പരാധീനതകൾക്ക് നടുവിൽ കാസർകോട് മെഡിക്കൽ കോളേജ്, കിടത്തിചികിത്സയില്ല, ഒപി ഉച്ചവരെ മാത്രം

By Web TeamFirst Published Jan 17, 2023, 6:54 AM IST
Highlights

ഉച്ചവരെയുള്ള ഒപിയില്‍ ഡോക്ടര്‍മാര്‍ പേരിന് മാത്രം. സ്കാനിംഗ് സൗകര്യമില്ല. ആംബുലന്‍സില്ല. ഇപ്പോഴുള്ളത് 14 ഡോക്ടര്‍മാരും 22 നഴ്സുമാരും മാത്രം

കാസര്‍കോട്:പേരില്‍ മാത്രമാണ് കാസര്‍കോട് ഉക്കിനടുക്കയിലെ മെഡിക്കല്‍ കോളേജ്. ഇവിടെ കിടത്തി ചികിത്സയില്ല. ഒപി ഉച്ചവരെ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. 2013 ല്‍ തറക്കല്ലിട്ടെങ്കിലും ആശുപത്രി കെട്ടിടത്തിന്‍റെ നിര്‍മ്മാണം പോലും ഇതുവരെ പൂര്‍ത്തിയായിട്ടില്ല.

 

രേഖകളില്‍ കാസര്‍കോട് മെഡിക്കല്‍ കോളേജ്. പ്രവര്‍ത്തനത്തില്‍ പക്ഷേ പ്രൈമറി ഹെല്‍ത്ത് സെന്‍ററിന്‍റെ സൗകര്യങ്ങള്‍ മാത്രം. ഉച്ചവരെയുള്ള ഒപിയില്‍ ഡോക്ടര്‍മാര്‍ പേരിന്. സ്കാനിംഗ് സൗകര്യമില്ല. ആംബുലന്‍സില്ല. ഇപ്പോഴുള്ളത് 14 ഡോക്ടര്‍മാരും 22 നഴ്സുമാരും മാത്രം.എംഎല്‍എ അടക്കമുള്ളവര്‍ ധര്‍ണ്ണ നടത്തിയതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഒപിയെങ്കിലും തുടങ്ങിയത്.

അഡ്മിനിസ്ട്രേറ്റീവ് കെട്ടിടത്തിലാണ് ഇപ്പോള്‍ രോഗികളെ പരിശോധിക്കുന്നത്. ആശുപത്രി കെട്ടിടം നിര്‍മ്മാണം പൂ‍‍ർത്തിയായിട്ടില്ല. എട്ട് കോടി രൂപ കുടിശിക ഉള്ളതിനാല്‍ കരാറുകാരൻ നിര്‍മ്മാണം നിര്‍ത്തി. ഫലത്തില്‍ കിടത്തി ചികിത്സ അടുത്തൊന്നും തുടങ്ങാനാവില്ല.ആരോഗ്യ ചികിത്സാ മേഖലയില്‍ പിന്നോക്കം നില്‍ക്കുന്ന കാസര്‍കോട് ജില്ലയ്ക്ക് മെഡിക്കല്‍ കോളേജിലും അവഗണന മാത്രം.
ആരോഗ്യമന്ത്രിയുടെ ഉറപ്പുകൾ പാഴായി,പേരിൽ മാത്രമൊതുങ്ങി വയനാട് മെഡി.കോളജ്,വിദഗ്ധ ചികിത്സക്ക് ചുരമിറങ്ങണം

click me!