
പത്തനംതിട്ട: ഗവിയിൽ വനം വകുപ്പ് വനിത വാച്ചറെ പീഡിപ്പിക്കാൻ ശ്രമിച്ച ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസറെ കസ്റ്റഡിയിലെടുക്കാൻ കഴിയാതെ പൊലീസ്. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ്രതിയെ പറ്റി പൊലീസിന് സൂചന ലഭിച്ചിട്ടില്ല. കഴിഞ്ഞ മാസം ഇരുപത്തിയഞ്ചാം തിയതിയാണ് പെരിയാർ കടുവ സങ്കേതത്തിലെ ഗവി ഫോറസ്റ്റ് സ്റ്റേഷനിൽ വച്ച് ഡെപ്യൂട്ടി ഫോറസ്റ്റ് റെയ്ഞ്ചർ മനോജ് ടി മാത്യു വനിത വാച്ചറെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചത്. വനം വകുപ്പ് കൈമാറിയ പരാതിയെ തുടർന്ന് 28 ന് മൂഴിയാർ പൊലീസ് കേസെടുത്തു. ഇതിന് പിന്നാലെയാണ് പ്രതി മനോജ് ടി മാത്യു ഒളിവിൽ പോയത്. പരാതിക്കാരിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ പൊലീസ് ലൈംഗിക ആതിക്രമത്തിന് പുറമെ പട്ടിക ജാതി പട്ടിക വർഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
എന്നാൽ മൂഴിയാർ പൊലീസിന്റെ അന്വേഷണത്തിൽ ഇതുവരെ പ്രതിയെ പറ്റി സൂചന കിട്ടിയിട്ടില്ല. മനോജ് ടി മാത്യു ഒളിവിൽ പോയെന്ന് സംശയിക്കുന്ന ഇടുക്കിയിലെ ചില സ്ഥലങ്ങളിൽ പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഇയാളെ ഒളിവിൽ പോകാൻ സഹായിച്ചതായി സംശയിക്കുന്ന ഒരാളെ ചോദ്യം ചെയ്യുകയും ചെയ്തു.
ഇതിനിടെ കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങൾ അണിയറയിൽ സജീവമാണ്. വനം വകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെ സഹാത്തോടെയാണ് ഇത് നടക്കുന്നത്. പൊലീസ് കേസെടുത്തതിന് പിന്നാലെ ഇടുക്കിയിലെ വള്ളക്കടവ് ചെക്പോസ്റ്റിലൂടെ ചില വനം വകുപ്പ് ഉദ്യോഗസ്ഥരും മനോജ് ടി മാത്യുവിന്റെ ബന്ധുക്കളും ഗവിയിലേക്ക് എത്തിയിരുന്നു. സാധാരണ ഗതിയിൽ വള്ളക്കടവ് വഴി സ്വകാര്യ വാഹനങ്ങൾ കയറ്റി വിടാറില്ലെന്നിരിക്കെയാണ് ഇത് സാധ്യമായത്.
ആദിവാസി വാച്ചറെ പീഡിപ്പിക്കാൻ ശ്രമിച്ച വനംവകുപ്പ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു
ആദിവാസി വിഭാഗത്തിൽപ്പെട്ട പരാതിക്കാരിയെ ഭീഷണിപ്പെടുത്താനുള്ള ശ്രമവും നടക്കുന്നുണ്ട്. പരാതി പിൻവലിക്കണമെന്നാണ് പ്രധാന ആവശ്യം. എന്നാൽ പത്തനംതിട്ടയിലെ ആദിവാസി സംഘടനകളുടെ പിന്തുണയോടെ നിയമ നടപടി തുടരനാണ് വനിത വാച്ചറുടെ തീരുമാനം. ആരോപണവിധേയനായ ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam