
തിരുവനന്തപുരംഛ നിയമസഭയെ അവഹേളിച്ചതിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ച് വിളിക്കാൻ പ്രമേയം അവതരിപ്പിക്കാൻ അനുമതി തേടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ നോട്ടീസ് തള്ളി. സ്പീക്കര്‍ അധ്യക്ഷനായ കാര്യോപദേശക സമിതി യോഗമാണ് നോട്ടീസ് തള്ളിയത്.
പ്രായോഗികവും നിയമപരവുമായി നോക്കിയാൽ പ്രതിപക്ഷ നേതാവിന്‍റെ ആവശ്യം അനുവദിക്കാൻ ആകില്ലെന്നാണ് കാര്യോപദേശക സമിതി യോഗത്തിൽ സര്‍ക്കാര്‍ നിലപാട് എടുത്തത്. പ്രതിപക്ഷം തീരുമാനത്തോട് വിയോജിച്ചു. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പ്രശ്നം വഷളാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് യോഗത്തിന് ശേഷം നിയമമന്ത്രി എകെ ബാലൻ പ്രതികരിച്ചു.
ഇത്തരമൊരു കീഴ് വഴക്കം കേരള നിയമസഭയിൽ ഇല്ലെന്ന് പാര്‍ലമെന്‍ററി കാര്യമന്ത്രികൂടിയായ നിയമമന്ത്രി എകെ ബാലൻ യോഗത്തിൽ നിലപാടെടുത്തു. ചട്ടപ്രകാരം അല്ലാത്ത ഒരു നോട്ടീസ് അനുവദിക്കേണ്ട കാര്യമില്ല. തിരിച്ച് വിളിക്കൽ പ്രമേയം അനുവദിച്ചാൽ അത് ഗവര്‍ണര്‍ക്ക് ഗുണമാകുമെന്നും നിയമന്ത്രി വ്യക്തമാക്കി. എകെ ബാലൻ യോഗത്തിൽ പറഞ്ഞ നിലപാടാണ് സര്‍ക്കാരിനും എന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. ഗവർണറെ തിരിച്ചുവിളിക്കണമെന്ന പ്രമേയത്തെ സർക്കാർ അഗീകരിക്കുന്നില്ല. സമയക്കുറവും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
എന്നാൽ കടുത്ത വിയോജിപ്പാണ് ഇക്കാര്യത്തിൽ പ്രതിപക്ഷം ഉന്നയിച്ചത്. വാദ പ്രതിവാദങ്ങളും നടന്നു. ചട്ടപ്രകാരം തന്നെയാണ് നോട്ടീസ് നൽകിയതെന്നും ഇല്ലെന്ന് പറഞ്ഞാൽ അംഗീകരിക്കാനാകില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കാര്യോപദേശക സമിതി യോഗത്തിൽ പറഞ്ഞു. തിങ്കളാഴ്ച പ്രശ്നം സഭയിൽ ഉന്നയിക്കുമെന്നാണ് പ്രതിപക്ഷത്തിന്‍റെ പ്രഖ്യാപനം.
സർക്കാരിന് നല്ല തിരിക്കുള്ള കാര്യപരിപടികളാണ് സഭയിലുള്ളത്. സർക്കാർ നിയമപരമായി മാത്രമേ കാര്യങ്ങൾ ചെയ്യുകയുള്ളൂ
അതുകൊണ്ടാണ് നോട്ടീസ് നിരകരിച്ചതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam