ചികിത്സയ്ക്കായി കോടിയേരി വിദേശത്തേക്ക്: താത്കാലിക സെക്രട്ടറി ഇല്ലെന്ന് സിപിഎം

By Web TeamFirst Published Dec 5, 2019, 11:36 AM IST
Highlights

കോടിയേരി വിട്ടു നില്‍ക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര കമ്മിറ്റി അംഗമായ എംവി ഗോവിന്ദന് സംസ്ഥാന സെക്രട്ടറിയുടെ താത്കാലിക ചുമതല നല്‍കിയേക്കുമെന്നും അതല്ല മന്ത്രിസഭ പുനസംഘടന നടത്തി ഇപി ജയരാജനെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് കൊണ്ടു വരുമെന്നും അഭ്യൂഹങ്ങളുണ്ട്. 

തിരുവനന്തപുരം: വിദഗ്ദ്ധചികിത്സയ്ക്കായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി വിദേശത്തേക്ക് പോകുന്ന സാഹചര്യത്തില്‍ പാര്‍ട്ടി താത്കാലിക സെക്രട്ടറിയെ നിയമിച്ചേക്കുമെന്ന വാര്‍ത്തകള്‍ തള്ളി സിപിഎം. കോടിയേരി പാര്‍ട്ടി വേദികളില്‍ നിന്നും വിട്ടു നില്‍ക്കുന്ന സാഹചര്യത്തില്‍ ദൈനംദിന കാര്യങ്ങള്‍ക്കായി സെക്രട്ടറിയുടെ താത്കാലിക ചുമതല മറ്റൊരാള്‍ക്ക് നല്‍കിയേക്കും എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടിയില്‍ നിന്നും അവധി തേടിയതായും വാര്‍ത്തകളുണ്ടായിരുന്നു

എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തു വിട്ട വാര്‍ത്തക്കുറിപ്പില്‍ പറയുന്നു. . കോടിയേരി വിട്ടു നില്‍ക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര കമ്മിറ്റി അംഗമായ എംവി ഗോവിന്ദന് സംസ്ഥാന സെക്രട്ടറിയുടെ താത്കാലിക ചുമതല നല്‍കിയേക്കുമെന്നും അതല്ല മന്ത്രിസഭ പുനസംഘടന നടത്തി ഇപി ജയരാജനെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് കൊണ്ടു വരുമെന്നും അഭ്യൂഹങ്ങളുണ്ട്. 

അതിനിടെ  സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിര്‍ണായക ചര്‍ച്ചകള്‍ തുടരുന്നതായാണ് പുറത്തു വരുന്ന വിവരം. ജപ്പാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ന് പുലര്‍ച്ചെ തിരിച്ചെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എകെജി സെന്‍ററില്‍ കൂടിക്കാഴ്ച നടത്തി. മന്ത്രി എകെ ബാലനും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി വേദികളില്‍ നിന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. പിണറായി മന്ത്രിസഭയില്‍ ഉടനെ പുനസംഘടനയുണ്ടാക്കുമെന്ന് വാര്‍ത്ത ഏജന്‍സി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

click me!