
മലപ്പുറം : സാമൂഹ്യ പ്രവർത്തകൻ റസാഖ് പയമ്പ്രോട്ടിന്‍റെ ആത്മഹത്യക്ക് ഇടയാക്കിയ പ്ലാസ്റ്റിക് ഫാക്ടറിക്ക് സ്റ്റോപ്പ് മെമ്മോ നൽകാനാകില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ്. ഫാക്ടറിക്ക് സ്റ്റോപ്പ് മെമ്മോ കൊടുക്കാൻ അധികാരം ഇല്ലെന്നാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ വാദം. ജില്ലാ-സംസ്ഥാന ഏക ജാലക ബോർഡിനെ സമീപിക്കുമെന്ന് പഞ്ചായത്ത് അറയിച്ചു. അതേ സമയം, സ്റ്റോപ് മെമോ കൊടുക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പഞ്ചായത്ത് ഓഫീസിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പുളിക്കൽ പഞ്ചായത്തിന് മുന്നിൽ പ്രതിഷേധിച്ച യുഡിഎഫ് അംഗങ്ങളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
കഴുത്തിൽ പരാതികളും രേഖകളും സഞ്ചിയിലാക്കി തൂക്കിയിട്ട് പഞ്ചായത്ത് ഓഫീസിൽ തൂങ്ങി മരിച്ച റസാഖ് പയമ്പ്രോട്ട് നാടിന് തീരാ നോവാണ്. മക്കളില്ലാത്ത ഇദ്ദേഹം തന്റെ സ്വത്ത് മുഴുവൻ ഇഎംഎസ് അക്കാദമിക്കും ഭൗതിക ശരീരം മെഡിക്കൽ കോളജിനും വേണ്ടി എഴുതിവെച്ച വ്യക്തിയാണ്. ഇടതുപക്ഷ അനുയായി ആയിരുന്ന റസാഖ് ഒടുവില്‍ പഞ്ചായത്തിനോട് കലഹിച്ചാണ് ജീവിതം ഒരു കയർത്തുമ്പിൽ തീർത്തത്. ഏറെ നാളായി താനുന്നയിക്കുന്ന പരാതികളും രേഖകളുമെല്ലാം കഴുത്തിൽ സഞ്ചിയിലാക്കി തൂക്കിയാണ് മലപ്പുറം പുളിക്കൽ പഞ്ചായത്ത് ഓഫീസിൽ മൊയിൻ കുട്ടി വൈദ്യർ സ്മാരക സമിതി മുൻ സെക്രട്ടറി റസാഖ് പയമ്പ്രോട്ട് തൂങ്ങി മരിച്ചത്.
സിപിഎം അനുഭാവിയും മാധ്യമപ്രവർത്തകനുമായ റസാക്ക് പയമ്പ്രോട്ടിനെ പുളിക്കൽ പഞ്ചായത്ത് ഓഫീസിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഗ്രാമപഞ്ചായത്തുമായുള്ള തർക്കമാണ് തൂങ്ങിമരണത്തിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. ഇദ്ദേഹത്തിന്റെ വീടിന് സമീപം പ്രവർത്തിക്കുന്ന മാലിന്യ സംസ്കരണ യൂണിറ്റിനെതിരെ സിപിഎം ഭരിക്കുന്ന പുളിക്കൽ പഞ്ചായത്തിൽ റസാഖ് നിരവധി തവണ പരാതി നൽകിയിയിരുന്നു. എന്നാൽ പഞ്ചായത്ത് നടപടിയെടുത്തിരുന്നില്ല. ഇതിന് പിന്നാലെ ഇദ്ദേഹത്തിന്റെ സഹോദരൻ ശ്വാസകോശ സംബന്ധമായ അസുഖം കാരണം ഈയടുത്ത് മരിക്കുകയും ചെയ്തു. ഈ മാലിന്യ സംസ്‌കരണ യൂണിറ്റിൽ നിന്നുള്ള മലിനീകരണമാണ് തന്റെ സഹോരന്റെ മരണത്തിന് കാരണമായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
ഇത്രയും ഗുരതരമായ ഒരു വിഷയം ഉന്നയിച്ചിട്ടും താൻ പിന്തുണയ്ക്കുന്ന പാർട്ടിയും പഞ്ചായത്തും അവഗണിച്ചത് റസാഖിന് വലിയ മനോവിഷമം ഉണ്ടാക്കിയിരുന്നു. തന്‍റെ പരാതി കേള്‍ക്കാതെ സിപിഎം ഭരിക്കുന്ന പഞ്ചായത്ത് മാലിന്യ സംസ്‌ക്‌രണ യൂണിറ്റ് നടത്തുന്ന വ്യക്തിക്കൊപ്പമാണ് നിന്നതെന്ന് ഇദ്ദേഹം ആരോപിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് മോയിൻകുട്ടി വൈദ്യർ സ്മാരക സമിതി സ്ഥാനം ഇദ്ദേഹം രാജിവെച്ചത്. 32 വർഷം ലീഗ് ഭരിച്ചിരുന്ന പുളിക്കൽ പഞ്ചായത്ത് കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് സിപിഎം പിടിച്ചെടുത്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam