കോണ്‍ഗ്രസിന്‍റെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക വൈകുന്നു. രാത്രിയിൽ നടന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ കേരളത്തിലെ സീറ്റുകളിൽ ധാരണയായില്ല. പാനലിട്ട സീറ്റുകളിൽ നേതാക്കള്‍ തമ്മിൽ തര്‍ക്കം രൂക്ഷമാണ്. യോഗത്തിൽ കെസി വേണുഗോപാലും വിഡി സതീശനും കടുത്ത നിലപാട് തുടരുകയാണ്.കൊച്ചി, ഇടുക്കി സീറ്റുകളിലാണ് നേതാക്കള്‍ തമ്മിൽ തര്‍ക്കമുള്ളത്.

ദില്ലി: കോണ്‍ഗ്രസിന്‍റെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക വൈകുന്നു. രാത്രിയിൽ നടന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ കേരളത്തിലെ സീറ്റുകളിൽ ധാരണയായില്ല. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി രാത്രിയിലും ചേരുകയാണ്. പാനലിട്ട സീറ്റുകളിൽ നേതാക്കള്‍ തമ്മിൽ തര്‍ക്കം രൂക്ഷമാണ്. യോഗത്തിൽ കെസി വേണുഗോപാലും വിഡി സതീശനും കടുത്ത നിലപാട് തുടരുകയാണ്. കൊച്ചി, ഇടുക്കി സീറ്റുകളിലാണ് നേതാക്കള്‍ തമ്മിൽ തര്‍ക്കം രൂക്ഷമായി തുടരുന്നത്. കൊച്ചി സീറ്റിൽ ഡിസിസി പ്രസിഡന്‍റ് മുഹമ്ദ് ഷിയാസിനായി വിഡി സതീശനും ദീപ്തി മേരി വര്‍ഗീസിനായി കെസി വേണുഗോപാലും കടുംപിടിത്തം തുടരുകയാണെന്നാണ് വിവരം. കോന്നി സീറ്റിലും തര്‍ക്കം നിലനിൽക്കുന്നുണ്ട്.

സെന്‍ട്രൽ ഇലക്ഷൻ കമ്മിറ്റി യോഗത്തിലും തര്‍ക്കം തുടരുകയാണ്. തര്‍ക്കം തീരാത്തതിൽ രാഹുൽ ഗാന്ധിയും കടുത്ത അതൃപ്തിയിലാണ്. കണ്ണൂര്‍ സീറ്റിന്‍റെ കാര്യത്തിലും തീരുമാനമായിട്ടില്ല. കെ സുധാകരന്‍റെയും അടൂര്‍ പ്രകാശിന്‍റെയും കാര്യത്തിലടക്കം തീരുമാനമായിട്ടില്ല. തീരുമാനമാകാതായതോടെ പുറത്തുപോയി ചര്‍ച്ച ചെയ്ത് തീരുമാനം അറിയിക്കാൻ രാഹുൽ ഗാന്ധി നേതാക്കളോട് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അസം അടക്കമുള്ള സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് സെന്‍ട്രൽ ഇലക്ഷൻ കമ്മിറ്റി കടക്കുകയായിരുന്നു. 

സുധാകരൻ മത്സരിക്കുന്നതിനെ ചോദ്യം ചെയ്ത് ഖര്‍ഗെ, രാത്രി വൈകി യോഗം

സുധാകരനെ മത്സരിപ്പിക്കാനുള്ള നീക്കം യോഗത്തിൽ ഖര്‍ഗെ സിഇസി യോഗത്തിൽ ചോദ്യം ചെയ്തു. സുധാകരന്‍റെ സമ്മർദ്ദം നേതാക്കള്‍ യോഗത്തിൽ വിശദീകരിച്ചു. സുധാകരൻ മത്സരിക്കുന്നതിൽ സിഇസിയിൽ ഖർഗെ അനുമതി നൽകിയില്ലെന്നാണ് സൂചന. എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന നിലപാടിൽ ഖര്‍ഗെ ഉറച്ചുനിൽക്കുകയായിരുന്നു. കണ്ണൂരിൽ പരിഗണിക്കാവുന്ന മറ്റു പേരുകളും സംസ്ഥാന നേതാക്കള്‍ നൽകി. കേരളത്തിലെ പട്ടിക അന്തിമമാക്കാൻ നേതാക്കൾ മല്ലികാർജുൻ ഖർഗെയുടെ വസതിയിലെത്തി രാത്രിയിൽ യോഗം ചേരുകയാണ്. സിഇസി അംഗങ്ങളും ഖര്‍ഗെയുടെ വസതിയിലെത്തി. സിഇസി യോഗത്തിനുശേഷമാണിപ്പോള്‍ രാത്രി വൈകി മല്ലികാര്‍ജുൻ ഖര്‍ഗെയുടെ വീട്ടിൽ പ്രത്യേക യോഗം ചേരുന്നത്. കെസി വേണുഗോപാൽ, വിഡി സതീശൻ അടക്കമുള്ള നേതാക്കളും ഖര്‍ഗെയുടെ വസതിയിലെത്തിയിട്ടുണ്ട്. രാഹുൽ ഗാന്ധിയും ഖര്‍ഗെയുടെ വീട്ടിലെത്തി.

YouTube video player