയ മറുപടി. അന്വേഷണ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് വിവരാവകാശ നിയമപ്രകാരം നല്‍കിയിട്ടില്ല. രഹസ്യസ്വഭാവമെന്നാണ് സര്‍ക്കാർ നൽകുന്ന വിശദീകരണം. പൊലീസ് അന്വഷണവും അന്ന് തന്നെ നിലച്ചിരുന്നു. മന്ത്രി വീണാ ജോര്‍ജ് നേതൃത്വം നല്‍കുന്ന വകുപ്പും പതുക്കെ തടിയൂരുകയാണ്. 

click me!