ഫോർട്ട് സ്റ്റേഷനിലെ തൂങ്ങിമരണം: അൻസാരിയെ പൊലീസ് മർദ്ദിച്ചില്ലെന്ന് സാക്ഷി, ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

By Web TeamFirst Published Aug 17, 2020, 11:38 AM IST
Highlights

 അൻസാരിയെ പൊലീസ് മർദ്ദിച്ചിട്ടില്ലെന്ന് സംഭവസമയത്ത് ഇവിടെ ഉണ്ടായിരുന്ന റാഫി പറയുന്നു. 

തിരുവനന്തപുരം: ഉരുട്ടിക്കൊലയിലൂടെ കുപ്രസിദ്ധമായ തിരുവനന്തപുരം ഫോർട്ട് പോലീസ് സ്റ്റേഷനിൽ വീണ്ടും കസ്റ്റഡി മരണം. മൊബൈൽ മോഷണത്തിന് കസ്റ്റഡിയിൽ എടുത്ത പൂന്തുറ സ്വദേശി അൻസാരിയാണ് മരിച്ചത്. സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്.  

വൈകീട്ട് 5.30-ഓടെയാണ് അൻസാരിയെ കസ്റ്റഡിയിൽ എടുത്തത്. മൊബൈൽ മോഷണത്തിന് നാട്ടുകാർ പിടിച്ചു പോലീസിൽ ഏൽപ്പിക്കുകയായിരുന്നു ഇയാളെ. കോവിഡ് ജാഗ്രതയുടെ ഭാഗമായി സ്റ്റേഷനോട് ചേർന്നുള്ള ശിശു സൗഹൃദ ജനമൈത്രി കേന്ദ്രത്തിലാണ് ഇയാളെ എത്തിച്ചത്. കരിമഠം കോളനിയിൽ നിന്നു കസ്റ്റഡിയിൽ എടുത്ത മറ്റു 2 പേരും ഇയാൾക്കൊപ്പം ഇവിടെ ഉണ്ടായിരുന്നു. 

സ്റ്റേഷനിൽ നിർത്തിയ അൻസാരിയുടെ ചുമതല 2 ഹോം ഗാർഡുമാരെ ഏല്പിച്ചിരുന്നു. ഇവിടെ നിന്നു ശുചിമുറിലേക്ക് എന്നു പറഞ്ഞു പോയ അൻസാരിയെ ഏറെനേരം കഴിഞ്ഞും പുറത്തേക്ക് കണ്ടില്ല. 9.45-ഓടെ വാതിൽ തകർത്തു അകത്തു കയറിയപ്പോൾ ആണ് ഇയാൾ തൂങ്ങി നിൽക്കുന്നത് കണ്ടത്. ആശുപത്രിയിൽ കൊണ്ടു പോകുമ്പോൾ പൾസ് ഉണ്ടായിരുന്നു എന്ന് പോലീസ് ഉദ്യോഗസ്ഥർ പറയുന്നു.

അതേസമയം അൻസാരിയെ പൊലീസ് മർദ്ദിച്ചിട്ടില്ലെന്ന് സംഭവസമയത്ത് ഇവിടെ ഉണ്ടായിരുന്ന റാഫി പറയുന്നു. അയൽവാസിയുമായുണ്ടായ അതിർത്തി തർക്കത്തെ തുടർന്നാണ് റാഫി പൊലീസ് സ്റ്റേഷനിൽ എത്തിയത്. ജനമൈത്രി കേന്ദ്രത്തിലേക്ക് അൻസാരിയെ കൊണ്ടു വരുമ്പോൾ ഇയാളും മറ്റൊരാളും രണ്ട് ഹോംഗാർഡുമാരാണ് ഉണ്ടായിരുന്നത്. തന്റെ പക്കൽ നിന്നും ഒരു സിഗരറ്റും വാങ്ങിയാണ് അൻസാരി ശുചിമുറിയിലേക്ക് പോയതെന്നും റാഫി പറയുന്നു. 

അൻസാരിയെ കസ്റ്റഡിയിൽ എടുക്കുമ്പോഴും ദേഹത്ത് കാര്യമായ പരിക്കുകൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു നടപടികൾ എന്നും പോലീസ് പറയുന്നു. മരണത്തിൽ ദുരൂഹത ആരോപിച്ചു പ്രദേശവാസികൾ രംഗത്തെത്തിയിട്ടുണ്ട്. പോക്സോ കേസടക്കം ആറ് കേസുകളിലെ പ്രതിയാണ് അൻസാരി. അൻസാരിയെ മരണത്തിൽ ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

click me!