സംസ്ഥാനത്തെ ആദ്യ ഹൈ‍ടെക് അറവുശാല തുരുമ്പെടുത്തു; തുറക്കാനാകാത്തത് വൈദ്യുതിയില്ലാത്തതിനാൽ

By Web TeamFirst Published Jun 27, 2019, 1:24 PM IST
Highlights

നടപടി വൈകിയാൽ സംസ്ഥാനത്തെ ആദ്യത്തെ ഹൈടെക് അറവുശാല പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരും. മുടക്കിയ ഒരു കോടിയും പാഴാകും

പത്തനംതിട്ട: കേരളത്തിൽ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ച ആദ്യത്തെ അറവുശാലയുടെ പ്രവർത്തനം അനിശ്ചിതത്വത്തിൽ. പത്തനംതിട്ട ഇരവിപേരൂർ പഞ്ചായത്ത് ആരംഭിച്ച ആധുനിക അറവുശാലയാണ് വൈദ്യുതി ലഭിക്കാത്തതിനാൽ പ്രവർത്തനം ആരംഭിക്കാൻ കഴിയാതെ അടച്ചിട്ടിരിക്കുന്നത്. 

ഇരവിപേരൂർ പഞ്ചായത്ത് ഒരു കോടിയോളം രൂപ മുതൽ മുടക്കിയാണ് വള്ളംകുളത്ത് ആധുനിക അറവുശാല സ്ഥാപിച്ചത്. സംസ്ഥാനത്ത് തന്നെ ആധുനിക രീതിയിൽ സ്ഥാപിച്ച ആദ്യത്തെ അറവുശാലയാണിത്. അറവുശാലയിലേക്ക് മാടുകളെ എത്തിക്കുന്നത് മുതൽ മാലിന്യ സംസ്കരണം വരെ പൂർണ്ണമായും സാങ്കേതിക വിദ്യയുടെ സഹായത്തോടെ, ശാസ്ത്രീയമായി ചെയ്യാവുന്ന രീതിയിലായിരുന്നു പദ്ധതി.

അതനുസരിച്ച് അമേരിക്കയിൽ നിന്ന് അത്യാധുനിക ഉപകരണങ്ങൾ ഇവിടേയ്ക്ക് എത്തിച്ചു. രണ്ട് വർഷം മുൻപ് അറവുശാല സജ്ജീകരിച്ചെങ്കിലും ഭിത്തികളിൽ ടൈലിന് പകരം സ്റ്റീൽ പാകിയതോടെ വൈദ്യുതി കണക്ഷൻ നൽകാൻ കെഎസ്ഇബി തയ്യാറായില്ല. 

വൈദ്യുതി ലഭിക്കുന്നതിനുള്ള അനുമതി വൈകുന്തോറും ഇറക്കുമതി ചെയ്ത ഉപകരണങ്ങളടക്കം നശിക്കുകയാണ്. നടപടിയുണ്ടായില്ലെങ്കിൽ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ അറവുശാല പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരും. ഇതുവരെ മുടക്കിയ തുകയും പാഴാകും.

click me!