8, 9, 10 ക്ലാസുകളിലെ സബ്ജക്ട് മിനിമം മാർക്ക് ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിനെതിരെ വി. ശിവൻകുട്ടി രംഗത്ത്. അക്കാഡമിക് ചർച്ചകളില്ലാതെയുള്ള ഈ നീക്കം പൊതുവിദ്യാഭ്യാസത്തെ തകർക്കുമെന്നും വിദ്യാർത്ഥികളുടെ ഭാവി അപകടത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പ്ലസ് വൺ സീറ്റ് അലോട്ട്മെന്റ് അഴിമതിയിൽ വിജിലൻസ് അന്വേഷണവും അദ്ദേഹം ആവശ്യപ്പെട്ടു.

തിരുവനന്തപുരം: 8, 9, 10 ക്ലാസുകളിലെ സബ്ജക്ട് മിനിമം മാർക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിനെതിരെ ശക്തമായ വിമർശനവുമായി വി. ശിവൻകുട്ടി. യാതൊരുവിധ അക്കാഡമിക് ചർച്ചകളും കൂടാതെയാണ് ഈ തീരുമാനമെന്നും ഇത് പൊതുവിദ്യാഭ്യാസത്തെ പിന്നോട്ട് വലിക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു. മിനിമം മാർക്ക് ഒഴിവാക്കിയതോടെ വിദ്യാർത്ഥികൾക്ക് ലഭിച്ചിരുന്ന പഠന പിന്തുണാ ക്ലാസുകളും ഇല്ലാതാകും.

എഴുതാനും വായിക്കാനും അറിയാത്തവർ പത്താം ക്ലാസിൽ എ പ്ലസ് നേടുന്നതായി വിമർശനം ഉയർന്നതോടെയാണ് വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്താൻ എൽഡിഎഫ് സർക്കാർ മിനിമം മാർക്ക് സംവിധാനം ഏർപ്പെടുത്തിയത്. ആദ്യം എട്ടാം ക്ലാസിലും പിന്നീട് ഒമ്പതാം ക്ലാസിലും ഇത് നിർബന്ധമാക്കി. വിദ്യാർത്ഥികളെ കൈപിടിച്ച് ഉയർത്താൻ ശ്രമിച്ച, ദേശീയ അടിസ്ഥാനത്തിൽ തന്നെ അംഗീകാരം ലഭിച്ച ഈ പരിപാടിയാണ് ഇപ്പോൾ പിൻവലിക്കുന്നത്. സബ്ജക്ട് മിനിമം ഒഴിവാക്കുന്നതോടെ പരീക്ഷയ്ക്ക് 5 മാർക്ക് നേടിയാലും ജയിക്കാം എന്ന അപകടകരമായ അവസ്ഥയിലേക്ക് കുട്ടികളെ തള്ളിവിടുകയും വിദ്യാർത്ഥികളുടെ ഭാവിവെച്ച് പന്താടുകയുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഇതിനൊപ്പം പ്ലസ് വൺ ബാച്ച് സീറ്റ് അലോട്ട്മെന്റ് അഴിമതിയെക്കുറിച്ച് വരുന്ന വാർത്തകളിൽ വിജിലൻസ് അന്വേഷണം നടത്തണമെന്നും വി. ശിവൻകുട്ടി ആവശ്യപ്പെട്ടു. വകുപ്പ് മന്ത്രി ഇതൊക്കെ അറിയുന്നുണ്ടോ എന്ന് സംശയമുണ്ടെന്ന് പറഞ്ഞ അദ്ദേഹം, വിദ്യാഭ്യാസത്തെ കച്ചവടമാക്കാനും എയ്ഡഡ് മാനേജ്‌മെന്റിനെ സഹായിക്കാനുമാണ് നീക്കം നടക്കുന്നതെന്നും ആരോപിച്ചു.