
തിരുവനന്തപുരം : എൽഡിഎഫ് ഘടകകക്ഷിയായ കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണിയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ലെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. ജോസ് കെ മാണിയുടെ മുന്നണി മാറ്റം മാധ്യമങ്ങളുടെ മാത്രം ചർച്ചമാണെന്നും എവിടെ നിന്നാണ് വിവരം ലഭിച്ചതെന്ന് മാധ്യമങ്ങൾ വ്യക്തമാക്കണമെന്നും അടൂർ പ്രകാശ് ചൂണ്ടിക്കാട്ടി. ആരെയും നിർബന്ധിക്കില്ല. വരാൻ താൽപര്യമുള്ളവർ യുഡിഎഫിലേക്ക് വരും.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി കേരളത്തിൽ വിസ്മയം നടക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞതിനെ കുറിച്ച് അദ്ദേഹത്തോട് ചോദിക്കണം. ഒരു വിസ്മയവും യുഡിഎഫ് അവകാശപ്പെട്ടിട്ടില്ലെന്നും അടൂർ പ്രകാശ് വിശദീകരിച്ചു. എംപിമാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതുണ്ടോ എന്നത് എഐസിസി തീരുമാനിക്കുമെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.
യുഡിഎഫുമായി ചർച്ച നടത്തിയിട്ടില്ലെന്ന് ജോസ് കെ മാണി ആവർത്തിക്കുമ്പോഴും കേരള കോൺഗ്രസ് മാണി വിഭാഗത്തിൽ മുന്നണി മാറ്റത്തിനുള്ള അണിയറ നീക്കം സജീവമാണ്. ജോസ് കെ മാണി എൽഡിഎഫ് വിട്ട് പോകില്ലെന്ന് സിപിഎമ്മിനും ഉറപ്പിക്കാൻ കഴിയുന്നില്ല. ഇടത് നേതാക്കൾ കേരളാ കോൺഗ്രസ് എമ്മിൽ നിന്നുള്ള മന്ത്രിയായ റോഷി അഗസ്റ്റിനുമായി ആശയ വിനിമയം തുടരുകയാണ്. ജോസ് കെ മാണി യുഡിഎഫിലേക്ക് പോയാലും ഇടതിൽ ഉറച്ച് നിൽക്കാനാണ് റോഷിയുടെ തീരുമാനം. മറ്റന്നാൾ ചേരുന്ന സ്റ്റിയറിങ് കമ്മിറ്റി നിർണായകമാണ്. സ്റ്റിയറിങ് കമ്മിറ്റിയിൽ മുന്നണി മാറ്റത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. അതേ സമയം, മുന്നണി മാറ്റം സംബന്ധിച്ച ഒരു ചർച്ചയ്ക്കും പ്രസക്തി ഇല്ലെന്നാണ് പ്രമോദ് നാരായണൻ എം എൽ എ പ്രതികരിക്കുന്നത്. ഇക്കാര്യം ജോസ് കെ മാണി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രമോദ് നാരായണൻ ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam