കണ്ണിൽ ചോരയില്ലാത്ത സർക്കാർ:എൻഡോസൾഫാൻ ദുരിത ബാധിതര്‍ക്കുള്ള പെൻഷൻ മുടങ്ങിയിട്ട് 5മാസം,ദുരിതത്തിൽ കുടുംബങ്ങൾ

Published : Aug 26, 2022, 06:12 AM IST
കണ്ണിൽ ചോരയില്ലാത്ത സർക്കാർ:എൻഡോസൾഫാൻ ദുരിത ബാധിതര്‍ക്കുള്ള പെൻഷൻ മുടങ്ങിയിട്ട് 5മാസം,ദുരിതത്തിൽ കുടുംബങ്ങൾ

Synopsis

ദുരിത ബാധിതരെ പരിചരിക്കുന്നവര്‍ക്കുള്ള ആശ്വാസ കിരണം സഹായധന വിതരണം മുടങ്ങിയിട്ടും മാസങ്ങളായി    

കാസർകോഡ്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ മുടങ്ങിയിട്ട് അഞ്ച് മാസം. പെന്‍ഷൻ മാത്രം ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങള്‍ ഇതോടെ ദുരിതത്തിലായി. ഓണത്തിന് മുമ്പെങ്കിലും പെന്‍ഷന്‍ ലഭിക്കാനുള്ള നടപടിയുണ്ടാകണമെന്നാണ് ദുരിത ബാധിതര്‍ ആവശ്യപ്പെടുന്നത്.

കാസര്‍കോട് എടനീരിലെ ഫാത്തിമയുടെ നാല് സഹോദരങ്ങള്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരാണ്. കുടുംബ നാഥന്‍ കിടപ്പിൽ ആയതോടെ മറ്റ് വരുമാനമില്ലാത്ത അവസ്ഥ. എന്‍ഡോസള്‍ഫാൻ ദുരിത ബാധിതകര്‍ക്കുള്ള പെന്‍ഷന്‍ കൊണ്ടാണ് കുടുംബം പുലരുന്നത്. പക്ഷേ കഴിഞ്ഞ ഏപ്രില്‍ മുതല്‍ പെന്‍ഷന്‍ കിട്ടിയിട്ടില്ല.

1200 രൂപ മുതല്‍ 2200 രൂപ വരെയാണ് പെന്‍ഷനായി നല്‍കുന്നത്. കഴിഞ്ഞ ഓണത്തിന് മുമ്പും സഹായധനം മുടങ്ങിയിരുന്നു. അന്ന് പട്ടിണി സമരം അടക്കം നടത്തിയതിന് ശേഷമാണ് ദുരിതബാധിതര്‍ക്ക് സഹായമെത്തിയത്. ദുരിത ബാധിതരെ പരിചരിക്കുന്നവര്‍ക്കുള്ള ആശ്വാസ കിരണം സഹായധന വിതരണം മുടങ്ങിയിട്ടും മാസങ്ങളായി.

ഓണക്കാലം കഴിഞ്ഞാല്‍ ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങുമോ? വായ്പയ്ക്ക് ചെക്ക് പറഞ്ഞ് കേന്ദ്രം

