
വയനാട് : ജില്ലാ ആശുപത്രിയുടെ പേരു മാറ്റി മെഡിക്കൽ കോളജ് എന്ന ബോർഡ് സ്ഥാപിച്ചതല്ലാതെ വയനാട്ടിലെ ചികിത്സ സംവിധാനങ്ങൾ മെച്ചപ്പെടുത്താതെ സംസ്ഥാന സർക്കാർ. ആരോഗ്യവകുപ്പ് മന്ത്രി ജില്ലയിലെത്തി വാഗ്ദാനങ്ങൾ നൽകി വഞ്ചിക്കുകയാണെന്നാണ് പരാതി. ജില്ലയ്ക്ക് സ്വന്തമായി മെഡിക്കൽ കോളേജുണ്ടായിട്ടും ചികിത്സയ്ക്കായി കോഴിക്കോടേക്ക് ചുരമിറങ്ങേണ്ട ഗതികേടിലാണ് വയനാട്ടുകാർ ഇന്നുമുള്ളത്.
കടുവയുടെ ആക്രമണത്തിൽ മരിച്ച തോമസിന്‍റെ മകളുടെ പൊട്ടികരച്ചിൽ ഒറ്റപ്പെട്ട സംഭവമല്ല. വയനാട്ടിലെ ചികിത്സ സംവിധാനങ്ങളുടെ പോരായ്മ മൂലം നൂറ്കണക്കിന് പേരുടെ ജീവനുകളാണ് പൊലിഞ്ഞത്. ഒന്നാം പിണറായി സർക്കാർ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് മാനന്തവാടി ജില്ലാശുപത്രി മെഡിക്കൽ കോളേജായി ഉയർത്തിയത്. രണ്ട് വർഷമാകാറായെങ്കിലും പേരിൽ മാത്രമാണ് ഈ മാറ്റമുണ്ടായത്.
അത്യാസന്ന നിലയിൽ ചികിത്സ തേടി എത്തുന്ന രോഗികളെ മടക്കി അയക്കേണ്ടി വരുന്നു. ആധുനിക ചികിത്സ സംവിധാനങ്ങളൊന്നുമില്ല. വിദഗ്ധ ഡോക്ടർമാരില്ല. മുൻപ് ജില്ലാ ആശുപത്രിയായിരുന്നപ്പോൾ ഉണ്ടായിരുന്ന കിടക്ക സൗകര്യം തന്നെയാണ് നിലവിലും. മെഡിക്കൽ കോളജിലേക്കായി തസ്തികകൾ സൃഷ്ടിച്ചതല്ലാതെ മാറ്റം ഉണ്ടായിട്ടില്ല. കാത്ത്‌ലാബ് അനുവദിച്ചിട്ട് വർഷങ്ങളായെങ്കിലും ഇതുവരെ പൂർത്തിയാക്കാനായില്ല. ഹൃദയസംബന്ധമായ അസുഖങ്ങളുമായി മാനന്തവാടി മെഡിക്കൽ കോളജിൽ എത്തുന്നവർക്ക് ചികിത്സ ലഭിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്.
തവിഞ്ഞാൽ പഞ്ചായത്തിലെ ബോയ്‌സ് ടൗണിൽ അക്കാദമിക ബ്ലോക്ക് തുടങ്ങുന്നതിന് സ്ഥലം കണ്ടെത്തിയിട്ടും ഏറെ നാളായി. കെട്ടിട നിർമാണവും അധ്യാപക നിയമനങ്ങളും പൂർത്തീകരിച്ചാലേ മെഡിക്കൽ കൗൺസിൽ അംഗീകാരം നേടാനാകൂ.
കടുവയുടെ ആക്രമണം: മരിച്ച കർഷകന് വയനാട് മെഡി.കോളജിൽ മികച്ച ചികിൽസ കിട്ടിയില്ല-ആരോപണവുമായി ബന്ധുക്കൾ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam