
ആലപ്പുഴ: ജി. സുധാകരൻ ഉയർത്തിയ വെല്ലുവിളിയെ രാഷ്ട്രീയമായി നേരിടാൻ സിപിഎം. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നിർണ്ണായക ഘട്ടത്തിൽ പാർട്ടിയെ പ്രതിസന്ധിയിലാക്കിയ സുധാകരനോട് ഇനി മൃദുഭാവം വേണ്ട എന്ന നിലപാടാണ് നേതൃത്വം നൽകിയിരിക്കുന്നത്. സുധാകരനെ പ്രകോപിക്കേണ്ടെന്ന ആദ്യ നിലപാട് മാറ്റി. തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ സ്വതന്ത്രനാകും എന്ന പ്രഖ്യാപനം വന്നതോടെ ജാഗ്രതയിലാണ് സിപിഎം മുന്നോട്ട് പോകുന്നത്. ജില്ലയിലെ ഭൂരിഭാഗം ലോക്കൽ ,ഏരിയ കമ്മിറ്റികളും ചേർന്ന് സ്ഥിതി വിലയിരുത്തി. പാർട്ടി അംഗങ്ങളിൽ ഒരാൾ പോലും സുധാകരനൊപ്പം പോകില്ലെന്ന് ഉറപ്പാക്കാനാണ് ശ്രമം.
അണികളെ കാര്യങ്ങൾ വിശദീകരിച്ചു ബോധ്യപെടുത്താനാണ് നിർദേശം. ശനിയാഴ്ച വൈകിട്ട് സുധാകരൻ താമസിക്കുന്ന പറവൂരിൽ സിപിഎമ്മിന്‍റെ നേതൃത്വത്തിൽ ശക്തി പ്രകടനം സംഘടിപ്പിക്കും. വി.എസിന്‍റെ വീടിന്‍റെ സമീപത്ത് നിന്ന് ആരംഭിച്ച് സുധാകരന്‍റെ വീടിന് സമീപം വരെയാണ് പ്രകടനം നടത്തുക. ഇന്നലെ വാർത്ത സമ്മേളനത്തിന് തൊട്ടുപിന്നാലെ സുധാകരനെ വർഗവഞ്ചകൻ എന്ന് വിശേഷിപ്പിച്ച് സിപിഎം ഏരിയ നേതാക്കൾ നേരിട്ടിറങ്ങി പോസ്റ്റർ പതിച്ചിരുന്നു. സുധാകരന്‍റെ ജന്മനാടായ താമരക്കുളത്ത് ജില്ലാ സെക്രട്ടറിയേറ്റംഗം കെ.രാഘവന്‍റെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനവും നടത്തിയിരുന്നു. സുധാകരനെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങൾ ഉയർത്തി ജി ഭുവനേശ്വരന്‍റെ രക്തസാക്ഷി കുടീരത്തിലാണ് പാർട്ടി പ്രവർത്തകർ ഒത്തു ചേർന്നത്. സോഷ്യൽ മീഡിയയിലും സുധാകരനെതിരായ വിമർശനം ശക്തമാക്കിയിട്ടുണ്ട്.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം നൽകാൻ സിപിഎം സംസ്ഥാന0 സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഒരു മണിക്കൂറിനുള്ളിൽ സിപിഎമ്മിന്‍റെ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കും എന്നാണ് നേതൃത്വത്തിന്‍റെ അവകാശവാദം. പ്രകടനപത്രിക പ്രസിദ്ധീകരിക്കാനുള്ള ഇടതുമുന്നണി യോഗത്തിന്‍റെ തീയതിയും ഇന്ന് തീരുമാനിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam