അന്വേഷണറിപ്പോർട്ടിൽ എല്ലാം പുറത്തുവരും; കരിപ്പൂരിൽ റൺവേയ്ക്ക് തകരാറില്ലെന്ന് എയർപോർട്ട് അതോറിറ്റി

By Web TeamFirst Published Aug 10, 2020, 10:30 AM IST
Highlights

അപകടം സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. അന്വേഷണറിപ്പോർട്ട് തയ്യാറാകുമ്പോൾ എല്ലാ വിവരവും പുറത്തുവരും. അപകടം നടന്നയുടൻ എയർപോർട്ട് ചെയ്യേണ്ടതെല്ലാം ചെയ്തിരുന്നു .

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിലെ റൺ‌വേയ്ക്ക് ഒരു തകരാറുമില്ലെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ. അപകടം സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. അന്വേഷണറിപ്പോർട്ട് തയ്യാറാകുമ്പോൾ എല്ലാ വിവരവും പുറത്തുവരും. അപകടം നടന്നയുടൻ എയർപോർട്ട് ചെയ്യേണ്ടതെല്ലാം ചെയ്തിരുന്നു എന്നും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ദക്ഷിണ മേഖലാ ഡയറക്ടർ ആർ മാധവൻ
 ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

അതേസമയം, കരിപ്പൂരില്‍ റണ്‍വേ വികസനത്തെച്ചൊല്ലി വീണ്ടും രാഷ്ട്രീയപ്പോര് തുടങ്ങി. ഭൂമി ഏറ്റെടുക്കുന്നതില്‍ മന്ത്രി കെ ടി ജലീല്‍ വീഴ്ച വരുത്തിയെന്ന് മുസ്ലിം ലീഗ് നേതാവ് എം കെ മുനീര്‍ ആരോപിച്ചു. അതേസമയം, റണ്‍വേയുടെ നീളം കൂട്ടാനുളള ഭൂമി എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കൈവശമിരിക്കെ വീണ്ടും ഭൂമി ഏറ്റെടുക്കാനുളള നീക്കം തട്ടിപ്പെന്നാണ് ആക്ഷന്‍ കമ്മിറ്റിയുടെ വിമര്‍ശനം.

നിലവില്‍ 2860 മീറ്ററുളള കരിപ്പൂരിലെ റണ്‍വേയുടെ നീളം ആയിരം മീറ്റര്‍ കൂടി കൂട്ടുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങിയിട്ട് വർഷങ്ങളായി. റൺവേ വികസനത്തിന് 256 ഏക്കര്‍ ഭൂമി കൂടി കണ്ടെത്തേണ്ടി വരുമെന്നായിരുന്നു കണക്ക്. മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ ചാണ്ടി ഇതിനായി തിരുവനന്തപുരത്ത് പ്രത്യേക യോഗം വിളിച്ചിരുന്നു. അധികാരമേറ്റയുടന്‍ പിണറായി വിജയനും ഇതേ ശ്രമം നടത്തി. എന്നിട്ടും ഒരിഞ്ചുപോലും ഭൂമിയേറ്റെടുക്കാനായില്ല. ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലാണ് വിഷയത്തില്‍ വീണ്ടും തര്‍ക്കം മുറുകുന്നത്. ഭൂവുടമകളുമായി ചര്‍ച്ച നടത്താന്‍ മന്ത്രി കെ ടി ജലീലിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നെങ്കിലും ജലീല്‍ ഇതില്‍ വീഴ്ച വരുത്തിയെന്നാണ് മുനീറിന്റെ ആരോപണം.

വിമാനാപകടത്തിൻ്റെ പേരിൽ കരിപ്പൂർ വിമാനതാവളത്തിന്നെതിരെ അടിസ്ഥാന രഹിത ആരോപണങ്ങൾ ഉന്നയിക്കുന്നവരുടെ ഉദ്ദേശം സംശയകരമാണെന്ന് മുസ്ലീം ലീഗ് നേതാവ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. രക്ഷാപ്രവർത്തകരുടെ കൊവിഡ് പരിശോധനക്കും ആവശ്യമെങ്കിൽ ചികിത്സക്കും സർക്കാർ പ്രത്യേക സംവിധാനമൊരുക്കണമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

Read Also: മന്ത്രിക്കെതിരെ എം കെ മുനീർ, 'കരിപ്പൂരില്‍' രാഷ്ട്രീയ പോര്; വഴിമുട്ടി റണ്‍വേ വികസനം...

 

click me!