
പത്തനംതിട്ട: യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസുമായി ബന്ധപ്പെട്ട് അടൂരിൽ വ്യാപക പരിശോധന. ക്രൈം ബ്രാഞ്ച് ആണ് പരിശോധന നടത്തുന്നത്. രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട പ്രവർത്തകരുടെ വീടുകളിലാണ് പരിശോധന നടത്തുന്നത്. വ്യാജ തിരിച്ചറിയൽ കാർഡ് കേസില്‍ രാഹുലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാൻ തീരുമാനിച്ചിരുന്നു. ശനിയാഴ്ച ഹാജരാകാൻ രാഹുലിന് ക്രൈംബ്രാഞ്ച് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് അടൂരിലെ രാഹുലിൻ്റെ അടുപ്പക്കാരുടെ വീടുകളിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തുന്നത്.
പ്രതികളുടെ ശബ്ദരേഖയിൽ രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ പേരും ഉൾപ്പെട്ടിരുന്നു. ഇതോടെയാണ് രാഹുലിനെ വീണ്ടും വിളിപ്പിക്കുന്നത്. മൂന്നാം പ്രതി അഭിനന്ദ് വിക്രമിൻ്റെ ഫോണിലെ ശബ്ദരേഖയിലാണ് രാഹുലിൻ്റെ പേര് പരാമർശിക്കുന്നത്. കേസില്‍ നിലവില്‍ 7 പ്രതികളാണ് ഉള്ളത്. വ്യാജ തിരിച്ചറിയൽ രേഖ കേസില്‍ പൊലീസിന്‍റെ ആദ്യത്തെ ചോദ്യം ചെയ്യലില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. കേസിൽ അറസ്റ്റിലായ പ്രതികളുമായി ബന്ധമുണ്ടെങ്കിലും അവർ വ്യാജ രേഖയുണ്ടായതായി അറിയില്ലെന്നും, അത്തരത്തില്‍ വോട്ടുകള്‍ ലഭിച്ചിട്ടില്ലെന്നുമായിരുന്നു രാഹുലിന്‍റെ മൊഴി. നാല് മണിക്കൂർ നീണ്ട മൊഴിയെടുപ്പിലാണ് വ്യാജ തിരിച്ചറിയർ കാർഡിനെ കുറിച്ച് ഒന്നുമറിയില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ വിശദീകരിച്ചത്. അതേസമയം, സംഘടനാ തെരഞ്ഞെടുപ്പിൽ വ്യാപകമായി വ്യാജ കാർഡുകള്‍ ഉപയോഗിച്ചുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പൊലീസ് റിപ്പോർട്ട് നൽകിയിട്ടുമുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam