
തിരുവനന്തപുരം : മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎൽഎയും തിരുവനന്തപുരത്തെ കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ നിർണായക വഴിത്തിരിവ്. കെഎസ്ആർടിസി ബസിനുളളിലെ സിസിസിടി ക്യാമറയിൽ ഒരു ദൃശ്യവുമില്ലെന്ന് പൊലീസ് പരിശോധനയിൽ വ്യക്തമായി. മെമ്മറി കാർഡ് കാണ്മാനില്ലെന്നാണ് ബസ് പരിശോധിച്ച ശേഷം പൊലീസ് വിശദീകരണം. മൂന്ന് ക്യാമറകളാണ് ബസിലുണ്ടായിരുന്നത്. റെക്കോർഡ് ചെയ്യുന്നുണ്ടായിരുന്നുവെന്നും ബസ് ഓടിക്കുന്ന സമയത്ത് മെമ്മറി കാർഡുണ്ടായിരുന്നുവെന്നാണ് ഡ്രൈവർ യദു ഏഷ്യാവനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. അങ്ങനെയെങ്കിൽ മെമ്മറി കാർഡ് എങ്ങനെ നഷ്ടപ്പെട്ടുവെന്നത് ദുരൂഹമാണ്. മെമ്മറി കാർഡ് മാറ്റിയതായി സംശയിക്കുന്നുവെന്നും പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.
കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങൾ ശേഖരിക്കാന്‍ ബസ് ഹാജരാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കെഎസ്ആർടിസിക്ക് കത്ത് നല്‍കിയിരുന്നു. തൃശൂരിലേക്ക് ട്രിപ്പ് പോയ ബസ് ഇന്ന് തിരിച്ചെത്തിയ ശേഷമാണ് പരിശോധന നടന്നത്. മേയർ ആരോപിക്കുന്ന് പോലെ ബസ് അമിത വേഗത്തിലായിരുന്നോ, വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്തിരുന്നോ എന്ന കാര്യത്തിൽ സിസിടിവിയിലെ ദൃശ്യങ്ങള്‍ നിര്‍ണായകമാകുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ ദൃശ്യങ്ങൾ കാണാനില്ലെന്നത് ദുരൂഹമാണ്. ബസിലെ യാത്രക്കാരുടെ പട്ടിക കെഎസ്ആര്‍ടിസി അധികൃതര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. ഇവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തും.
'ദോഷം വരാതിരിക്കാൻ വാക്സീൻ നൽകിയില്ല', ഉമ്മൻചാണ്ടിയുടെ ചികിത്സാ വിവാദം വീണ്ടും ചർച്ചയാക്കി മകൻ
നേരത്തെ നടുറോഡിൽ സീബ്രാലൈനിൽ കാര്‍ കുറുകെയിട്ട് മേയറും എംഎൽഎയും ബന്ധുക്കളും കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. നിയമലംഘനം നടത്തിയത് ചോദ്യംചെയ്യുകയായിരുന്നുവെന്നും അശ്ലീല ആംഗ്യം കാണിച്ചുവെന്നുമായിരുന്നു മേയറുടെ ആരോപണം. എന്നാൽ ആരോപണങ്ങൾ ഡ്രൈവർ യദു നിഷേധിക്കുന്നു
പട്ടം പ്ലാമൂട്ടിൽ നിന്നും പിഎംജി ഭാഗത്തേക്ക് വരുമ്പോള്‍ കാറിന്‍റെ പിൻ സീറ്റിലിരുന്ന സ്ത്രീകളോട് ലൈഗിംക ചുവയുളള ആഗ്യം കാണിച്ച കെഎസ്ആര്‍ടിസി ഡ്രൈവർ അമിതിവേഗത്തിൽ പോകുന്ന കാര്യം മേയർ കണ്‍ട്രോള്‍ റൂമിൽ അറിയിച്ചുവെന്നാണ് പൊലീസ് പറയുന്നത്. കുററകൃത്യം നടത്തി കടന്നുപോയ ഡ്രൈവറെ തടഞ്ഞതിന് കേസെടുക്കാനാവില്ലെന്നാണ് ഇപ്പോഴത്തെ വിശദീകരണം. മാത്രമല്ല കെഎസ്ആർടി അധികൃതരെയും മേയര്‍ വിവരം അറിയിച്ചിട്ടുണ്ട്. സംഭവത്തിന് ശേഷം ഡ്യൂട്ടിയിൽ നിന്ന് ഡ്രൈവറെ മാറ്റി നിര്‍ത്തിയിരിക്കുകയാണ്. മേയര്‍ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎഎക്കും കാറിൽ ഉണ്ടായിരുന്ന മറ്റ് ബന്ധുക്കൾക്കും എതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡ്രൈവര്‍ യദു കോടതിയെ സമീപിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam