നിയമസഭയില്‍ മാധ്യമവിലക്കില്ല; സഭാ നടപടികള്‍ മാത്രമേ സഭാ ടിവിയില്‍ കാണിക്കൂ എന്നും സ്പീക്കര്‍

By Web TeamFirst Published Jun 27, 2022, 3:24 PM IST
Highlights

ഭരണ പക്ഷത്തേയും പ്രതിപക്ഷത്തേയും പ്രതിഷേധം ഇന്ന് കാണിച്ചിട്ടില്ല. സഭ ടി വി സഭയിലെ ലിസ്റ്റ് ചെയ്ത നടപടി കാണിക്കാനാണ്. 
 

തിരുവനന്തപുരം: നിയമസഭയില്‍ മാധ്യമപ്രവര്‍ത്തകരെ വിലക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയതായി സ്പീക്കര്‍ എം ബി രാജേഷ് പറഞ്ഞു. തുടക്കത്തില്‍ ആശയക്കുഴപ്പമുണ്ടായിരുന്നു. കാര്യമറിഞ്ഞ ഉടനെ തിരുത്താന്‍ ആവശ്യപ്പെട്ടു. ആശയക്കുഴപ്പത്തെ മാധ്യമവിലക്കായി ചിത്രീകരിച്ചത് ശരിയായില്ലെന്നും സ്പീക്കര്‍ അഭിപ്രായപ്പെട്ടു.

നിയമസഭയിൽ മാധ്യമ വിലക്ക് ഇല്ല. അങ്ങനെയുള്ള പ്രചാരണം സംഘടിതവും ആസൂത്രിതവുമാണ്. ചീഫ് മാർഷലിനെ വിളിച്ചു വരുത്തി. അതിനു ശേഷവും വാർത്ത തുടർന്നു. ആശയക്കുഴപ്പം തുടക്കത്തിൽ ഉണ്ടായി. പാസ് പരിശോധിക്കണമെന്ന് നിർദേശിച്ചിരുന്നു. പാസ് ഉള്ളവർക്ക് ഉണ്ടായത് താത്കാലിക ബുദ്ധിമുട്ട് ആണ്. അത് അപ്പോൾ തന്നെ പരിഹരിച്ചു.

Read Also: പ്രതിപക്ഷ പ്രതിഷേധം, സഭാ നടപടികള്‍ നിര്‍ത്തിവെച്ചു, സഭയില്‍ അപൂര്‍വ മാധ്യമവിലക്ക്

സഭാ നടപടികൾ ലഭ്യമാക്കുന്നത് സഭാ ടി വി വഴിയാണ്. ചാനൽ ക്യാമറ എല്ലായിടത്തും വേണമെന്ന് പറയുന്നത് ദുരൂഹമാണ്. ക്യാമറയ്ക്ക് എപ്പോഴും മീഡിയ റൂമില്‍ മാത്രമേ പ്രവേശനമുണ്ടായിരുന്നുള്ളു. പാസ് അനുവദിച്ച എല്ലാ മാധ്യമപ്രവര്‍ത്തകരെയും ഇന്ന് നിയമസഭയില്‍ പ്രവേശിപ്പിച്ചു. പാസ് ചോദിക്കാനേ പാടില്ല എന്ന ശാഠ്യം പാടില്ല.  പാസ് ചോദിക്കും. മാധ്യമ പ്രവർത്തകർക്ക് എന്ത് ചട്ട ലംഘനവും നടത്താവുന്ന ലൈസൻസ് ഉണ്ടെന്ന് കരുതരുത്.എം എൽ എ ഹോസ്റ്റലിലും നിയന്ത്രണം വേണം.

ഭരണ പക്ഷത്തേയും പ്രതിപക്ഷത്തേയും പ്രതിഷേധം ഇന്ന് കാണിച്ചിട്ടില്ല. സഭ ടി വി സഭയിലെ ലിസ്റ്റ് ചെയ്ത നടപടി കാണിക്കാനാണ്. സഭാ ടി വി പ്രവർത്തിക്കുന്നത് ലോക്സഭ ടി വി , രാജ്യസഭ ടി വി മാതൃകയിലാണ്. ചോദ്യോത്തര വേളയിൽ  ചാനൽ ക്യാമറ അനുവദിക്കില്ല. സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യേണ്ട പലതും പുറത്തു പോകും. പ്രതിപക്ഷ നേതാവ് മൈക്ക് ആവശ്യപ്പെട്ടിട്ടില്ല, അതുകൊണ്ട് അദ്ദേഹത്തെ സഭാ ടിവിയില്‍ കാണിച്ചില്ല. പാർലമെന്റിൽ തുടരുന്നതാണ് നിയമസഭയിലും തുടരുന്നത്. പെരുമാറ്റച്ചട്ടം 10 - പേജ് 148 - ( സഭയിൽ ബാഡ്ജും പ്ലക്കാർഡും ) പ്രദർശിപ്പിക്കാനാകില്ല എല്ലാ ദൃശ്യങ്ങളും കാണിക്കണമെന്ന മാധ്യമ സമ്മർദ്ദം നടപ്പാക്കാൻ സഭാ ചട്ടം അനുവദിക്കുന്നില്ല.

ചട്ട ലംഘനത്തിന് സഭാ അധ്യക്ഷന് കൂട്ടുനിൽക്കാനാകില്ല. മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് ഗൗരവതരമാണ്. അത് സഭയുടെ പ്രിവിലേജിനെ ബാധിക്കും. പ്രസ് ഗ്യാലറിയിൽ നിന്ന് പകർത്തിയതായും പരാതി കിട്ടിയിട്ടുണ്ട്. അക്കാര്യം അന്വേഷിച്ച് നടപടിയെടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സഭാ അംഗങ്ങൾ സഭയ്ക്കകത്ത് മൊബൈൽ ഉപയോഗിക്കാൻ പാടില്ലെന്നാണ് ചട്ടമെന്നും എം ബി രാജേഷ് പറഞ്ഞു.

Read Also: 'പ്രതിപക്ഷത്തിന് അസഹിഷ്ണുത', സഭയിലുണ്ടായത് ഇതുവരെ നടക്കാത്ത കാര്യങ്ങള്‍: മുഖ്യമന്ത്രി

click me!