കടുത്ത സാമ്പത്തിക പ്രതിസന്ധിയും വായ്പ എടുക്കുന്നതില്‍ നിയന്ത്രണവും വന്നതോടെ  ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച സോഷ്യല്‍ സെക്യുരിറ്റീസ് പെന്‍ഷന്‍ ലിമിറ്റഡ് എവിടെ നിന്നും പണം കണ്ടെത്തുമെന്ന ചോദ്യത്തിനു മുന്നില്‍ പകച്ചു നില്‍ക്കുകയാണ് സംസ്ഥാന ധനകാര്യ വകുപ്പ് . നിലവില്‍ 5230691 പേര്‍ക്കാണ് സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ നല്‍കുന്നത്. മാസം 1600 രൂപ വീതം. പിണറായി സര്‍ക്കാരിന്‍റെ തുടര്‍ഭരണത്തിന് വഴിയൊരുക്കിയ പ്രധാന ഘടകമായിരുന്ന ക്ഷേമ പെന്‍ഷന്‍. മൂന്നുകോടി ജനങ്ങളുള്ള സംസ്ഥാനത്തെ ആറിലൊന്ന് ആളുകള്‍ ഈ പെന്‍ഷന്‍ വാങ്ങുന്നുണ്ടെന്നാണ് കണക്ക്. കൂടുതലും സ്തീകള്‍. ഇത്രയധികം ആളുകള്‍ക്ക് പെന്‍ഷന് അര്‍ഹതയുണ്ടോയെന്ന  ചോദ്യം അവിടെ നില്‍ക്കട്ടെ . അതിനു മുമ്പ് ഈ പെന്‍ഷന്‍ കൊടുക്കാന്‍ സര്‍ക്കാര്‍ എവിടെ നിന്നാണ് പണം കണ്ടെത്തുന്നതെന്ന് നോക്കാം.
 
കയ്യില്‍ പണമില്ലാത്ത സര്‍ക്കാര്‍   കടം വാങ്ങിയാണ് ഇത്രയും നാള്‍ പെന്‍ഷന്‍ നല്‍കിയിരുന്നത്.  കെഎസ്എഫ്ഇ, വിവിധ കാര്‍ഷിക സഹകരണ ബാങ്കുകള്‍, എന്നിവരുള്‍പ്പെടുന്ന കണ്‍സോര്‍ഷ്യത്തില്‍ നിന്നാണ്  വായ്പ എടുത്തിരുന്നത് . 10848 കോടി രൂപയാണ്  നിലവിലുള്ള കടം.  പെന്‍ഷന്‍ കമ്പനിയുടെ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുത്തോളാമെന്ന് കമ്പനി രൂപീകരിച്ചുകൊണ്ട് സര്‍ക്കാര്‍ ഇറക്കിയ  ഉത്തരവില്‍ തന്നെ   പറയുന്നുമുണ്ട്.  അവിടെയാണ് ഇപ്പോഴത്തെ പ്രശ്നം . പെന്‍ഷന്‍ കമ്പനിയുടെ ബാധ്യത സര്‍ക്കാരിന്‍റേതാണെന്നും അതു കൂടി കണക്കാക്കി മാത്രമേ ഇനി പുതിയ വായ്പ കേരളത്തിന്  അനുവദിക്കൂ എന്നാണ് കേന്ദ്രത്തിന്‍റെ നിലപാട്. കിഫ്ബി പോലെ പെന്‍ഷന്‍ കമ്പനിയുടെ കടവും ബജറ്റിനു പുറത്തുള്ള ബാധ്യതയായി കാണണമെന്ന കേരളത്തിന്‍രെ ആവശ്യം കേന്ദ്രം അംഗീകരിക്കുന്നില്ല. കിഫ്ബിയുടേയും പെന്‍ഷന്‍ ഫണ്ടിന്‍റേയും ബാധ്യത കൂടി കണക്കാക്കി 17936 കോടിരൂപ  മാത്രം ഡിസംബര്‍ വരെ കടമെടുക്കാനാണ് കേന്ദ്രം കേരളത്തിന് അനുമതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 5656 കോടി രൂപ കുറവാണിത്. നിലവില്‍  തന്നെ 308381 കോടി രൂപ കടമുള്ള സംസ്ഥാനം ഇങ്ങനെ തോന്നുംപടി കടമെടുത്താല്‍ ശരിയാകില്ല കാര്യങ്ങള്‍ക്ക് ഒരു നിയന്ത്രണം  വേണമെന്നാണ് കേന്ദ്രത്തിന്‍റെ  നിലപാട്. എന്നാല്‍ നിത്യ ചിലവിന് പോലും കടം എടുക്കാതെ വേറെ മാര്‍ഗ്ഗമില്ലാത്ത കേരളത്തിന് പുതിയ നിയന്ത്രണങ്ങള്‍ അംഗീകരിക്കാനുമാകുന്നില്ല. 

പെന്‍ഷന്‍ കമ്പനി വന്ന വഴി 

സംസ്ഥാനത്ത് അവശത അനുഭവിക്കുന്ന മുഴുവന്‍ ആളുകള്‍ക്കും ക്ഷേമ പെന്‍ഷന്‍ നല്‍കാനുള്ള രാഷ്ട്രീയ തീരുമാനത്തിന്‍റെ ഭാഗമായിരുന്നു പെന്‍ഷന്‍ കമ്പനി രൂപീകരണം. നിലവിലുണ്ടായിരുന്ന പെന്‍ഷന്‍ പദ്ധതിയിലേക്ക് കൂടുതല്‍ ആളുകളെ ചേര്‍ത്തു. കര്‍ഷക തൊഴിലാളി പെന്‍ഷന്‍, വാര്‍ദ്ധക്യ കാല പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, വിധവ പെന്‍ഷന്‍, 50 കഴിഞ്ഞ അവിവാഹിത സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍ എന്നിവങ്ങനെ വിവിധ പദ്ധതികളിലായി നിലവില്‍ 5230691 പേര്‍ ഗുണഭോക്താക്കളായി. ക്ഷേമ പെന്‍ഷനുകള്‍ വ്യാപകമായി വിതരണം ചെയ്തത് ഇടതു മുന്നണിക്ക് തെരഞ്ഞെടുപ്പിലും  ഗുണം ചെയ്തു. പക്ഷെ  52 ലക്ഷം പേര്‍ക്ക് മാസം 1600 രൂപ കൊടുക്കാനായി പണം കണ്ടെത്തിയത് കടം വാങ്ങിയാണെന്ന് അധികമാരും ശ്രദ്ധിച്ചില്ല.

2018 ജൂണിലാണ് സോഷ്യല്‍ സെക്യുരിറ്റീസ് പെന്‍ഷന്‍ ലിമിറ്റ്ഡ് എന്ന  ഈ പെന്‍ഷന്‍ കമ്പനി തുടങ്ങുന്നത്. അന്നത്തെ ധനമന്ത്രി തോമസ് ഐസക്കായിരുന്നു ഈ തീരുമാനത്തിനു പിന്നില്‍. സംസ്ഥാന ധനമന്ത്രി  അധ്യക്ഷനായ കമ്പനിയില്‍ ധനവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് ഡയറക്ടര്‍മാര്‍. പ്രത്യേകിച്ച് വരുമാനമൊന്നുമില്ലാത്ത കമ്പനിയുടെ പ്രധാന ജോലി കടമെടുപ്പ് തന്നെ. 2019 -20 ല്‍ 6843 കോടി രൂപയും 2020 -21 ല്‍ 8604 കോടി രൂപയും കടമെടുത്തു. ഈ വര്‍ഷം ഇതുവരെ 6700 കോടി രൂപയുടെ കടമെടുത്തിട്ടുണ്ട്. കടമെടുത്തത് കെഎസ്എഫ്ഇ യില്‍ നിന്നം വിവിധ സഹകരണബാങ്കുകളില്‍ നിന്നുമൊക്കെ.

