സ്പ്രിംഗ്ളര്‍ മുതൽ ലൈഫ് പദ്ധതിയിലെ കമ്മീഷൻ വരെ: വിവാദകരാറുകളിൽ അന്വേഷണം ഇഴയുന്നു

Published : Aug 17, 2020, 10:53 AM ISTUpdated : Aug 17, 2020, 10:54 AM IST
സ്പ്രിംഗ്ളര്‍ മുതൽ ലൈഫ് പദ്ധതിയിലെ കമ്മീഷൻ വരെ: വിവാദകരാറുകളിൽ അന്വേഷണം ഇഴയുന്നു

Synopsis

സ്വപ്നയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ്, സ്പേസ് പാര്‍ക്ക് നിയമനം, അധികാരദുര്‍വിനിയോഗം,ഇ മൊബിലിറ്റി പദ്ധതിയിലെ കണ്‍സള്‍ട്ടന്‍സി നിയമന അന്വേഷണം, സ്പ്രിഗ്ളർ കരാർ, റീബിൽഡ് കേരളയിലേക്കായി ചീഫ് സെക്രട്ടറി രണ്ട് വിദേശ കമ്പനികളെ ശുപാർശ ചെയ്ത സംഭവം..... ഇങ്ങനെ ഈ സർക്കാരിനെതിരെ കഴിഞ്ഞ മാസങ്ങളിൽ ഉയർന്ന ആരോപണങ്ങളിലൊന്നും അന്വേഷണം  എങ്ങുമെത്തിയിട്ടില്ല. 

തിരുവനന്തപുരം: സര്‍ക്കാരിനെ വിവാദച്ചുഴിയിലാക്കിയ സുപ്രധാനവിഷയങ്ങളില്‍ എങ്ങുമെത്താതെ അന്വേഷണം ഇഴയുന്നു. സ്പ്രിംങ്ക്ളര്‍ മുതല്‍ ലൈഫ്ഫ്ലാറ്റിലെ കരാറടക്കം ദുരൂഹമായി തുടരുകയാണ്. സ്വപ്ന സുരേഷിന്‍റെ ഇടപെടലുകളെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ സര്‍ക്കാരിനെ കൂടുതല്‍ കുരുക്കിലാക്കുമ്പോള്‍ ഇഴഞ്ഞ് നീങ്ങുന്ന അന്വേഷണങ്ങളും ചര്‍ച്ചയാകുകയാണ്.

എല്‍ഡിഎഫ് സര്‍ക്കാരിനെ പിടിച്ച് കുലുക്കിയ ആദ്യത്തെ കൺസൽട്ടൻസി കരാ‍ർ വിവാദം സ്പ്രിംഗ്ളര്‍ ആണ്. ആരോടുമാലോചിക്കാതെ ഐടി സെക്രട്ടറി നേരിട്ടാണ് അമേരിക്കന്‍ കമ്പനിയുമായുള്ള കരാര്‍ ധാരണയാക്കിയത്. കൊവിഡ് രോ​ഗികളുടെ അടക്കം വിവരങ്ങൾ സ്വകാര്യ കമ്പനി കൈകാര്യം ചെയ്യുന്നുവെന്ന വിവരം പുറത്തു വന്നതോടെ കരാ‍ർ വിവാദമായി. 

സിപിഎമ്മിന്‍റെയും എല്‍ഡിഎഫിന്‍റെയും പ്രഖ്യാപിത നയങ്ങള്‍ തന്നെ ചോദ്യം ചെയ്യപ്പട്ടപ്പോള്‍ രണ്ടംഗ അന്വേഷണ കമ്മീഷനെ സര്‍ക്കാര്‍ നിയോഗിച്ചു. ഒരുമാസത്തിനകം റിപ്പോര്‍ട്ട് തരണമെന്ന് പറഞ്ഞ് കമ്മീഷനെ വച്ചത് ഏപ്രില്‍ 20ന്. രണ്ട് മാസം കഴിഞ്ഞിട്ടും ഒന്നുമാകാതിരുന്നപ്പോള്‍ ജൂണ്‍ 25-ലെ പ്രതിദിന വാ‍ർത്താസമ്മേളനത്തിൽ അന്വേഷണം എന്തായെന്ന് മുഖ്യമന്ത്രിയോട് ചോദിച്ചു. അന്വേഷണം ഇപ്പോഴും തുടരുന്നുവെന്നായിരുന്നു അന്ന് മുഖ്യമന്ത്രിയുടെ മറുപടി. 

