പ്ലക്കാര്‍ഡുകളും ബാനറുകളുമായി ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം എഴുന്നേല്‍ക്കുകയായിരുന്നു. നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി.

തിരുവനന്തപുരം: നിയമസഭാ സമ്മേളനം പ്രതിഷേധം കാരണം നിര്‍ത്തിവെച്ചു. ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി എഴുന്നേറ്റു. എസ്എഫ്ഐ ഗുണ്ടായിസത്തിനെതിരെ പ്രതിഷേധമെന്നായിരുന്നു പ്രതിപക്ഷം അറിയിച്ചത്. പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചു. ചോദ്യോത്തരവേള കഴിഞ്ഞാല്‍ വിഷയങ്ങള്‍ ഉന്നയിക്കാമെന്ന് സ്പീക്കര്‍ അറിയിച്ചെങ്കിലും പ്രതിഷേധം കടുത്തു. സഭ പ്രക്ഷുബ്ധമായതോടെ നടപടികള്‍ നിര്‍ത്തിവെയ്ക്കുകയായിരുന്നു.

നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മന്ത്രിമാരുടെയും പ്രതിപക്ഷനേതാവിന്‍റെയും ഓഫീസുകളിലും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മീഡിയ റൂമില്‍ മാത്രമാണ് മാധ്യമങ്ങള്‍ക്ക് പ്രവേശനം. പ്രതിപക്ഷം വലിയ രീതിയില്‍ പ്രതിഷേധങ്ങള്‍ സഭയില്‍ നടത്തുമ്പോള്‍ അതിന്‍റെ ദൃശ്യങ്ങള്‍ പിആര്‍ഡി നല്‍കുന്നിമില്ല. ഭരണപക്ഷ ദൃശ്യങ്ങള്‍ മാത്രമാണ് പിആര്‍ഡി നല്‍കുന്നത്.

കറുപ്പണിഞ്ഞ് യുവ എംഎൽഎമാർ, രാഹുലിന്റെ ഓഫീസാക്രമണത്തിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ്

പതിനഞ്ചാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന്‍റെ തുടക്കം തന്നെ പ്രതിഷേധത്തിൽ. നിയമസഭയിൽ കറുത്ത ഷർട്ടും കറുത്ത മാസ്ക്കും ധരിച്ചാണ് പ്രതിപക്ഷത്തെ യുവ എംഎൽഎമാർ എത്തിയത്. ഷാഫി പറമ്പിൽ, അൻവർ സാദത്ത്, സനീഷ് കുമാർ അടക്കമുള്ള നേതാക്കളാണ് കറുപ്പണിഞ്ഞെത്തിയത്. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പരിപാടികളിൽ കറുത്ത മാസ്കിനും വസ്ത്രത്തിനുമുണ്ടായ 'അപ്രഖ്യാപിത വിലക്ക്' വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് യുവ എംഎൽഎമാർ കറുത്ത വസ്ത്രങ്ങൾ ധരിച്ച് സഭയിലെത്തിയത്. രാഹുൽ ഗാന്ധിയുടെ ഓഫീസാക്രമണത്തിൽ പ്ലക്കാഡുകളും ബാനറുകളുമുയർത്തി പ്രതിപക്ഷം പ്രതിഷേധിച്ചു.