കോഴിക്കോട്: കരിപ്പൂരില്‍ റണ്‍വേ വികസനത്തെച്ചൊല്ലി വീണ്ടും രാഷ്ട്രീയപ്പോര്. ഭൂമി ഏറ്റെടുക്കുന്നതില്‍ മന്ത്രി കെ ടി ജലീല്‍ വീഴ്ച വരുത്തിയെന്ന് മുസ്ലിം ലീഗ് നേതാവ് എം കെ മുനീര്‍ ആരോപിച്ചു. അതേസമയം, റണ്‍വേയുടെ നീളം കൂട്ടാനുളള ഭൂമി എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കൈവശമിരിക്കെ വീണ്ടും ഭൂമി ഏറ്റെടുക്കാനുളള നീക്കം തട്ടിപ്പെന്നാണ് ആക്ഷന്‍ കമ്മിറ്റിയുടെ വിമര്‍ശനം.

നിലവില്‍ 2860 മീറ്ററുളള കരിപ്പൂരിലെ റണ്‍വേയുടെ നീളം ആയിരം മീറ്റര്‍ കൂടി കൂട്ടുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങിയിട്ട്റ വർഷങ്ങളായി. റൺവേ വികസനത്തിന് 256 ഏക്കര്‍ ഭൂമി കൂടി കണ്ടെത്തേണ്ടി വരുമെന്നായിരുന്നു കണക്ക്. മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ ചാണ്ടി ഇതിനായി തിരുവനന്തപുരത്ത് പ്രത്യേക യോഗം വിളിച്ചിരുന്നു. അധികാരമേറ്റയുടന്‍ പിണറായി വിജയനും ഇതേ ശ്രമം നടത്തി. എന്നിട്ടും ഒരിഞ്ചുപോലും ഭൂമിയേറ്റെടുക്കാനായില്ല. ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലാണ് വിഷയത്തില്‍ വീണ്ടും തര്‍ക്കം മുറുകുന്നത്. ഭൂവുടമകളുമായി ചര്‍ച്ച നടത്താന്‍ മന്ത്രി കെ ടി ജലീലിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നെങ്കിലും ജലീല്‍ ഇതില്‍ വീഴ്ച വരുത്തിയെന്നാണ് മുനീറിന്റെ ആരോപണം.

എന്നാല്‍ ടേബിള്‍ ടോപ് ഘടനയുളള വിമാനത്താവളത്തിന്‍റെ റണ്‍വേ വികസനത്തിനു വേണ്ടിവരുന്ന ഭാരിച്ച ചെലവും മണ്ണെടുപ്പുമായി ബന്ധപ്പെട്ട പരിസ്ഥിതി പ്രശ്നങ്ങളുമാണ് നടപടികള്‍ തടസപ്പെടാന്‍ കാരണമെന്നാണ് സര്‍ക്കാരിന്റെ വാദം. റണ്‍വേ വികസനത്തിനും മണ്ണെടുപ്പിനുമായി 3000കോടിയോളം രൂപ വേണ്ടി വരുമെന്നാണ് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കണക്ക്. അതേസമയം ഒരു കിലോമീറ്ററോളം റണ്‍വേ ദീര്‍ഘിപ്പിക്കാനുളള ഭൂമി നിലവില്‍ തന്നെ എയര്‍പോര്‍ട്ടിന്‍റെ കൈവശം ഉണ്ടെന്ന് ആക്ഷന്‍ കമ്മറ്റി പറയുന്നു. കൂടുതല്‍ ഭൂമി കണ്ടെത്താന്‍ ശ്രമിക്കുന്നത് മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണെന്നും ഇവര്‍ ആരോപിക്കുന്നു. അതിനിടെ, അപകട കാരണം ടേബിള്‍ ടോപ് ഘടനയെന്ന് കണ്ടെത്താത്ത സാഹചര്യത്തില്‍ റണ്‍വേ സംബന്ധിച്ച തര്‍ക്കത്തില്‍ അടിസ്ഥാനമില്ലെന്ന അഭിപ്രായവും ഉയരുന്നുണ്ട്.