ഇനി 'വനിത' ഇല്ല, പൊലീസ് മാത്രം; ലിംഗ വിവേചനം അവസാനിപ്പിക്കാന്‍ കേരള പൊലീസ്

By Web TeamFirst Published Jan 31, 2020, 11:01 AM IST
Highlights

ഡിജിപിയുടെ ഉത്തരവ് പ്രകാരം ഡബ്ല്യു പി സി അഥവാ, വനിതാ കോൺസ്റ്റബിൾ എന്ന തസ്തി ഇനി മുതൽ സേനയിലുണ്ടാകില്ല. 2020 സ്ത്രീ സൗഹൃദ വർഷമായി ആചരിക്കാൻ പൊലീസ് തീരുമാനിച്ചതിന്റെ ഭാഗമായാണ് മാറ്റം.
 

തിരുവനന്തപുരം: കേരള പൊലീസിൽ ഇനി മുതൽ വനിത പൊലീസ് എന്ന തസ്തികയില്ല. ഔദ്യോഗിക സ്ഥാനങ്ങള്‍ക്ക് മുന്നില്‍ വനിത എന്ന് ചേര്‍ക്കുന്ന രീതി അവസാനിപ്പിക്കണമെന്ന് ഡിജിപി ലോക് നാഥ് ബഹ്റ ഉത്തരവിറക്കി. സേനയിൽ ലിംഗ സമത്വം ഉറപ്പാക്കാനാണ് ഡിജിപിയുടെ പുതിയ ഉത്തരവ്. 

ഡിജിപിയുടെ ഉത്തരവ് പ്രകാരം ഡബ്ല്യു പി സി അഥവാ, വനിതാ കോൺസ്റ്റബിൾ എന്ന തസ്തി ഇനി മുതൽ സേനയിലുണ്ടാകില്ല. ബറ്റാലിയനിലിനിലെ വനിത ഉദ്യോഗസ്ഥർ ഉൾപ്പെടെ സിവിൽ പൊലീസ് ഓഫീസർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ എന്ന് പുനർനാമകരണം ചെയ്ത് ഡി ജി പി ഉത്തരവിറക്കി. 2020 സ്ത്രീ സൗഹൃദ വർഷമായി ആചരിക്കാൻ പൊലീസ് തീരുമാനിച്ചതിന്റെ ഭാഗമായാണ് മാറ്റം. നേരെത്തെ പൊലീസ് റിക്രൂട്ട്മെന്റിലും ലിംഗ വിവേചനം സർക്കാർ നീക്കിയിരുന്നു.

വനിതാ പൊലീസില്‍ നിലവില്‍ രണ്ട് വിഭാഗമാണുള്ളത്. 1995ന് മുമ്പ് സേനയില്‍ എത്തിയവരും അതിന് ശേഷം എത്തിയവരും. മുമ്പ് വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍, വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍, വനിതാ എസ്ഐ, വനിതാ സിഐ, വനിതാ ഡിവൈഎസ്പി എന്നിങ്ങനെയാണ് അഭിസംബോധന ചെയ്തിരുന്നത്. 2011ല്‍ വനിതാ പൊലീസ് കോണ്‍സ്റ്റബിളിന്‍റെ പേര് സിവില്‍ പൊലീസ് ഓഫീസറെന്നും ഹെഡ് കോണ്‍സ്റ്റബിളിന്‍റെ പേര് സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറെന്നും ആക്കിയിരുന്നു. എന്നാല്‍ തുടര്‍ന്നും വനിതാ പൊലീസ് എന്ന് ചേര്‍ത്ത് സ്ഥാനപ്പേര് ഉപയോഗിച്ച് വന്നിരുന്നു.
 

click me!