തുടർ വികസനത്തിന് സ്ഥലമില്ല, ഇൻഫോപാർക്കിന്റെ രണ്ടാം ഘട്ട വികസനം അനിശ്ചിതാവസ്ഥയിൽ 

By Web TeamFirst Published Apr 17, 2022, 8:53 AM IST
Highlights

കെ റെയിലിനായി സ്ഥലം വിട്ട് കൊടുക്കേണ്ടി വരുന്നതോടെ ഇൻഫോപാർക്കിന്‍റെ രണ്ടാം ഘട്ട വികസനം അനിശ്ചിതാവസ്ഥയിലാണ്. സ്മാർട്ട് സിറ്റി കമ്പനികളെ കാത്തിരിക്കുമ്പോൾ ഇൻഫോപാർക്ക് തുടർ വികസനങ്ങൾക്ക് സ്ഥലമില്ലാത്ത അവസ്ഥയിലാണ്.

കൊച്ചി: സ്മാർട്ട് സിറ്റി കിതക്കുമ്പോഴും കഴിഞ്ഞ പത്ത് വർഷത്തിനിടെ സംസ്ഥാന സർക്കാർ ഐടി പാർക്കുകളിലുണ്ടായത് വലിയ വികസന കുതിപ്പാണ്. തുടക്കത്തിൽ സ്മാർട്ട് സിറ്റി പദ്ധതിക്കായി യുഡിഎഫ് സർക്കാർ ടീകോമിന് കൈമാറാൻ ഒരുങ്ങിയ ഇൻഫോപാർക്കിൽ പത്ത് വർഷത്തിനിടെ മൂന്നിരട്ടിയിലധികം തൊഴിലവസരങ്ങളുണ്ടായി. എന്നാൽ കെ റെയിലിനായി സ്ഥലം വിട്ട് കൊടുക്കേണ്ടി വരുന്നതോടെ ഇൻഫോപാർക്കിന്‍റെ രണ്ടാം ഘട്ട വികസനം അനിശ്ചിതാവസ്ഥയിലാണ്. സ്മാർട്ട് സിറ്റി കമ്പനികളെ കാത്തിരിക്കുമ്പോൾ ഇൻഫോപാർക്ക് തുടർ വികസനങ്ങൾക്ക് സ്ഥലമില്ലാത്ത അവസ്ഥയിലാണ്.

2004 ൽ സ്മാർട്ട് സിറ്റി പദ്ധതി വിഭാവനം ചെയ്ത ഉമ്മൻ ചാണ്ടി സർക്കാർ ഇൻഫോപാർക്ക് ഉൾപ്പടെ ടീകോമിന് കൈമാറിയുള്ള കരാറായിരുന്നു തയ്യാറാക്കിയത്. വലിയ വികസനമെത്താൻ ഇൻഫോപാർക്കും സ്മാർട്ട് സിറ്റിക്കായി വിട്ട് നൽകണമെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ നിർദ്ദേശം. എന്നാൽ ഇത് അനുവദിക്കില്ലെന്ന് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദനും നിലപാടെടുത്തു. 

എൽഡിഎഫ് പ്രതിഷേധം ശക്തമായതോടെ കരാറിൽ കാതലായ മാറ്റങ്ങളുണ്ടായി. ഉമ്മൻ ചാണ്ടി സർക്കാർ മാറി വി എസ് സർക്കാർ ഭരണത്തിലെത്തിയപ്പോൾ ഇൻഫോപാർക്ക് കൈമാറുന്നത് കരാറിൽ നിന്ന് ഒഴിവാക്കി. ഒടുവിൽ 2011 ൽ വി എസ് സർക്കാർ തന്നെ ടീകോമുമായി കരാർ ഒപ്പിട്ടു. പ്രത്യേക സാമ്പത്തിക മേഖല പദവി നൽകി 246 ഏക്കർ ടീകോമിന് കൈമാറി. 

പത്ത് വർഷത്തിനിപ്പുറവും ട്രാക്കിലാകാതെ കൊച്ചി സ്മാർട് സിറ്റി പദ്ധതി; തൊഴിലവസരങ്ങൾ പരിമിതം, വാ​ഗ്ദാനങ്ങൾ ജലരേഖ

പത്ത് വർഷത്തിനിപ്പുറം സ്മാർട്ട് സിറ്റി വികസനം എവിടെയും എത്താതെ നിൽക്കുമ്പോൾ അന്ന് സംസ്ഥാന സർക്കാരിന് നഷ്ടപ്പെടുമായിരുന്ന ഇൻഫോപാർക്ക് ഇന്ന് നേടിയത് അഭിമാനകരമായ വളർച്ചയാണ്. 225 ൽ 150 ഏക്കർ ഭൂമി മാത്രമാണ് ഇൻഫോപാർക്കിൽ പ്രത്യേക സാമ്പത്തിക മേഖല. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇൻഫോപാർക്കിലെ കമ്പനികളുടെ എണ്ണം 125 ൽ നിന്ന് 412 ലെത്തി. ജീവനക്കാർ 18,220ൽ നിന്ന് 55,000 ലേക്കും ഉയർന്നു. ഇൻഫോപാർക്ക് ഫെയ്സ് വണ്ണിൽ 3.6 ഏക്കർ ഭൂമി മാത്രമാണ് വികസിപ്പിക്കാനായി ഇനിയുള്ളത്. ഫെയ്സ് രണ്ടിൽ ബാക്കിയുള്ള 50 ശതമാനം ഭൂമി വിവിധ കമ്പനികൾക്കായി അനുവദിച്ചിരുന്നു. എന്നാൽ ഈ ഭാഗത്തിലൂടെയാണ് ഡിപിആർ പ്രകാരം കെ റെയിൽ കടന്ന് പോകുന്നത്. അതിവേഗ റെയിൽപാതയുടെ എറണാകുളം ജില്ലയിലെ സ്റ്റേഷനും പണിയേണ്ടതും ഫെയ്സ് 2 വിലെ ഭൂമിയിലാണ്. കെ- റെയിലിനായി സ്ഥലം വിട്ട് കൊടുക്കേണ്ടി വരുന്നതോടെ ഇൻഫോപാർക്കിന് തുടർവികസനത്തിന് സ്ഥലമില്ലാതാകും.

ഭാവിയിൽ ഐടി ഇടനാഴികൾ വഴി വികേന്ദ്രീകൃത ഐടി പാർക്കുകൾ വരുമെങ്കിലും പ്രധാന ഐടി പാർക്കുകളുടെ പ്രസക്തി കുറയില്ലെന്നാണ് വിലയിരുത്തൽ. കൊവിഡ് കാലത്തെ വർക്ക് ഫ്രം ഹോമിന് പരിമിതികൾ ഏറെയുണ്ട്. ഡേറ്റ സെക്യൂരിറ്റി ഉൾപ്പടെ കണക്കിലെടുത്ത് കമ്പനികൾ വർക്ക് ഫ്രം ഓഫീസിലേക്ക് തന്നെ മാറും. കെ റെയിൽ പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോയാൽ ഇൻഫോപാർക്കിൽ പുതിയ നിക്ഷേപങ്ങൾക്കൊന്നും സ്ഥലമില്ലാതാകും. അങ്ങനെയെങ്കിൽ കൊച്ചിയിൽ പുതിയ വികസന പദ്ധതികൾക്കായി സ്മാർട് സിറ്റിയിലേക്ക് തന്നെ നിക്ഷേപകരെക്കാനും സാധ്യതകളേറെ. സർക്കാർ ഐടി പാർക്കിന്‍റെ ഇനിയുള്ള വളർച്ച അനിശ്ചിത അവസ്ഥയിലാണ്. സ്മാർട്ട് സിറ്റിയിൽ കൂടുതൽ തൊഴിലവസരങ്ങൾ സമയബന്ധിതമായി നേടിയെടുത്തില്ലെങ്കിൽ സംസ്ഥാനത്തിന്‍റെ ഐടി വികസനത്തെ തന്നെ ഇത് ബാധിക്കും. 

click me!