കൈക്കൂലി കേസിൽ ടോമിൻ തച്ചങ്കരിക്കെതിരെ തെളിവില്ലെന്ന് വിജിലൻസ്

By Web TeamFirst Published Sep 20, 2020, 12:45 PM IST
Highlights

സംഭാഷണം താൻ റിക്കോർഡ് ചെയ്തിട്ടില്ലെന്നാണ് പാലക്കാട് ആർടിഒയായിരുന്ന ശരവണൻ നൽകിയിരുന്ന മൊഴി. തച്ചങ്കരിയെ വിളിച്ച ഫോണും അന്വേഷണ സംഘത്തിന് ലഭിച്ചില്ല. 

തിരുവനന്തപുരം: കൈക്കൂലി കേസിൽ ഡിജിപി ടോമിൻ ജെ.തച്ചങ്കരിക്ക് ക്ലീൻ ചിറ്റ്. ഗതാഗത കമ്മീഷണർ ആയിരിക്കെ പാലക്കാട് ആർടിഒയിൽ നിന്നും കൈക്കൂലി വാങ്ങിയെന്നായിരുന്നു കേസ്. പണം ആവശ്യപ്പെടുന്നതിൻറെ ശബ്ദരേഖയും പുറത്തുവന്നിരുന്നു. എന്നാൽ ആരോപണം തെളിയിക്കാനുള്ള തെളിവുകളില്ലെന്നാണ് വിജിലൻസ് റിപ്പോർട്ട്. 

സംഭാഷണം താൻ റിക്കോർഡ് ചെയ്തിട്ടില്ലെന്നാണ് പാലക്കാട് ആർടിഒയായിരുന്ന ശരവണൻ നൽകിയിരുന്ന മൊഴി. തച്ചങ്കരിയെ വിളിച്ച ഫോണും അന്വേഷണ സംഘത്തിന് ലഭിച്ചില്ല. ഇതേ തുടർന്നാണ് തെളിവുകളില്ലെന്ന് അന്വേഷണം നടത്തിയ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. 

അഴിമതി നിരോധന നിയമപ്രകാരം കേസ് നിലനിൽക്കില്ലെങ്കിലും വകുപ്പു തല അന്വേഷണത്തിന് റിപ്പോർട്ടിൽ ശുപാർശയുണ്ട്. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടർ ആയിരിക്കെയാണ് കേസെടുക്കാൻ നിർദ്ദേശം നൽകിയത്. യാസിൻ മുഹമ്മദ് ഐപിഎസ് വിരമിച്ചതിന് പിന്നാലെ ഡിജിപിയായി പ്രമോഷൻ ലഭിച്ച തച്ചങ്കരി നിലവിൽ ലോക്നാഥ് ബെഹ്റ കഴിഞ്ഞാൽ സംസ്ഥാനത്തെ ഏറ്റവും സീനിയറായ ഐപിഎസ് ഉദ്യോ​ഗസ്ഥനാണ്. 

click me!