
കൊച്ചി: ജീവനക്കാരുടെ പണിമുടക്കിനെ തുടർന്ന് താറുമാറായ എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ ഇന്നും സാധാരണ നിലയിലായില്ല. രാവിലെ വിവിധ സർവീസുകൾ റദ്ദാക്കിയതായി അറിയിപ്പ് വന്നു. കണ്ണൂരില്‍ നിന്നുള്ള രണ്ട് സര്‍വീസുകളും കൊച്ചിയിൽ നിന്നുള്ള ഒരു സർവീസുമാണ് തിങ്കളാഴ്ച രാവിലെ റദ്ദാക്കിയത്. അബുദാബി, റിയാദ്, ദമാം, ബഹ്റൈൻ എന്നിവിടങ്ങളിൽ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ട സർവീസുകൾ റദ്ദാക്കി. രാവിലെ പുറപ്പെടേണ്ട ദമാം ,ബഹ്റൈൻ സർവീസുകളും മുടങ്ങിയിരുന്നു. ആഭ്യന്തര സെക്ടറിൽ ബാംഗ്ലൂരു, കൊൽക്കത്ത, ഹൈദരാബാദ് സർവീസുകളും ഇന്ന് മുടങ്ങി.
കൊച്ചിയിൽ നിന്നുള്ള ചില സർവീസുകൾ ഇന്നലെയും മുടങ്ങിയിരുന്നു. സൗദി അറേബ്യയിലെ ദമാം, ബഹ്റൈൻ എന്നിവിടങ്ങളിലേക്ക് കൊച്ചിയിൽ നിന്നുള്ള വിമാന സർവീസുകളാണ് ഇന്നലെ മുടങ്ങിയത്. അബുദാബി, റിയാദ്, ദമാം, ബഹ്റൈൻ എന്നിവിടങ്ങളിൽ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ട സർവീസുകളും ഇന്നലെയുണ്ടായില്ല. ആഭ്യന്തര സർവീസ് സെക്ടറിൽ കൊച്ചിയിൽ നിന്നുള്ള ബംഗളൂരു ,കൊൽക്കത്ത, ഹൈദരാബാദ് സർവീസുകളും ഇന്നലെ മുടങ്ങിയിരുന്നു.
ജീവനക്കാർ സമരം പിൻവലിച്ചെങ്കിലും സർവീസുകൾ പൂർണമായും സാധാരണ നിലയിലാകാത്തതാണ് കഴിഞ്ഞ ദിവസവും വിമാനങ്ങൾ റദ്ദാക്കാൻ കാരണം. സമരം മൂലം വിമാനത്താവളങ്ങൾക്കും കോടികളുടെ വരുമാന നഷ്ടമാണുണ്ടായത്. വിവിധ വിമാനത്താവളങ്ങളിലായി ലക്ഷക്കണക്കിന് ആളുകളുടെ യാത്രയും മുടങ്ങി. ഗൾഫിലും മറ്റ് ജോലി ചെയ്തിരുന്ന, അവധിക്ക് നാട്ടിൽ വന്ന പ്രവാസികൾക്ക് യഥാസമയം മടങ്ങാൻ സാധിക്കാതെ വന്നതുകൊണ്ട് ജോലി നഷ്ടപ്പെടുന്നത് ഉൾപ്പെടെയുള്ള സാഹചര്യങ്ങൾ വേറെയും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam