
കണ്ണൂർ: ചുരുങ്ങിയ ചെലവിൽ വീടുകളിൽ നേരിട്ട് പാചക വാതകം എത്തിക്കാൻ ലക്ഷ്യമിട്ട് തുടങ്ങിയ സിറ്റി ഗ്യാസ് ലൈൻ പദ്ധതിയിൽ മെല്ലെപ്പോക്ക്. സംസ്ഥാനത്ത് ഒച്ചിഴയും വേഗത്തിലാണ് ആറു വർഷങ്ങൾക്കിപ്പുറവും പദ്ധതി പുരോഗമിക്കുന്നത്. ഗെയ്ല്‍ പൈപ്പ്‍ലൈൻ വഴി 11 ജില്ലകളില്‍ 2022 മാര്‍ച്ചോടെ ഗാര്‍ഹിക‐വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള 54,000 ഗ്യാസ് കണക്ഷനുകള്‍ നല്‍കാന്‍ കഴിയുമെന്നാണ് മന്ത്രി എം.വി.ഗോവിന്ദൻ നിയമസഭയിൽ കഴിഞ്ഞ കൊല്ലം പറഞ്ഞത്. എന്നാൽ എപ്രിൽ പിന്നിട്ട്, മെയ് പകുതിയായിട്ടും എറണാകുളം ജില്ലക്കിപ്പുറം ഒരുവീട്ടിലും സിറ്റി ഗ്യാസ് എത്തിയില്ല.
എറണാകുളം ജില്ലയിൽ മാത്രമാണ് നേരിയ പുരോഗതി അവകാശപ്പെടാനുള്ളത്. തൃക്കാക്കര നഗരസഭയിൽ 24 ഡിവിഷനുകളിലും കളമശ്ശേരിയിൽ 13 ഡിവിഷനിലും അടുക്കളകളിൽ പ്രകൃതിവാതകം എത്തിതുടങ്ങി. എങ്കിലും പദ്ധതി തുടങ്ങി 6 വർഷം പിന്നിടുമ്പോൾ ജില്ലയിൽ 9100 വീടുകളിൽ മാത്രമാണ് കണക്ഷൻ എത്തിയത്.
വിതരണക്കാരായ ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിനെയാണ് ഇ മെല്ലെപ്പോക്കിന് മന്ത്രി എം.വി.ഗോവിന്ദൻ കുറ്റപ്പെടുത്തുന്നത്. മെല്ലെപ്പോക്ക് അംഗീകരിക്കില്ലെന്നും ഏജൻസി തെറ്റായ രീതിയിൽ പെരുമാറിയാൽ ഏജൻസിയെ മാറ്റാൻ ആവശ്യപ്പെടേണ്ടി വരുമെന്നും വ്യക്തമാക്കുകയാണ് എം.വി.ഗോവിന്ദൻ.
അതേസമയം തദ്ദേശ സ്ഥാപനങ്ങളിലെ രാഷ്ട്രീയ നേതൃത്വം റോഡ് കുഴിക്കുന്നതിന് തടസ്സം നിന്നതാണ് പ്രവൃത്തി വൈകാൻ കാരണമെന്നാണ് ഏജൻസിയുടെ മറുപടി . രണ്ട് പ്രളയം വന്നു. കൊവിഡും രണ്ട് കൊല്ലം കവർന്നു. ജൂൺ ആദ്യം കണ്ണൂരും പിന്നീടുള്ള മാസങ്ങളിൽ പാലക്കാടും കോഴിക്കോടും മലപ്പുറത്തും ഗ്യാസെത്തുമെന്ന് ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ബശിഷ്ട് ദോലാക്യ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam