
പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട തുറന്ന ആദ്യദിവസങ്ങളിൽ തന്നെ തിരക്ക് വർദ്ധിച്ച്, നിലയ്ക്കലിൽ കെഎസ്ആർടിസി, പൊലീസ് ക്രമീകരണങ്ങൾ താളം തെറ്റുന്നു. സന്നിധാനത്തേക്കുള്ള കെഎസ്ആർടിസി ബസുകളിൽ കയറാൻ കഴിയാതെ തീർത്ഥാടകർ തിക്കും തിരക്കും കൂട്ടുന്ന സ്ഥിതിയാണ്. മുൻ വർഷങ്ങളിൽ നിലവിലുണ്ടായിരുന്ന, ബാരിക്കേഡ് വെച്ചുള്ള നിയന്ത്രണ സംവിധാനം ഇത്തവണ നിലയ്ക്കലിൽ ഏർപ്പെടുത്തിയിട്ടില്ല. അതാണ് തീർത്ഥാടകരുടെ തിക്കിനും തിരക്കിനും പ്രധാന കാരണം.
സുരക്ഷാ ക്രമീകരണങ്ങൾക്കായി നിയോഗിച്ചിട്ടുള്ള പോലീസുകാരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. സന്നിധാനത്തും പമ്പയിലും തിരക്ക് നിയന്ത്രിക്കാൻ സാധാരണയായി ഉണ്ടാകാറുള്ള എൻഡിആർഎഫ്, ആർഎഎഫ് തുടങ്ങിയ കേന്ദ്ര സേനകളുടെ അഭാവമാണ് സ്ഥിതി കൂടുതൽ വഷളാക്കുന്നത്. തിരക്ക് ക്രമാധീതമായി വർദ്ധിച്ചിട്ടും കേന്ദ്രസേനകളെ ഇതുവരെ ശബരിമലയിൽ നിയോഗിച്ചിട്ടില്ല. കേന്ദ്ര സേനകളെ ഡ്യൂട്ടിക്ക് നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ആഭ്യന്തര വകുപ്പ് കത്ത് അയച്ചിരുന്നെങ്കിലും, മണ്ഡലകാലം തുടങ്ങുന്ന ദിവസം മുതൽ സേനകൾ ഉണ്ടാകേണ്ട പതിവ് ഇത്തവണ തെറ്റി. നിലവിലെ സാഹചര്യത്തിൽ, തീർത്ഥാടകർക്ക് സുരക്ഷിതമായി ബസുകളിൽ കയറാനും തിരക്ക് നിയന്ത്രിക്കാനും അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam