
തിരുവനന്തപുരം: സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ നഷ്ടപ്പെട്ടതിന്‍റെ മനോവിഷമം കാരണം യുവതികൾ ജീവനൊടുക്കിയ സംഭവത്തിൽ പ്രതി സിന്ധുകുമാരിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതിയെ ഇന്നലെ ഉച്ചയോടെയാണ് മൂന്നു ദിവസത്തെ കസ്റ്റഡിൽ വാങ്ങിയത്. ഉച്ചയ്ക്ക് ശേഷം മൂന്നു മണി മുതൽ തുടങ്ങിയ ചോദ്യം ചെയ്യൽ രാത്രി 7 വരെ നീണ്ടു. സ്വർണം നഷ്ടപ്പെട്ട പരാതിക്കാരിൽ ഏതാനും പേർ കഴിഞ്ഞ ദിവസവും എത്തിയിരുന്നു. ഇവരുടെ സ്വർണ്ണാഭരണങ്ങൾ ഒരു ധനകാര്യ സ്ഥാപനത്തിൽ പണയം വച്ചെന്നും പണമടച്ചാൽ തിരികെ കിട്ടുമെന്നുമായിരുന്നു സിന്ധുകുമാരിയുടെ മറുപടിയെന്ന് പൊലീസ് പറഞ്ഞു. പരാതിക്കാർ പ്രതിയുമായി നേരത്തെ സംസാരിച്ച ശബ്‌ദ രേഖകൾ പൊലീസ് ഡിജിറ്റൽ തെളിവായി എടുത്തിട്ടുണ്ട്.
ഇന്നും നാളെയും സിന്ധുകുമാരിയെ ധനകാര്യ സ്ഥാപനങ്ങളിൽ ഉൾപ്പെടെ എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയ്ക്ക് തിരികെ കൈമാറും. ഇതു വരെ 20 പരാതികൾ വിഴിഞ്ഞം സ്‌റ്റേഷനിൽ ലഭിച്ചു. ഇന്നലെ ലഭിച്ചത് മലയിൻകീഴ് പൊലീസ് പരിധിയിലുള്ള ഒരാളുടെ പരാതിയാണ്. പ്രമാണം ഈടുവച്ചു നൽകിയ തുക തിരികെ നൽകിയെങ്കിലും പ്രമാണം തിരികെ കൊടുത്തില്ല എന്നാണ് പരാതി. മണിക്കൂറുകളോളം പൊലീസ് ഉദ്യോഗസ്ഥർ മാറി മാറി ചോദ്യം ചെയ്തിട്ടും ഒന്നിനും വ്യക്തമായി ഉത്തരം നൽകാതെ പ്രതി ഒഴിഞ്ഞുമാറുന്നതായി പൊലീസ് പറഞ്ഞു.
സ്വർണപ്പണയ തട്ടിപ്പിനെ തുടർന്ന് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരികളായ വെണ്ണിയൂർ സ്വദേശി അഞ്ജു (28), വെങ്ങാനൂർ സ്വദേശി ഐശ്വര്യ (32) എന്നിവരാണ് കഴിഞ്ഞയാഴ്ച ജീവനൊടുക്കിയത്. ഇതോടെയാണ് സിന്ധുവിൻ്റെ തട്ടിപ്പ് പുറത്തറിഞ്ഞത്. കോടികളുടെ തട്ടിപ്പിന് മറ്റൊരു യുവാവിന്റെ സഹായം ലഭിച്ചിട്ടുണ്ടെന്നു പൊലീസ് സംശയിക്കുന്നു. ഇയാളെക്കുറിച്ചും അന്വേഷിച്ച് വരികയാണ്. ജീവനൊടുക്കുന്നതിന് ഒരാഴ് മുമ്പ് യുവതികൾ പ്രതിയെ കണ്ട് സ്വർണം തിരികെ ആവശ്യപ്പെട്ടിരുന്നു. മരിക്കുകയല്ലാതെ വേറെ വഴിയൊന്നുമില്ലെന്ന് പറഞ്ഞപ്പോൾ "നീ പോയി ചാകെടി "എന്ന് പ്രതി പറഞ്ഞതായി ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. തുടരന്വേഷണം ഡിസിആർബിക്ക് കൈമാറിയെങ്കിലും നേരത്തേ കസ്റ്റഡിയിൽ വിടുന്നതിന് കോടതി ഉത്തരവ് ഉള്ളതിനാലാണ് പ്രതിയെ വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam