ഇടക്കാല അധ്യക്ഷയായി സോണിയ ഒരു വ‍ർഷം പൂ‍ർത്തിയാക്കുന്നു; പുതിയ അധ്യക്ഷനെ കണ്ടെത്താനാവാതെ കോൺ​ഗ്രസ്

By Web TeamFirst Published Aug 10, 2020, 9:18 AM IST
Highlights

കഴിഞ്ഞ പാര്‍ലമെൻ്റെ തെര‍ഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്ന് അധ്യക്ഷ സ്ഥാനം വലിച്ചെറിഞ്ഞ് രാഹുല്‍ ഗാന്ധി പോയപ്പോള്‍ ഒരു വര്‍ഷത്തേക്ക് താല്‍ക്കാലിക ക്രമീകരണം എന്ന നിലക്കാണ് സോണിയ ഗാന്ധിയെ കൊണ്ടുവന്നത്.

ദില്ലി: ഇടക്കാല അധ്യക്ഷ സ്ഥാനത്ത് സോണിയ ഗാന്ധി ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്പോള്‍ പുതിയ അധ്യക്ഷനെ കണ്ടെത്താനാകാത്ത പ്രതിസന്ധിയില്‍ കോണ്‍ഗ്രസ്. സോണിയ ഗാന്ധിയോട് അധ്യക്ഷ പദവയില്‍ ഇനിയും തുടരാന്‍ പറയുന്നത് ന്യായമല്ലെന്ന് ശശി തരൂര്‍ എംപി പറഞ്ഞു. തിരികെയെത്തണമെന്ന് പാർട്ടിയിലെ ഒരു വിഭാഗത്തിന്‍റെ ആവശ്യം രാഹുല്‍ഗാന്ധി അംഗീകരിച്ചിട്ടുമില്ല.

കഴിഞ്ഞ പാര്‍ലമെൻ്റെ തെര‍ഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്ന് അധ്യക്ഷ സ്ഥാനം വലിച്ചെറിഞ്ഞ് രാഹുല്‍ ഗാന്ധി പോയപ്പോള്‍ ഒരു വര്‍ഷത്തേക്ക് താല്‍ക്കാലിക ക്രമീകരണം എന്ന നിലക്കാണ് സോണിയ ഗാന്ധിയെ കൊണ്ടുവന്നത്. ശാരീരിക അസ്വസ്ഥതകള്‍ അലട്ടുമ്പോഴും കഴിഞ്ഞ ഓഗസ്റ്റ് പത്തിന് ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ സമ്മര്‍ദ്ദം സോണിയ അംഗീകരിക്കുകയായിരുന്നു. 

ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടി വിട്ടതടക്കമുള്ള ഒരു കൂട്ടം പ്രതിസന്ധികളെ അതിജീവിക്കാന്‍ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിനായതുമില്ല. എന്നാല്‍  ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ പദവിയില്‍ ഇനി ആര് എന്ന ചോദ്യത്തിന് ഉത്തരമില്ല. രാഹുല്‍ ഗാന്ധിയെ തിരികെ കൊണ്ടുവരണമെന്ന മുറവിളിക്ക് പാര്‍ട്ടിയില്‍ പഴയ സ്വീകാര്യത ഇല്ല. പ്രിയങ്കഗാന്ധിയെ പരിഗണിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുമ്പോള്‍ ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് പ്രിയങ്ക.

നെഹ്റു കുടുംബം ആധിപത്യം തുടരുന്ന സാഹചര്യത്തിൽ ചില നേതാക്കള്‍ക്ക് അമര്‍ഷമുണ്ടെങ്കിലും പകരം ആരെന്ന ചോദ്യത്തിന് അവര്‍ക്കും മറുപടിയില്ല. ഈ സാഹചര്യത്തിവല്‍ സോണിയ ഗാന്ധി തന്നെ തുടരട്ടെയെന്ന നിലപാടാണ് മുതിര്‍ന്ന നേതാക്കള്‍ പങ്കുവയ്ക്കുന്നത്. എന്നാല്‍ ആ നിലപാട് തള്ളുന്ന ശശിതരൂര്‍ രാഹുല്‍ ഗാന്ധിക്ക് താല്‍പര്യമില്ലെങ്കില്‍ പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്നാണ് വാര്‍ത്ത ഏജന്‍സിയായ പിടിഐയോട് വ്യക്തമാക്കിയത്. 

യുപിഎ സര്‍ക്കാരിന്‍റെ നിലവാരത്തെ ചൊല്ലി മുതിര്‍ന്ന നേതാക്കളും രാഹുല്‍ ബ്രിഗേഡിന്‍റെ ഭാഗമായവരും തമ്മില്‍ ഒടുവില്‍ നടന്ന പോരിലൂടെ പാര്‍ട്ടിയിലെ അഭിപ്രായ വ്യത്യാസവും മറനീക്കി പുറത്ത് വന്നിരിക്കുകയാണ്. അതേ സമയം അടുത്ത എഐസിസി സമ്മേളനം വരെ സോണിയഗാന്ധിക്ക് തുടരാമെന്നും കൊവിഡ് ഭീഷണി മൂലം സമ്മേളന തീയതി നിശ്ചയിക്കാനാവുന്നില്ലെന്നുമാണ് നേതൃത്വത്തിന്‍റെ പ്രതികരണം.

click me!