നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍ പറത്തി കോഴിക്കോട് ലുലു മാള്‍ നിര്‍മാണത്തിന് സര്‍ക്കാരിന്‍റെ പ്രത്യേക സഹായം

By Web TeamFirst Published Jul 16, 2022, 8:04 AM IST
Highlights

വന്പന്‍മാര്‍ക്ക് മുന്നില്‍ വഴി മാറുന്ന നിയമങ്ങളും ചട്ടങ്ങളും. നിറഞ്ഞൊഴുകുന്ന കനാലിന്‍റെ ഇരു കരകളിലായാണ് ലുലു മാളിന്‍റെ നിര്‍മാണവും ഇതിന് കുട പിടിക്കുന്ന നിയമലംഘനവും. 
 

കോഴിക്കോട്: നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍ പറത്തി കോഴിക്കോട്ടെ ലുലു മാള്‍ നിര്‍മാണത്തിന് സര്‍ക്കാരിന്‍റെ പ്രത്യേക സഹായം. കോഴിക്കോട് കോര്‍പറേഷന് കീഴിലുളള 13 സെന്‍റ് കനാല്‍ പുറമ്പോക്കും ആറ് സെന്‍റ് വഴി പുറമ്പോക്കുമാണ് സര്‍ക്കാരിന്‍റെ സവിശേഷ അധികാരം ഉപയോഗിച്ച് ലുലു ഗ്രൂപ്പിന് രജിസ്റ്റര്‍ ചെയ്ത് നല്‍കിയത്. 

ലാന്‍ഡ് റവന്യൂ കമ്മീഷണറും നിയമ വകുപ്പും ചൂണ്ടിക്കാട്ടിയ നിയമപ്രശ്നങ്ങള്‍ അവഗണിച്ചായിരുന്നു ഇടപാട്. ക്രമക്കേട് സംബന്ധിച്ച രേഖകള്‍ പുറത്ത് വന്നതോടെ വസ്തുകൈമാറ്റം ക്രമപ്പെടുത്താനുളള തിരക്കിട്ട നീക്കത്തിലാണ് സംസ്ഥാന സര്‍ക്കാര്‍.  

നിയമത്തിന് മുന്നില്‍ എല്ലാവരും സമന്‍മാരെന്ന് പറയാറുണ്ടെങ്കിലും നമ്മുടെ നാട്ടില്‍ കാര്യങ്ങള്‍ നടക്കുന്നത് ഇങ്ങനെയൊന്നുമല്ല എന്നതിന് തെളിവുകള്‍ ഏറെയുണ്ട്. വമ്പന്മാര്‍ക്ക് മുന്നില്‍ വഴി മാറുന്ന നിയമങ്ങളും ചട്ടങ്ങളും. നിറഞ്ഞൊഴുകുന്ന  കനാലിന്‍റെ ഇരു കരകളിലായാണ് ലുലു മാളിന്‍റെ നിര്‍മാണവും ഇതിന് കുട പിടിക്കുന്ന നിയമലംഘനവും. 

കോഴിക്കോട് നഗരത്തില്‍ വളയനാട് വില്ലേജിനു കീഴില്‍ ധ്രുതഗതിയില്‍ നിര്‍മാണം പുരോഗമിക്കുന്ന ലുലു മാള്‍ വ്യാപര സമുച്ഛയം. മലബാറിലെ വ്യാപാര രംഗത്തും തൊഴില്‍ രംഗത്തും വലിയ നേട്ടമാകുമെന്ന് അവകാശപ്പെടുന്ന പദ്ധതി. ഈ പദ്ധതിക്കായി സര്‍ക്കാരും കോഴിക്കോട് കോര്‍പറേഷനും നിയമങ്ങളും ചട്ടങ്ങളും അട്ടിമറിച്ച് നല്‍കുന്ന സഹായം അമ്പരപ്പിക്കുന്നതാണ്.   

കനോലി കനാലിന്‍റെ കൈവഴിയായൊഴുകുന്ന ഈ ചെറു കനാലിനോട് ചേര്‍ന്നാണ് കോഴിക്കോട്ടെ ലുലു മാളിന്‍റെ നിര്‍മാണം. വ്യാപാര സമുച്ഛയത്തിനായി ഇരു കരകളിലുമുളള സ്വകാര്യ ഭൂമിയെല്ലാം വാങ്ങിക്കൂട്ടിയെങ്കിലും കനാലിന്‍റെ പുറമ്പോക്ക് കോര്‍പറേഷന്‍ ഉടമസ്ഥതയിലുണ്ടായിരുന്ന നടവഴികളും ലുലുവിന്‍റെ വിശാലമായ ബിസിനസ് പദ്ധതിക്ക് മുന്നില്‍ കരടായി. 

അങ്ങനെയാണ് തൊട്ടടുത്ത നെല്ലിക്കോട് വില്ലേജില്‍ തങ്ങളുടെ കൈവശമുളള 26സെന്‍റ് ഭൂമി കോര്‍പറേഷന് വിട്ടു നല്‍കി പകരം കനാല്‍ പുറമ്പോക്കും നടവഴിയും സ്വന്തമാക്കാനുളള നീക്കം ലുലു തുടങ്ങിയത്. കോര്‍പറേഷന്‍ ഇതിന് സമ്മതം മൂളി. പിന്നാലെ ഈ ഇടപാടിന് അംഗീകാരം നല്‍കി തദ്ദേശഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ ജോസ് ഉത്തരവുമിറക്കി.2018ലായിരുന്നു ഇത്. 

