ആശങ്കയൊഴിഞ്ഞു; കുട്ടനാട്ടിലും പാലക്കാടും താറാവുകൾ ചത്തത് പക്ഷിപ്പനി ബാധിച്ചല്ലെന്ന് സ്ഥിരീകരണം

By Web TeamFirst Published Mar 11, 2020, 9:52 PM IST
Highlights

തിരുവല്ല മഞ്ഞാടിയിലെ പക്ഷിരോഗ നിരീക്ഷണ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് മരണ കാരണം വ്യക്തമായത്

ആലപ്പുഴ: കൊറോണയ്ക്ക് ഒപ്പം സംസ്ഥാനത്ത് പക്ഷിപ്പനിയുടെ വെല്ലുവിളിയും നേരിടേണ്ടി വരുമെന്ന ഭീതിക്ക് താത്കാലിക ആശ്വാസം. പാലക്കാടും കുട്ടനാട്ടിലും പക്ഷിപ്പനി ഇല്ലെന്ന് സ്ഥിരീകരിച്ചു. താറാവുകൾ ചത്തതിന്റെ കാരണം പക്ഷിപ്പനിയല്ലെന്ന് സ്ഥിരീകരിക്കുന്ന പരിശോധനാ ഫലം പുറത്ത്. ബാക്ടീരിയയും ചൂടുമാണ് പക്ഷികൾ കൂട്ടത്തോടെ ചാവാൻ കാരണമെന്നാണ് പരിശോധനയിൽ വ്യക്തമായത്.

തിരുവല്ല മഞ്ഞാടിയിലെ പക്ഷിരോഗ നിരീക്ഷണ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് മരണ കാരണം വ്യക്തമായത്. അപ്പര്‍ക്കുട്ടനാട്ടിലെ താറാവുകളുടെ മരണം റൈമറല്ലാ ബാക്ടീരിയ മൂലമെന്ന് പരിശോധനയിൽ തെളിഞ്ഞു. 

പാലക്കാട് തോലന്നൂരിലാണ് താറാവ് കുഞ്ഞുങ്ങളെ  കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയത്. തമിഴ്നാട്ടിൽ നിന്നും എത്തിച്ച താറാവ് കുഞ്ഞുങ്ങളാണ് ചത്തത്.  തോലന്നൂരിൽ കൊയ്ത്ത് കഴിഞ്ഞ പാടത്ത് തീറ്റയ്ക്കായി തുറന്ന് വിട്ട അറുപതോളം താറാവ് കുഞ്ഞുങ്ങളാണ് ചത്തത്.  രണ്ടാഴ്ച മുൻപ്  തമിഴ്നാട്ടിൽ നിന്നും  എത്തിച്ചതായിരുന്നു. നാട്ടുകാരാണ് സംഭവം അധികൃതരെ അറിയിച്ചത്.

തുടർന്ന് മൃഗ സംരക്ഷണ വകുപ്പ് അധികൃതർ സ്ഥലത്തെത്തി സാമ്പിളുകൾ ശേഖരിച്ചു. കഴിഞ്ഞ ദിവസം കുഞ്ഞുങ്ങൾക്ക്  പ്രതിരോധ വാക്സിൻ നൽകിയിരുന്നതായി താറാവുകളെ എത്തിച്ച തമിഴ്നാട് സ്വദേശി നാഗൻ പറഞ്ഞു.  ആറായിരം താറാവ് കുഞ്ഞുങ്ങളെയാണ് തോലന്നൂരിലെ വിവിധ ഭാഗങ്ങളിൽ എത്തിച്ചിട്ടുള്ളത്. അമിതമായ ചൂട്  കാരണമാണ് ഇവ മരിച്ചതെന്നാണ് പരിശോധനയിൽ വ്യക്തമായത്. 

click me!