2021-22 ല്‍ 10036 കോടി രൂപയാണ് ക്ഷേമ  പെന്‍ഷനായി വിതരണം ചെയ്തത്.  കമ്പനിയുടെ കട ബാധ്യത സര്‍ക്കാര്‍ഏറ്റെടുക്കുമെന്ന ചട്ടത്തിലാണ് പെന്‍ഷന്‍ വിതരണത്തിനു മാത്രമായി ഈ കമ്പനി സര്‍ക്കാര്‍ തുടങ്ങിയത് . കടമെടുത്താണെങ്കിലും കാര്യങ്ങള്‍ സ്മൂത്തായി പോകുമ്പോഴാണ് കേന്ദ്രത്തിന്‍റെ പിടി വീഴുന്നത്. കിഫ്ബിയുടെ വായ്പ പോലെ  സോഷ്യല്‍ സെക്യുരിറ്റീസ് പെന്‍ഷന്‍ ലിമിറ്റഡിന്‍റെ വായ്പയും കേരളത്തിന്‍റെ ബാധ്യതയായി കണക്കാക്കുമെന്നാണ് കേന്ദ്രത്തിന്‍റെ നിലപാട്. അതായത് സംസ്ഥാനത്തിന്‍റെ കടമായി പെന്‍ഷന്‍ വായ്പയെ കൂടി ഉള്‍പ്പെടുത്തുമെന്നും  ആ ബാധ്യത കൂടി കണക്കാക്കി മാത്രമേ സര്‍ക്കാരിന് ഇനി പുതിയ വായ്പ അനുവദിക്കൂവെന്ന നിലപാടിലാണ് കേന്ദ്രം. സംസ്ഥാന സര്‍ക്കാരാകട്ടെ ഇത് അംഗീകരിക്കുന്നുമില്ല.   

സര്‍ക്കാരിന്‍റെ ഗ്യാരന്‍റിയുള്ളതു കൊണ്ടാണ് പെന്‍ഷന്‍ കമ്പനിക്ക് ഇപ്പോള്‍ വായ്പ കിട്ടുന്നത്. സര്‍ക്കാര്‍ ഈ ഉത്തരവാദിത്വത്തില്‍ നിന്നു പിന്മാറിയാല്‍ വായ്പ നല്‍കാന്‍ ആളുണ്ടാകില്ല. പെന്‍ഷനുകള്‍ മുടങ്ങും. എന്നാല്‍ പെന്‍ഷന്‍റെ പേരില്‍ നിലവിലുള്ള 10848 കോടി രൂപയുടെ കടം സര്‍ക്കാരിന്‍റെ കടമായി അംഗീകരിച്ചാല്‍ മറ്റാവശ്യങ്ങള്‍ക്ക് കേരളം എടുക്കുന്ന വായ്പയില്‍ കുറവ് വരും. കേന്ദ്ര നിലപാട് തിരുത്തണമെന്ന് കേരളം ആവശ്യപ്പെടുന്നുണ്ടെങ്കിലും  സംസ്ഥാനത്തിന്‍റെ മോശം സാമ്പത്തിക മാനേജജ്മെന്‍റും ദിനം പ്രതി പെരുകുന്ന  കടവും ചൂണ്ടിക്കാട്ടി കേന്ദ്രം അക്കാര്യം അംഗീകരിക്കുന്നില്ല. ഫലത്തില്‍  കേരളത്തിന്‍റെ കടമെടുപ്പില്‍ കേന്ദ്രം വരുത്തിയ നിയന്ത്രണങ്ങള്‍ പുനപരിശോധിച്ചില്ലെങ്കില്‍ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക്  സംസ്ഥാനം പോകും. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുഖ്യമന്ത്രിക്ക് മറുപടിയുമായി രമേശ് ചെന്നിത്തല; 'പിടി കുഞ്ഞുമുഹമ്മദിനെതിരായ പരാതി രണ്ടാഴ്ച കയ്യിൽ വെച്ചിട്ടാണ് ഈ വീമ്പു പറച്ചിൽ'
എൽഡിഎഫും യുഡിഎഫും സഖ്യം ഉണ്ടാക്കിയിരിക്കുന്നത് തീവ്രവാദ ശക്തികളുമായി, എൻഡിഎക്ക് ശക്തമായ മുന്നേറ്റമുണ്ടാകും; കെ സുരേന്ദ്രൻ