
തിരുവനന്തപുരം: വിവാദമായ പിഎസ്‍സി പരീക്ഷ തട്ടിപ്പ് കേസിലെ പ്രതികളെ സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റവാളികള്‍ കുറ്റവാളികള്‍ തന്നെയാണെന്നും പ്രതികള്‍ക്ക് ഒരു തരത്തിലുള്ള രാഷ്ട്രീയ സംരക്ഷണവും നല്‍കില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പിഎസ്‍സി പരീക്ഷ തട്ടിപ്പ് കേസില്‍ പ്രതിപക്ഷം കൊണ്ടു വന്ന അടിയന്തരപ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
പ്രതിപക്ഷ നിരയില്‍ നിന്നും അനൂപ് ജേക്കബ് എംഎല്‍എയാണ് പിഎസ്‍സി പരീക്ഷാതട്ടിപ്പിനെതിരെ അടിയന്തര പ്രമേയത്തിന് നോട്ടീസ് അവതരിപ്പിച്ചത്. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ പിഎസ്‍സി തട്ടിപ്പ് കേസിലെ പ്രതികളായ ശിവരഞ്ജിത്തും നസീമും ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. പ്രതികള്‍ക്ക് ജാമ്യം കിട്ടിയതും അന്വേഷണത്തിലുണ്ടായ വീഴ്ചകളും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
കേസില്‍ അന്വേഷണം വഴിതിരിച്ചു വിടാനാണ് ക്രൈംബ്രാഞ്ച് ശ്രമിക്കുന്നതെന്നും തട്ടിപ്പിനെ തുടര്‍ന്ന് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റില്‍ നിന്നുള്ള നിയമനം മരവിപ്പിച്ചതിനാല്‍ മറ്റു ഉദ്യോഗാര്‍ത്ഥികളുടെ ഭാവി തുലാസിലാണെന്നും അടിയന്തരപ്രമേയത്തിന് അനുമതി തേടി കൊണ്ട് സംസാരിച്ച അനൂപ് ജേക്കബ് എംഎല്‍എ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ കേസില്‍ സിബിഐ അന്വേഷണം വേണമെന്നും അനൂപ് ജേക്കബ് ആവശ്യപ്പെട്ടു.
എന്നാല്‍ പിഎസ്‍സി തട്ടിപ്പ് കേസില്‍ ശാസ്ത്രീയ പരിശോധനകള്‍ നടന്നു വരികയാണെന്നും ഇതിന്‍റെ ഫലം വൈകുന്നതാണ് കുറ്റപത്രം സമര്‍പ്പിക്കുന്നതിന് തടസമായതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. നിയമന കാര്യത്തില്‍ ഇടപെടുന്നതിന് സര്‍ക്കാരിന് പരിമിതിയുണ്ട്. എങ്കിലും താത്കാലിക അഡ്വൈസ് മെമോ നല്‍കുന്നത് പരിഗണിക്കാന്‍ ആവശ്യപ്പെടും. അന്വേഷണം വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പിഎസ്‍സി പരീക്ഷാ തട്ടിപ്പില്‍ സിബിഐ അന്വേഷണം വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും പ്രതികള്‍ക്ക് ഒരു തരത്തിലുള്ള രാഷ്ട്രീയ സംരക്ഷണവും നല്‍കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കുറ്റവാളികള്‍ കുറ്റവാളികള്‍ തന്നെയാണ്. അവര്‍ക്കുള്ള ശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.
അതേസമയം പി.എസ്.സി പരീക്ഷ ക്രമക്കേട് കേസില്‍ പ്രതികളായ മൂന്നു പേരെ ഒഴികെ മറ്റ് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിന് തടസ്സമില്ലെന്ന്
കാണിച്ച് ക്രൈം ബ്രാഞ്ച് എഡിജിപി ടോമിൻ തച്ചങ്കരി പിഎസ്‍സി സെക്രട്ടറിക്ക് കത്ത് നൽകി. കേസിലെ മൂന്ന് പ്രതികളല്ലാതെ മറ്റാരെങ്കിലും കോപ്പിയടിച്ചതായി തെളിവ് ലഭിച്ചിട്ടില്ലെന്ന് ക്രൈം ബ്രാഞ്ച് മേധാവിയുടെ കത്തില്‍ വ്യക്തമാക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam