
കൊച്ചി: കേരള സർവകലാശാലയിൽ കലാലയ രാഷ്ട്രീയത്തിന് തടയിടാൻ കരട് രേഖ തയ്യാറാക്കിയെന്ന വിവാദത്തിൽ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ. കാളപെറ്റെന്ന് കേൾക്കുമ്പോഴേക്കും കയറെടുക്കുന്ന രീതിയിലാണ് തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങൾ നടക്കുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. വിദ്യാർത്ഥി രാഷ്ട്രീയം അവസാനിപ്പിക്കാൻ കേരള സർവകലാശാല യാതൊരു തീരുമാനവും കൈക്കൊണ്ടിട്ടില്ലെന്നും, കലാലയ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കണമെന്നതാണ് സർക്കാരിന്റെ നയമെന്നും മന്ത്രി ഓർമ്മിപ്പിച്ചു. കോടതി നിർദ്ദേശപ്രകാരം കേരള സർവകലാശാല സിൻഡിക്കേറ്റിന്റെ ഉപസമിതിയെ നിയമിച്ചിരുന്നു. ഈ ഉപസമിതിയുടെ ചർച്ചകൾക്കായി നിയമ സമിതി തയ്യാറാക്കിയ ഒരു രേഖ മാത്രമാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളതെന്ന് മന്ത്രി വിശദീകരിച്ചു. വിദ്യാർത്ഥി സംഘടനകൾക്ക് ഈ രേഖ അയച്ച് അവരിൽ നിന്നും അഭിപ്രായം തേടിയ ശേഷം വീണ്ടും ചർച്ച ചെയ്ത് അംഗീകരിച്ചാൽ മാത്രമേ ഇത് സർവകലാശാലയുടെ മാർഗ്ഗനിർദ്ദേശമായി കണക്കാക്കുകയുള്ളൂ. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രസ്താവന നടത്തുന്നതിന് മുൻപ് സ്വന്തം സംഘടനയിലുള്ള ഉപസമിതി അംഗങ്ങളോടെങ്കിലും ചോദിച്ചു കാര്യങ്ങൾ മനസ്സിലാക്കണമായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം കലാലയ രാഷ്ട്രീയത്തിന് തടയിടാനുള്ള കരട് രേഖയിൽ വിശദീകരണവുമായി കേരള സർവ്വകലാശാല വൈസ് ചാൻസിലർ മോഹൻ കുന്നുമ്മൽ നേരത്തെ രംഗത്തെത്തിയിരുന്നു. പുറത്തുവന്നത് ഒറിജിനൽ രേഖ അല്ലെന്നും അത്തരം ഒരു രേഖ തയാറാക്കിയിട്ടില്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അതേസമയം കേരള സർവ്വകലാശാല സിൻഡിക്കേറ്റ് തീരുമാനത്തിന് വിരുദ്ധമായാണ് കരട് രേഖയെന്നും വൈസ് ചാൻസിലർമാർ മാത്രം തീരുമാനം എടുത്താൽ അത് അംഗീകരിക്കില്ലെന്നും കായിക മന്ത്രി ഒ ജെ ജനീഷ് പ്രതികരിച്ചു. സിൻഡിക്കേറ്റ് അംഗങ്ങളുമായി പോലും ചർച്ച ചെയ്യാതെയാണ് കരട് രേഖ പുറത്തിറക്കിയത്. സർക്കാർ അതിന് അനുകൂലമല്ല. സർക്കാരിന് കൃത്യമായ അഭിപ്രായം ഉണ്ട്. യൂത്ത് കോൺഗ്രസും അനുകൂലിക്കില്ല. കേരളത്തിൽ വിദ്യാർഥി രാഷ്ട്രീയം തെറ്റല്ലെന്നും പ്രധാന നേതാക്കൾ വന്നത് വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ ആണെന്നും ഒ ജെ ജനീഷ് പറഞ്ഞു. ക്യാമ്പസ്സിൽ രാഷ്ട്രീയ സമരങ്ങൾ പാടില്ല, രാഷ്ട്രീയത്തിന്റെ ഭാഗമായി ധർണയോ ഉപരോധമോ പാടില്ല, ക്യാമ്പസ്സിൽ രാഷ്ട്രീയ മുദ്രാവാക്യങ്ങൾ വിളിക്കരുത്, ദേശവിരുദ്ധ പശ്ചാത്തലം ഉള്ളവരെ ക്ഷണിച്ചുള്ള പരിപാടികൾ നടത്തരുത്, ഡിജിറ്റൽ പ്ലാറ്റ്ഫോം വഴിയും രാഷ്ട്രീയ പ്രചാരണം പാടില്ല എന്നിങ്ങനെയാണ് കരട് രേഖയിലെ നിർദേശങ്ങൾ. ഇതിൽ ശക്തമായ എതിർപ്പുമായി ഇടത്, വലത് സംഘടനകൾ രംഗത്തെത്തി. ജനാധിപത്യ വിരുദ്ധമെന്നായിരുന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ പ്രതികരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam