പിണറായി വിജയനെതിരെ 'പ്രതീകാത്മക ലുക്കൗട്ട് നോട്ടീസ്' ഇറക്കി മുസ്‍ലിം യൂത്ത് ലീഗ് പ്രതിഷേധം
യുഎഇ കോണ്‍സുലേറ്റിലെ നയതന്ത്ര ബാഗേജ് വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ സ്വപ്ന സുരേഷിന്‍റെ പുതിയ വെളിപ്പെടുത്തലിന് പിന്നാലെ വന്‍ പ്രതിഷേധമാണ് സംസ്ഥാനമൊട്ടുക്കും ഉയര്‍ന്നത്. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ ഗുരുതരമായ ആരോപണം ഉയര്‍ന്നെങ്കിലും മുഖ്യമന്ത്രി പ്രതികരിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് യൂത്ത് ലീഗ് പരിഹാസ രൂപേണ പിണറായി വിജയന്‍റെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. ലുക്ക് ഔട്ട് നോട്ടീസുമായി മുസ്‍ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ജില്ലാ പൊലീസ് ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തി. കണ്ണൂരില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ വിപിന്‍ മുരളി.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സംസ്ഥാനമൊട്ടുക്കും പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുകയാണ്. ഇന്നലെ ജില്ലാ ആസ്ഥാനങ്ങളിലേക്ക് കോണ്‍ഗ്രസ് നടത്തിയ പ്രകടനങ്ങള്‍ അക്രമാസക്തമായിരുന്നു.
കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പലയിടത്തും ബിരിയാണി ചെമ്പ് പാത്രങ്ങള്‍ പൊലീസിന് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വലിച്ചെറിഞ്ഞു. കണ്ണൂരില്‍ പൊലീസിന് നേരെ ചെരിപ്പേറുമുണ്ടായി.
കണ്ണൂർ ജില്ലാ പോലീസ് ആസ്ഥാനത്തിന് മുമ്പിൽ ഇന്ന് രാവിലെ മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പിണറായി വിജയന്‍റെ ലുക്ക് ഔട്ട് നോട്ടീസ് പതിച്ചു. പ്രവര്‍ത്തകര്‍ പ്രകടനമായി ചെന്നാണ് ബാരിക്കേഡുകൾക്ക് മുന്നിൽ നോട്ടീസ് പതിച്ചത്.
കോട്ടയത്ത് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍റെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയത്. മുഖ്യമന്ത്രിയുടെ വാഹനം പോകുന്ന വഴിയില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളെല്ലാം പൊലീസ് എടുത്തുമാറ്റി.
മുഖ്യമന്ത്രി താമസിച്ചിരുന്ന നാട്ടകം ഗസ്റ്റ് ഹൗസിൽ നിന്ന് മാമ്മൻ മാപ്പിള മെമ്മോറിയൽ ഹാളിലേക്ക് അദ്ദേഹത്തിന്‍റെ വാഹനം കടന്ന് പോകുന്ന വഴിക്ക് ഒന്നര മണിക്കൂർ മുമ്പേ പൊതുജനത്തിന്‍റെ വാഹനങ്ങൾ തടഞ്ഞു.
മണിക്കൂറുകളോളം വാഹനം തടഞ്ഞതോടെ വഴിയാത്രക്കാരും പൊലീസും തമ്മിൽ തർക്കമുണ്ടായി. കറുത്ത മാസ്ക് ധരിച്ച് റോഡില്‍ പോയവരെയും പോലീസ് പ്രദേശത്ത് നിന്ന് മാറ്റിയ പൊലീസ് മുഖ്യമന്ത്രി പോകുന്ന വഴിയില്‍ ആരും കറുത്ത മാസ്ക് ധരിച്ച് യാത്ര ചെയ്യരുതെന്നും ആവശ്യപ്പെട്ടു.
മാധ്യമ പ്രവര്‍ത്തകര്‍ക്കും മുഖ്യമന്ത്രിയെ കാണാന്‍ വിലക്കുണ്ട്. സമ്മേളന നഗരിയില്‍ പോലും മാധ്യമപ്രവര്‍ത്തകര്‍ക്ക് പാസ് ഏര്‍പ്പെട്ടുത്തിയിട്ടുണ്ട്. വേദിയില്‍ നിന്നും അര കിലോ മീറ്റര്‍ അകലെ നിന്ന് മാത്രമാണ് മുഖ്യമന്ത്രിയുടെ ദൃശ്യങ്ങളെടുക്കാന്‍ അനുമതിയുള്ളത്.
നാട്ടകം ഗസ്റ്റ് ഹൌസിന് മുന്നില്‍ നിന്നും മാധ്യമങ്ങളെ പൊലീസ് മാറ്റിയിരുന്നു. കേരളത്തില്‍ ആദ്യമായാണ് ഒരു മുഖ്യമന്ത്രിക്കായി ഇത്രയേറെ സുരക്ഷയൊരുക്കുന്നത്. നഗരത്തിലെ പ്രധാന റോഡുകളെല്ലാം മുന്നറിയിപ്പില്ലാതെ പൊലീസ് അടച്ചു. മുഖ്യമന്ത്രി വരുന്നതിനും ഒന്നേകാൽ മണിക്കൂർ മുമ്പേയായിരുന്നു റോഡുകൾ അടച്ചത്.
പൊലീസ് ഒരുക്കിയ കനത്ത സുരക്ഷയ്ക്കിടിയില്‍, സ്വര്‍ണ്ണ - ഡോളര്‍ കടത്ത് ആരോപണ പ്രത്യാരോപണങ്ങൾക്കിടെ വിവാദങ്ങൾക്ക് പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി.
എന്തും വിളിച്ച് പറയുന്നവരുടെ പിന്നിൽ ഏതു കൊലകൊമ്പനായാലും കണ്ടുപിടിക്കുമെന്നാണ് മുഖ്യമന്ത്രി കോട്ടയത്ത് അവകാശപ്പെട്ടത്. സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങളെ പേരെടുത്ത് പറയാതെ പരോക്ഷമായായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
'വിരട്ടാനൊന്നും നോക്കേണ്ട. ഏതു തരത്തിലുള്ള പിപ്പിടി കാട്ടിയാലും അതൊന്നും ഏശില്ല. തുടർ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകും'. നവകേരളം സൃഷ്ടിക്കലാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
'2021 ൽ വലിയ പടയൊരുക്കവും നുണ പ്രചാരണത്തിന്‍റെ മലവെള്ളപാച്ചിലുമുണ്ടായി. പ്രചരണത്തിന് നാട്ടിലെ നല്ല ഭാഗം പത്ര ദൃശ്യ മാധ്യമങ്ങളും കൂടി. പക്ഷേ ജനങ്ങൾ ഞങ്ങളെ മനസിലാക്കി. നിങ്ങൾ 99 സീറ്റിൽ ഭരണം നടത്താൻ, ജനങ്ങൾ ആവശ്യപ്പെട്ടുർ'. ഞങ്ങളത് ശിരസാ വഹിക്കുകയാണെന്നും' മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.