കോര്‍പറേഷനും ലുലു ഗ്രൂപ്പും തമ്മിലുളള ഈ വസ്കു കൈമാറ്റം നടന്ന് നാല് വര്‍ഷം കഴിഞ്ഞപ്പോഴാണ് ഇടപാട് ക്രമപ്പെടുത്താന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയത്. കഴിഞ്ഞ മാസം 29ന് ചേര്‍ന്ന മന്ത്രിസഭായോഗം ഇതിന് അംഗീകാര നല്‍കി. ഇക്കഴിഞ്ഞ രണ്ടാം തീയതി റവന്യൂ വകുപ്പ് ഇതു സംബന്ധിച്ച് ഉത്തരവുമിറക്കി. എന്നാല്‍ ഈ മന്ത്രിസഭാ യോഗത്തിനായി തയ്യാറാക്കിയ കുറിപ്പില്‍ ലുലുവും കോര്‍പറേഷനും തമ്മില്‍ നടന്ന വസ്തു ഇടപാടിലെ നിയമ വിരുദ്ധതയും ചട്ട വിരുദ്ധതയും കൃത്യമായി പറയുന്നുണ്ട്.

തോടിനോട് ചേര്‍ന്നുളള 13 സെന്‍റ് പുറന്പോക്കും കോര്‍പറേഷന്‍റെ ഉടമസ്ഥതയിലുണ്ടായിരുന്ന ആറ് സെന്‍റ് നടവഴിയുമാണ് ലുലു ഗ്രൂപ്പിന് കോര്‍പറേഷന്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കിയത്.1995ലെ അസൈന്‍മെന്‍റ് ഓഫ് ലാന്‍ഡ് വിത്തിന്‍ മുന്‍സിപ്പല്‍ ആന്‍ഡ് കോര്‍പറേഷന്‍ ഏരിയാസ് റൂള്‍സ് പ്രകാരം  പൊതുപ്രാധാന്യമുളള പദ്ധതി എന്ന പരിഗണന നല്‍കിയായിരുന്നു തദ്ദേശഭരണ വകുപ്പ് ഈ ഇടപാട് നടത്തിയത്. 

എന്നാല്‍ ഈ ചട്ടമനുസരിച്ച് തോടിന്‍റെ പുറമ്പോക്ക് പതിച്ചു നല്‍കാനാവില്ലെന്ന് ലാന്‍ഡ് റവന്യൂ കമ്മീഷര്‍ സര്‍ക്കാരിനെ അറിയിച്ചു. മാത്രമല്ല, ജലസ്രോതസുകളുടെയും പൊതുവഴികളുടയും പുറമ്പോക്ക് സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറാന്‍ പാടില്ലെന്ന സുപ്രീം കോടതി ഉത്തരവ് നിയമ വകുപ്പും സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പെടുത്തി. എന്നാല്‍ സര്‍ക്കാരിന്‍റെ സവിശേഷ അധികാരം ഉപയോഗിച്ചാണ് ലുലുവിന് പുറമ്പോക്ക് ഭൂമി കൈമാറാന്‍ മന്ത്രിസഭ തീരുമാനമെടുത്തത്. ഇക്കാര്യം റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ ജയതിലക് ഇറക്കിയ ഉത്തരവില്‍ പറയുന്നുമുണ്ട് .

കോര്‍പറേഷന്‍ വിട്ടുനല്‍കിയ19 സെന്‍റ്  പുറന്പോക്ക് ഭൂമിക്ക് ആറിന് 11, 53,301 രൂപയാണ് റവന്യൂ വകുപ്പ് വില നിശ്ചയിച്ചിട്ടുളളത്. ലുലു ഗ്രൂപ്പ് പകരമായി നല്‍കുന്ന 26 സെന്‍റ് ഭൂമിയുടെ വില നിശ്ചയിച്ചിരിക്കുന്നതാകട്ടെ ആറിന് 7,39,444രൂപയും. മാത്രമല്ല, ലുലു കൈമാറിയ ഭൂമിയിലെ കെട്ടിടം കാലപ്പഴക്കത്താല്‍  ഉപയോഗശൂന്യമായതിനാല്‍ വില നിര്‍ണയിക്കാനായിട്ടില്ലെന്നും റവന്യൂ വകുപ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്. അതേസമയം, വിഷയത്തില്‍ ലുലു ഗ്രൂപ്പ് പ്രതികരണത്തിന് തയ്യാറായിട്ടില്ല.  

ലഖ്നൗ ലുലു മാളിനകത്ത് സുന്ദരകാണ്ഡം ചൊല്ലാൻ ശ്രമിച്ചു; മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു

ലുലു മാളിലെ നമസ്കാരം; കേസെടുത്ത് യുപി പൊലീസ്

click me!