ഒന്നാം തീയതി 'ഡ്രൈ ഡേ' തന്നെ, ബാറുകൾ തുറക്കില്ല: നിലപാടിലുറച്ച് സർക്കാർ

By Web TeamFirst Published Feb 5, 2020, 11:04 AM IST
Highlights

1996-ൽ എ കെ ആന്‍റണി സർക്കാർ ചാരായ നിരോധനം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഒന്നാം തീയതികളിൽ മദ്യവിൽപ്പനയും നിരോധിച്ച് ഉത്തരവിറങ്ങിയത്. ഇതിൽ മാറ്റമില്ലെന്ന നിലപാടാണ് സർക്കാർ വ്യക്തമാക്കുന്നത്. 

തിരുവനന്തപുരം: ഒന്നാം തീയതിയിലെ മദ്യനിരോധനം നീക്കില്ലെന്ന് സർക്കാർ. ബാറുകൾ ഒന്നാം തീയതി തുറക്കാൻ അനുവദിക്കില്ല. അന്ന് മദ്യവിൽപ്പനശാലകളും തുറക്കില്ലെന്ന് സർക്കാർ നിയമസഭയെ അറിയിച്ചു. 

ടൂറിസം കേന്ദ്രങ്ങളിൽ ഒന്നാം തീയതിയിലെ മദ്യനിരോധനം ഒഴിവാക്കാൻ ആലോചനയുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. പുതിയ മദ്യനയത്തിന്‍റെ കരട് തയ്യാറാക്കുന്നതിന് മുമ്പായി നടന്ന ചർച്ചകളിൽ ഇക്കാര്യവും പരിഗണിക്കപ്പെട്ടിരുന്നതാണ്. ഒന്നാം തീയതി മദ്യവിൽപ്പനശാലകളും തുറക്കില്ലെന്നും എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ നിയമസഭയെ അറിയിച്ചു.

ഒന്നാം തീയതി മദ്യനിരോധനം ഏർപ്പെടുത്തിയത് ടൂറിസം കേന്ദ്രങ്ങളിലെങ്കിലും ഒഴിവാക്കിത്തരണമെന്ന് ആ മേഖലകളിലുള്ളവർ നേരത്തേ സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നതാണ്. സാമ്പത്തികമാന്ദ്യത്തിൽ ഉഴലുന്ന ടൂറിസം വിപണിക്ക് കരകയറാൻ മദ്യനിരോധനം എടുത്ത് മാറ്റണമെന്ന് ടൂറിസം മേഖലകളിലുള്ളവർ ചർച്ചകൾക്കിടെ സർക്കാരിനോട് ആവശ്യപ്പെട്ടു. എന്നാൽ ചർച്ചകളിൽ ഇതിൽ ഭിന്നാഭിപ്രായം ഉണ്ടായിരുന്നു.

മദ്യനയത്തിന്‍റെ കരട് ഇപ്പോഴും ചർച്ചയിലാണ്. എൽഡിഎഫിൽ ചർച്ച ചെയ്ത ശേഷം ഫെബ്രുവരി അവസാനത്തോടെ, മദ്യനയത്തിന് അന്തിമരൂപം നൽകും.

1996-ൽ എ കെ ആന്‍റണി സർക്കാർ ചാരായ നിരോധനം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഒന്നാം തീയതികളിൽ മദ്യവിൽപ്പനയും നിരോധിച്ച് ഉത്തരവിറങ്ങിയത്. ഗാന്ധിജയന്തി, ഗാന്ധിജിയുടെ രക്തസാക്ഷിദിനം, ശ്രീനാരായണ ഗുരു ജയന്തി, സമാധി ദിവസങ്ങളും നിലവിൽ ഡ്രൈ ഡേ ആണ്. 

click me!