
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിന് ക്ളീൻ ചിറ്റ് ഇല്ല. നാളെ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിനെ വീണ്ടും ചോദ്യം ചെയ്ത് ലഭിക്കുന്ന വിവരം പുതിയ റിപ്പോര്‍ട്ടില്‍ വിജിലന്‍സ് ഉള്‍പ്പെടുത്തും. കരാര്‍ ലംഘിച്ച് പണം അനുവദിച്ചതില്‍ മുന്‍ മന്ത്രിക്ക് ഗുരുതര പിഴവെന്ന് ഹൈക്കോടതിയില്‍ നല്‍കുന്ന പുതുക്കിയ സത്യവാങ്ങ്മൂലത്തില്‍ വിജിലന്‍സ് നല്‍കും. മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ ടി ഒ സൂരജ് നടത്തിയ പരാമർശങ്ങളിൽ വ്യക്തത വരുത്താനാണ് നാളത്തെ ചോദ്യം ചെയ്യലില്‍ വീജിലൻസിന്‍റെ നീക്കം.
പാലം അഴിമതിയിൽ തനിക്ക് പങ്കില്ലെന്നും ഉദ്യോഗസ്ഥർ കൊണ്ടുവന്ന ഫയലിൽ ഒപ്പിടുക മാത്രമാണ് ചെയ്തതെന്നുമാണ് ഇബ്രാഹിംകുഞ്ഞിന്‍റെ നിലപാട്. ഗൂഡാലോചനയിലടക്കം മുൻമന്ത്രിയുടെ പങ്കാളിത്തം സംബന്ധിച്ച് കൂടുതൽ വ്യക്തതക്കാണ് അന്വേഷണസംഘം ശ്രമിക്കുന്നത്. ആര്‍ഡിഎസ് പ്രോജക്ട്സിന് പലിശരഹിത മുന്‍കൂര്‍ പണം നല്‍കാന്‍ മുന്‍ മന്ത്രി ഉത്തരവിട്ടെന്നാണ് സൂരജ് വെളിപ്പെടുത്തിയത്. റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്‍റ് കോർപ്പറേഷൻ കേരളയുടെ എംഡിയായിരുന്ന മുഹമ്മദ് ഹനീഷാണ് തുക അനുവദിക്കാൻ ശുപാർശ ചെയ്തതെന്നും സൂരജ് വെളിപ്പെടുത്തിയിരുന്നു.
കരാറിന് വിരുദ്ധമായി എട്ട് കോടി 25 ലക്ഷം രൂപ ആർഡിഎസ് കമ്പനിക്ക് നൽകിയെന്നത് ശരിയാണെന്ന് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സൂരജ് പറഞ്ഞിരുന്നു. എന്നാൽ ആ തീരുമാനം തന്‍റേതായിരുന്നില്ലെന്നും ചട്ടങ്ങൾക്കും വ്യവസ്ഥകൾക്കും വിരുദ്ധമായി ഇത്രയും കോടി രൂപ കമ്പനിക്ക് നൽകാൻ രേഖാമൂലം ഉത്തരവിട്ടത് അന്ന് മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞാണെന്നുമായിരുന്നു സത്യവാങ്മൂലത്തില്‍ സൂരജ് വെളിപ്പെടുത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam