Asianet News MalayalamAsianet News Malayalam

പത്ത് വർഷത്തിനിപ്പുറവും ട്രാക്കിലാകാതെ കൊച്ചി സ്മാർട് സിറ്റി പദ്ധതി; തൊഴിലവസരങ്ങൾ പരിമിതം, വാ​ഗ്ദാനങ്ങൾ ജലരേഖ

കെ റെയിൽ പോലെ,  വർഷങ്ങളുടെ യുഡിഎഫ് - എൽഡിഎഫ് തർക്കത്തിനൊടുവിൽ  സംസ്ഥാന സ൪ക്കാർ ഒപ്പിട്ട കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിയുടെ നിലവിലെ അവസ്ഥ എന്ത്? ഐടി വികസനം വഴി കേരളത്തിന്റെ തലവര മാറ്റുമെന്ന്  കൊട്ടിഘോഷിച്ച പദ്ധതി പത്ത് വർഷം പിന്നിടുമ്പോൾ എന്താണ് സ൦ഭവിക്കുന്നത്.  ഏഷ്യാനെറ്റ് ന്യൂസ് അന്വേഷിക്കുന്നു, പുതിയ പരമ്പര സ്മാർട്ടാകാത്ത സ്വപ്നങ്ങൾ. 

what is the present status of cochin smart city
Author
Cochin, First Published Apr 16, 2022, 10:28 AM IST

കൊച്ചി: വാഗ്ദാനം ചെയ്ത തൊഴിലവസരത്തിന്റെ പത്ത് ശതമാനം പോലും  കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിക്ക് ലഭ്യമായിട്ടില്ല. സ൦സ്ഥാന സർക്കാരുമായി  ഒപ്പിട്ട കരാറിന്റെ കാലാവധി അവസാനിക്കുമ്പോൾ തൊണ്ണൂറായിര൦ തൊഴിലവസരങ്ങൾ  പ്രതീക്ഷിച്ചിടത്ത് കിട്ടിയത് നാലായിരത്തി അഞ്ഞൂറെണ്ണ൦ എണ്ണം മാത്ര൦. സർക്കാർ നൽകിയ  ഭൂമി കെട്ടിടനിർമ്മാണത്തിന് സ്വകാര്യ ഗ്രൂപ്പുകൾക്ക്  കൈമാറിയ സ്മാർട്ട് സിറ്റി ഇത് വരെ നേരിട്ട് പണിതത് ഒരൊറ്റ കെട്ടിടമാണ്  . പ്രത്യേക സാമ്പത്തിക മേഖല പദവി നൽകി ടീകോമിന് കൈമാറിയ 246 ഏക്കർ ഭൂമി കൊണ്ട് സ൦സ്ഥാനത്തിന് എന്ത് നേട്ടമുണ്ടായെന്ന ചോദ്യമാണ് ഉയരുന്നത്.

2004മുതൽ 2011 വരെ രാഷ്ട്രീയ കേരളം തുടർച്ചയായി ചർച്ച ചെയ്ത പദ്ധതിയാണ് സ്മാർട്ട് സിറ്റി. ലോകം തൊഴിൽ തേടി കേരളത്തിലേക്ക് എത്തുമെന്ന് അന്ന് കേട്ടു.എന്നിട്ട് എന്തുണ്ടായി ?

നിലവിൽ പ്രവർത്തിക്കുന്നത് 2016ൽ സ്മാർട്ട് സിറ്റി നേരിട്ട് പണിതീർത്ത കെട്ടിടവും, ഐടി കന്പനിയുടേതായ മറ്റൊന്നും. 6.5 ലക്ഷം ചതുരശ്ര അടിയിലുള്ള ആദ്യ കെട്ടിടത്തിൽ ഉള്ളത് 38 കമ്പനികൾ.ഇതിൽ ബഹുരാഷ്ട്ര കമ്പനികൾ മൂന്നെണ്ണം മാത്രം. ബാക്കി ഇടത്തരം കമ്പനികളും സ്റ്റാർട്ട് അപ്പുകളുമാണ്. മൊത്തം തൊഴിലെടുക്കുന്നത് പരമാവധി 4500 പേർ. തൊട്ടടുത്തായി വലിയ കെട്ടിടങ്ങൾ ഇപ്പോഴും നിർമ്മാണഘട്ടത്തിൽ. ഒപ്പം അതിനുമപ്പുറത്ത് കാടുകയറി നശിച്ച് കിടക്കുകയാണ് കണ്ണായ ഭൂമി.

