
തിരുവനന്തപുരം: എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ പോലും രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. എക്‌സാലോജിക് എന്ന കമ്പനിക്ക് സേവനം നൽകാതെ പണം നൽകിയെന്ന ഗുരുതര ആരോപണമാണ് ഉയർന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംസ്ഥാന സർക്കാരിന് വിവരങ്ങളും തെളിവുകളും കൈമാറിയിട്ടും എഫ് ഐ ആർ രജിസ്റ്റർ ചെയ്യാനോ വിജിലൻസ് അന്വേഷണം നടത്താനോ സർക്കാർ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കണം
ഒരു രാഷ്ട്രീയ അഴിമതി നടന്നുവെന്ന ആരോപണം ഗൗരവമായി അന്വേഷിക്കേണ്ടതാണ്. മുൻ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് സേവനം നൽകാതെ പണം നൽകിയെന്ന ആരോപണവും അതുമായി ബന്ധപ്പെട്ട രേഖകളും പൊതുസമൂഹത്തിന് മുന്നിലുണ്ട്. എന്നാൽ ഇതിൽ നിയമാനുസൃതമായ അന്വേഷണം നടത്തുന്നതിന് പകരം സർക്കാർ എല്ലാം മറച്ചുവയ്ക്കാൻ ശ്രമിക്കുന്ന സാഹചര്യമാണുള്ളത്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ അന്വേഷണം നീട്ടിക്കൊണ്ടുപോകുന്നത് ജനങ്ങളിൽ സംശയം ഉണ്ടാക്കുന്നതാണ്.
സി എം ആർ എൽ. കമ്പനിയുടെ ഡയറിയിൽ ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ പേരും പരാമർശിക്കപ്പെട്ടിട്ടുണ്ടെന്ന വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതിൽ പണം കൈപ്പറ്റിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി തന്നെ മറുപടി നൽകണം. ആരോപണങ്ങളിൽ കഴമ്പില്ലെങ്കിൽ അന്വേഷണത്തിലൂടെ അത് വ്യക്തമാക്കുകയാണ് വേണ്ടത്. പിന്നെ എന്തുകൊണ്ടാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാത്തതെന്നും മുഖ്യമന്ത്രി വിശദീകരിക്കണം.
അധികാരത്തിൽ എത്തി 150 ദിവസം പിന്നിട്ടിട്ടും സംസ്ഥാന സർക്കാരിന് ജനങ്ങളോട് പറയാനുള്ളത് എന്താണെന്ന ചോദ്യം പ്രസക്തമാണ്. ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് നടന്ന അതേ രീതിയിലുള്ള അഴിമതിയും ഇരട്ടത്താപ്പും വാഗ്ദാന ലംഘനങ്ങളും കോൺഗ്രസ് സർക്കാരിന്റെ കാലത്തും തുടരുകയാണോ എന്നതാണ് ജനങ്ങൾ ചോദിക്കുന്നത്. പത്ത് വർഷം കൊണ്ട് എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ പിണറായി വിജയൻ കേരളത്തിന് നൽകിയതെന്താണ്? അഴിമതി ആരോപണങ്ങളും വികസനമില്ലായ്മയും തൊഴിലില്ലായ്മയും വിലക്കയറ്റവുമല്ലേ ജനങ്ങൾ നേരിട്ടത്.
150 ദിവസം പിന്നിട്ട വി.ഡി. സതീശൻ സർക്കാരിൽ നിന്നും ജനങ്ങൾക്ക് എന്താണ് ലഭിച്ചത് എന്ന ചോദ്യത്തിനും വ്യക്തമായ മറുപടി വേണം. ഇടതുപക്ഷം നൽകിയതിന്റെ തുടർച്ച തന്നെയാണോ കോൺഗ്രസ് സർക്കാരും നൽകുന്നത് എന്ന സംശയം ജനങ്ങൾക്കുണ്ട്. അതിനപ്പുറം റേഞ്ച് റോവറും സ്വകാര്യ ജെറ്റും ഉൾപ്പെടെയുള്ള ജീവിതശൈലിയുടെ പ്രദർശനങ്ങളാണോ ഈ 150 ദിവസത്തെ സർക്കാരിന്റെ സംഭാവനയെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു.
ജനങ്ങളെ വിഡ്ഢികളാക്കി, അവരുടെ വിശ്വാസത്തെ ചൂഷണം ചെയ്ത് മുന്നോട്ടുപോകുന്ന കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും രാഷ്ട്രീയത്തെക്കുറിച്ച് ഗൗരവമായ ചർച്ച നടക്കേണ്ട സമയമാണിത്. അഴിമതി ആരോപണങ്ങളിൽ രാഷ്ട്രീയ ഒത്തുതീർപ്പല്ല, നിയമാനുസൃതമായ അന്വേഷണം തന്നെയാണ് വേണ്ടത്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് സമഗ്രമായ അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam