പത്ത് മാസമായി ശമ്പളമില്ല, ബിഎസ്എൻഎൽ ജീവനക്കാരൻ ഓഫീസില്‍ ജീവനൊടുക്കി

By Web TeamFirst Published Nov 7, 2019, 11:14 AM IST
Highlights

ബിഎസ്എന്‍എല്ലില്‍ ശമ്പളപ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെയാണ് ജീവനക്കാരന്‍ ഓഫീസ് മുറിയില്‍ ജീവനൊടുക്കിയത്. 

മലപ്പുറം: പത്ത് മാസമായി ശമ്പളമില്ല, ബിഎസ്എൻഎൽ ജീവനക്കാരൻ ഓഫീസില്‍ ജീവനൊടുക്കി. മലപ്പുറം നിലമ്പൂരില്‍ ബിഎസ്എന്‍എല്‍ ഓഫീസിലെ താൽകാലിക സ്വീപ്പർ തൊഴിലാളിയായ രാമകൃഷ്ണനാണ് തൂങ്ങിമരിച്ചത്. നിലമ്പൂരില്‍ ബിഎസ്എന്‍എല്‍ ഓഫീസിൽ കഴിഞ്ഞ 30 വര്‍ഷമായി താൽകാലിക സ്വീപ്പർ തൊഴിലാളിയായി ജോലി ചെയ്യുകയാണ് രാമകൃഷ്ണന്‍. 

പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്ലില്‍ ശമ്പളപ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെയാണ് ജീവനക്കാരന്‍ ഓഫീസ് മുറിയില്‍ ജീവനൊടുക്കിയത്. കഴിഞ്ഞ പത്ത് മാസമായി ഇയാള്‍ക്ക് ശമ്പളം ലഭിച്ചിരുന്നില്ല. രാവിലെ ജീവനക്കാർ എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 

രാവിലെ ഓഫീസിലെത്തിയ ഇദ്ദേഹം ജോലി ആരംഭിച്ചിരുന്നു. മറ്റ് ജീവനക്കാര്‍ പുറത്ത് പോയ സമയത്താണ് ഓഫീസ് മുറിയില്‍ ഇയാള്‍ ആത്മഹത്യ ചെയ്തത്. ശമ്പളം ലഭിക്കാത്തതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ബിഎസ്എന്‍എല്‍ കരാര്‍ തൊഴിലാളികള്‍ മലപ്പുറം കലക്ടറേറ്റിന് മുന്നിലും ബിഎസ്എന്‍എല്‍ ഓഫീസിന് മുന്നിലും സമരത്തിലാണ്. രാമകൃഷ്ണന്‍ ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നയാളായിരുന്നുവെന്നും ശമ്പളം ലഭിക്കാത്തതിലാല്‍ ഏറെ വിഷമത്തിലായിരുന്നുവെന്നും സഹപ്രവര്‍ത്തകര്‍ വ്യക്തമാക്കി. വണ്ടൂര്‍ സ്വദേശിയാണ് മരിച്ച രാമകൃഷ്ണന്‍.

click me!