
കണ്ണൂർ: എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജി തലശ്ശേരി സെഷൻസ് കോടതിയിലേക്ക് മാറ്റി. നിലവിലെ ചട്ടപ്രകാരം കേസ് പരിഗണിക്കേണ്ടത് സെഷൻസ് കോടതിയാണ്. ഈ സാഹചര്യത്തിലാണ് ഹർജി സെഷൻസ് കോടതിയിലേക്ക് മാറ്റിയത്. കേസിൽ ഇരുവിഭാഗങ്ങളുടേയും വിശദമായ വാദം കോടതി കേട്ടിരുന്നു. അതിന് ശേഷം ഇന്നത്തേക്ക് വിധി പറയാൻ മാറ്റുകയായിരുന്നു. ഇന്ന് കേസ് പരിഗണിച്ച കോടതി ഹർജി തലശ്ശേരി സെഷൻസ് കോടതിയിലേക്ക് മാറ്റുകയായിരുന്നു.
എസ്ഐടി അന്വേഷണം തൃപ്തികരമല്ലെന്ന് വ്യക്തമാക്കിയും അന്വേഷണത്തിലെ പിഴവുകള്‍ ചൂണ്ടികാണിച്ചുമാണ് നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷ തുടരന്വേഷണത്തിനായി കോടതിയിൽ ഹര്‍ജി നൽകിയത്. കുറ്റപത്രത്തിലെ 13 പിഴവുകള്‍ ഹര്‍ജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. പ്രതി ഭരിക്കുന്ന പാര്‍ട്ടിയുടെ ഭാഗമായിട്ടും ശരിയായ തെളിവുകള്‍ ശേഖരിച്ചില്ലെന്നും പ്രശാന്തനില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന് വ്യാജകേസ് നിര്‍മ്മിക്കാന്‍ ശ്രമിച്ചുവെന്നുമാണ് ഹര്‍ജിയിൽ പറഞ്ഞത്. ശരിയായ അന്വേഷണം നടത്തിയാല്‍ വ്യാജ ആരോപണം തെളിയിക്കാന്‍ കഴിയും. വകുപ്പുതല അന്വേഷണത്തിലെ കണ്ടെത്തല്‍ പൊലീസ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയില്ല. പ്രശാന്തന്‍ പിപി ദിവ്യയുടെ ബെനാമി ആണെന്ന സൂചനയുണ്ടായിട്ടും അന്വേഷിച്ചില്ല. ഇലക്ട്രോണിക് തെളിവുകളില്‍ പലതിലും ക്രമക്കേട് ഉണ്ടെന്നും സിഡിആര്‍ പലതും ശേഖരിച്ചില്ലെന്നും ഹര്‍ജിയിൽ പറഞ്ഞിരുന്നു. എസ്ഐടി അന്വേഷണത്തിലെ വീഴ്ചകൾ എണ്ണിപ്പറഞ്ഞാണ് പുതിയ ഹർജിയുമായി കോടതിയെ സമീപിച്ചത്. ഇതേ സംഘം തന്നെ പഴുതടച്ച് വീണ്ടും അന്വേഷിക്കണമെന്നുമായിരുന്നു കുടുംബത്തിൻ്റെ ആവശ്യം.