ഈ മറുപടി പറഞ്ഞിട്ട് ഇന്നേക്ക് 48 ദിവസമാകുന്നു. അതായത് അന്വേഷണം തുടങ്ങിയിട്ട് 100 ദിവസം കഴിഞ്ഞു. രണ്ടം​ഗ അന്വേഷണ കമ്മീഷൻ്റെ തലവനായിരുന്ന രാജീവ് സദാനന്ദന്‍ ഇപ്പോള്‍ സര്‍ക്കാരിന്‍റെ കോവിഡ് ഉപദേശകനാണ്. ഒറ്റക്ക് എന്ത് ചെയ്യണമെന്നറിയാതെ മറ്റൊരു കമ്മീഷനംഗം മുന്‍ വ്യോമയാന സെക്രട്ടറി മാധവന്‍ നമ്പ്യാര്‍ പകച്ച് നില്‍ക്കുന്നു. ഇവിടെ തീരുന്നു സ്പ്രിംഗ്ളര്‍ അന്വേഷണം.

സ്വപ്നയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ്, സ്പേസ് പാര്‍ക്ക് നിയമനം, അധികാരദുര്‍വിനിയോഗം തുടങ്ങിയ വിഷയങ്ങളിലെ അന്വേഷണവും ഇഴഞ്ഞ് നീങ്ങുകയാണ്. ഇ മൊബിലിറ്റി പദ്ധതിയിലെ കണ്‍സള്‍ട്ടന്‍സി നിയമന അന്വേഷണവും എങ്ങുമെത്തിയില്ല.

മുഖ്യമന്ത്രിയും സംഘവും നെതര്‍ലന്‍റ്സില്‍ പോയപ്പോള്‍ സഹായം ചെയ്തതിന്‍റെ പേരില്‍ 2 വിദേശ കമ്പനികളെ റീബില്‍ഡ് കേരള പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി പട്ടികയില്‍ പെടുത്തണമെന്ന് ചീഫ് സെക്രട്ടറി എഴുതിയത് വിവാദമായിരുന്നു. ഇക്കാര്യം പരിശോധിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ട് ഇന്നേക്ക് 23 ദിവസമായി. ഒന്നും പരിശോധിച്ചിട്ടില്ല, ഒന്നും നടന്നതുമില്ല. 

ഇതിനിടെയാണ് സര്‍ക്കാരിന് വീണ്ടും നാണക്കേടായി സ്വപ്ന ലൈഫ് പദ്ധതിയില്‍ നിന്ന് 1 കോടി തട്ടിയ വാര്‍ത്ത പുറത്ത് വന്നത്. സര്‍ക്കാരിന്‍റെ അഭിമാന പദ്ധതിയില്‍ നിന്ന് ഇവര്‍ക്ക് ഒരുകോടി എങ്ങനെ കിട്ടി. കരാറുണ്ടാക്കിയതാര്, കരാറെവിടെ, ഇത് നിയമപരമായിരുന്നോ, മുഖ്യമന്ത്രിയും യുഎഇ അധികൃതരും ചേര്‍ന്നുണ്ടാക്കിയ കരാറില്‍ സ്വപ്നക്കെങ്ങനെ പണം കിട്ടും ഇതിനൊന്നും ഇതുവരെ ഉത്തരമില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബിനോയ് കുര്യൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാകും, വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ടി ശബ്ന
'ലോഹപാളികളിലേത് ശബരിമല സ്വർണമാണെന്നറിഞ്ഞ് തന്നെയാണ് കൊള്ളയ്ക്ക് കൂട്ട് നിന്നത്'; ഗോവർദ്ധനെയും പങ്കജ് ഭണ്ഡാരിയെയും കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി