വോട്ടെടുപ്പിന് മഴ ഭീഷണിയില്ല; സംസ്ഥാനത്ത് തുലാവര്‍ഷം ദുര്‍ബലം, കാസര്‍കോട് ഒഴികെ ഭൂരിഭാഗം ജില്ലകളിലും മഴ കുറവ്

By Web TeamFirst Published Dec 6, 2020, 12:30 PM IST
Highlights

ഒക്ടോബര്‍ ഒന്നുമുതല്‍  ഡിസംബര്‍ 31 വരെയാണ് സംസ്ഥാനത്ത് തുലാവര്‍ഷമായി കണക്കാക്കുന്നത്. എന്നാല്‍ ഇത്തവണ കാലവര്‍ഷത്തിന്‍റെ പിന്‍മാറ്റവും തുലാവര്‍ഷത്തിന്‍റെ വരവും വൈകി. 

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിന് മഴ ഭീഷണിയാകില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍. തുലാവര്‍ഷം ദുര്‍ബലമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇതുവരെ 30 ശതമാനം മഴ കുറവാണ് രേഖപ്പെടുത്തിയത്. ഒക്ടോബര്‍ ഒന്നുമുതല്‍  ഡിസംബര്‍ 31 വരെയാണ് സംസ്ഥാനത്ത് തുലാവര്‍ഷമായി കണക്കാക്കുന്നത്. എന്നാല്‍ ഇത്തവണ കാലവര്‍ഷത്തിന്‍റെ പിന്‍മാറ്റവും തുലാവര്‍ഷത്തിന്‍റെ വരവും വൈകി. ഒക്ടോബര്‍ അവസാന വാരത്തോടെയാണ് സംസ്ഥാനത്ത് തുലാവര്‍ഷം എത്തിയത്.

ഇന്ത്യന്‍ മഹാസമുദ്രോപരിതലത്തിലെ  താപനില അനുകൂലമല്ലാത്തതും , കിഴക്കന്‍ കാറ്റിനെ സ്വാധീനിക്കുന്ന ലാനിന സജീവമാകാത്തതും തുലാവര്‍ഷത്തിലെ മഴ കുറയാന്‍ കാരണമായി. ബുറേവി ഈ കുറവ് നികത്തുമെന്ന് കരുതിയെങ്കിലും, കാറ്റ് ഭീഷണി ഒഴിഞ്ഞതോടെ മഴ വീണ്ടും കുറഞ്ഞു. അറബിക്കടലില്‍ ലക്ഷദ്വീപിന് സമീപം അന്തരീക്ഷചുഴി രൂപപ്പെട്ടിട്ടുണ്ട്.

കേരളത്തെ ബാധിക്കില്ലെന്നാണ് വിലിയിരുത്തല്‍. തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും നാളെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. പക്ഷെ വോട്ടുപ്പ് ദിനമായ മറ്റന്നാള്‍ ഒരു ജില്ലയിലും മഴ ജാഗ്രത മുന്നറിയിപ്പില്ല. അടുത്ത രണ്ടാഴ്ച ശരാശരി മഴ മാത്ര സംസ്ഥാനത്ത് ലഭിക്കാന്‍ സാധ്യതയുള്ളുവെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.


 

click me!