ഇതിന് വേണ്ടിയായിരുന്നോ അന്ന് നടന്ന വിവാദപ്പെരുമഴ? സംസ്ഥാന സർക്കാർ ദുബായ് ആസ്ഥാനമായ ടീം കോം കമ്പനിക്ക് കൊടുത്തത് എന്ത്? പത്ത് വർഷത്തിനിപ്പുറം തിരികെ കിട്ടിയത് എന്ത്?

2011ൽ വി എസ് സർക്കാർ ഒപ്പിട്ട പാട്ടക്കരാർ മലയാളി മറക്കാനുള്ള സമയമായിട്ടില്ല. കാക്കനാട്ടെ 246 ഏക്കർ ഭൂമി. 99വർഷത്തേക്ക് ഏക്കറിന് വെറും ഒരു രൂപ പാട്ടത്തിനാണ് ടീകോമിന് കൈമാറിയത്. പകരം പ്രതീക്ഷിച്ചതോ കൊച്ചിയുടെ സാധ്യതകളെ ടീ കോം ലോകവിപണിയിൽ മാർക്കറ്റ് ചെയ്യുന്നു. 88ലക്ഷം ചതുരശ്ര അടിയിൽ ഐടി ബിസിനസ്സ് ടൗൺഷിപ്പ് ഉറപ്പാക്കുന്നു.അങ്ങനെ 90,000 തൊഴിൽ അവസരങ്ങൾ സ്മാർട്ട് സിറ്റിയിൽ ലഭ്യമാക്കണം. അതും കരാർ ഒപ്പിട്ട് പത്ത് വർഷത്തിനുള്ളിൽ.  

നിലവിലെ നിർമ്മാണപ്രവർത്തനങ്ങളിൽ കാര്യങ്ങൾ മാറിമറിയാൻ സാധ്യത എത്ര. നാല് കെട്ടിടങ്ങളാണ് പണിത് ഉയരുന്നത്. മൊത്തം 55 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണം. എന്നാൽ ഇതൊന്നും ഐടി വൻകിട കന്പനികളുടേത് അല്ല.ഐടി കന്പനികൾ വരുമെന്ന് പ്രതീക്ഷിച്ച് നിർമ്മിക്കുന്ന കെട്ടിടങ്ങളാണ്. അന്താരാഷ്ട്ര ഐടി കന്പനികൾ ഇവിടെ എത്തുമോ എന്നതിൽ ഒരു ഉറപ്പുമില്ല. അങ്ങനെ എങ്കിൽ എന്തിനായിരുന്നു സ്മാർട്ട് സിറ്റി പദ്ധതി. സ്ഥലം മുറിച്ച് കമ്പനികൾക്ക് വിൽക്കുന്നത് ആർക്കായാലും ചെയ്യാം. റിയൽ എസ്റ്റേറ്റ് കമ്പനി മാത്രമായി ചുരുങ്ങി സ്മാർട്ട് സിറ്റി. നിലവിലെ നിക്ഷേപകരിലൊരാൾ പറയുന്നു.

കരാർ പ്രകാരമുള്ള 1700 കോടി രൂപയുടെ നിക്ഷേപം നടത്തിയതായി സ്മാർട്ട് സിറ്റി പറയുന്നു. നിർമ്മാണം തുടങ്ങാനിരുന്ന പല കമ്പനികളും പ്രളയത്തെ തുടർന്ന് ഡിസൈൻ മാറ്റിയതും,ലോക്ഡൗണും ആണ് പദ്ധതി വൈകാൻ കാരണമെന്നാണ് വിശദീകരണം. മൊത്തം ഭൂമിയുടെ 12 ശതമാനം ദുബായ് ഹോൾഡിംഗിന് സ്വതന്ത്ര അവകാശമായി നൽകുമെന്ന സർക്കാർ പ്രഖ്യാപനം നടപ്പായില്ലെന്നും സ്മാർട്ട് സിറ്റി പ്രതികരിച്ചു.

കരാർ ഒപ്പിടാൻ തന്നെ വലിയ കാലതാമസമുണ്ടായ പദ്ധതി പത്ത് വർഷത്തിനിപ്പുറവും ട്രാക്കിലായിട്ടില്ല. പ്രളയവും കൊവിഡും അപ്രതീക്ഷിത പ്രതിസന്ധി ഉണ്ടാക്കിയെന്ന് സ്മാർട്ട് സിറ്റി വിശദീകരിക്കുമ്പോഴും സംസ്ഥാനത്തെ ഐടി വികസനത്തിന് ഈ പദ്ധതിക്ക് എന്ത് നൽകാൻ കഴിഞ്ഞു എന്നതാണ് ഉയരുന്ന ചോദ്യം.
 

Follow Us:
Download App:
  • android
  • ios